കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്ന ബിൽ കാലിഫോർണിയ തള്ളി 

കുമ്പസാര രഹസ്യം പുറത്തുപറയണം എന്ന നിയമം കാലിഫോർണിയ പിൻവലിച്ചു. കാലിഫോർണിയൻ സെനറ്റ് ബിൽ 360 കാലിഫോർണിയൻ അസംബ്ലിയുടെ പബ്ലിക് സേഫ്റ്റി കമ്മിറ്റിയാണ് പിൻവലിച്ചത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് സംബന്ധിച്ച ബിൽ ചർച്ചയ്ക്കു വച്ചിരുന്നതാണ്. എന്നാല്‍, ഈ ചർച്ചയ്ക്ക് ബില്‍ എത്തുന്നതിനു മുമ്പുതന്നെ സെനറ്റർ ബിൽ പിൻവലിക്കുകയാണ് ചെയ്തത്.

ഇങ്ങനെ ഒരു ബിൽ കൊണ്ടുവന്നതു മുതൽ കത്തോലിക്കാ വിശ്വാസികളും സഭയും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു ലക്ഷത്തോളം കത്തോലിക്കർ ഈ ബിൽ പിന്‍വലിക്കുവാൻ നിവേദനം സമർപ്പിച്ചിരുന്നു. കൂടാതെ, വത്തിക്കാനും ഇത്തരമൊരു ബില്ലിനെ അംഗീകരിക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതും ബിൽ പിൻവലിക്കുവാൻ കാരണമായി.

ബിഷപ്പുമാരും വൈദികരും മരിക്കേണ്ടി വന്നാൽപ്പോലും കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ തയ്യാറാകില്ല എന്ന തീരുമാനമെടുത്തത് വളരെ നിർണ്ണായകമായ ഒന്നായിരുന്നു. ഈ കൂദാശയുടെ വിശുദ്ധിയ്ക്കായി നിലനിന്നവരുടെ വിജയമാണ് ഇതെന്ന് വിശ്വാസികൾ വെളിപ്പെടുത്തി. ബിൽ പിന്തള്ളിയ തീരുമാനത്തെ ഏറെ സന്തോഷാത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്.