കോവിഡ് കാലത്ത് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പുതിയ മാർഗ്ഗം കണ്ടെത്തിയ കാലിഫോർണിയൻ ഇടവക

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദൈവാലയങ്ങൾ പലതും അടച്ചിട്ടു. ആളുകൾ പരമാവധി വീടുകളിൽ തന്നെയിരുന്നു. എന്നാൽ, വിശ്വാസികൾക്ക് സുരക്ഷിതമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് കാലിഫോർണിയയിലെ കത്തീഡ്രൽ ഓഫ് ബ്ലെസ്ഡ് സാക്രമെന്റ് ഇടവക ഒരു മാർഗ്ഗം കണ്ടെത്തി. അതുവഴി ഞായറാഴ്ചകളിൽ ആദ്യത്തെ കുർബാനയിൽ പോലും നൂറിലധികം പേർക്ക് പങ്കെടുക്കുവാന്‍ കഴിഞ്ഞു. പല രാജ്യങ്ങളും ദൈവാലയങ്ങള്‍ അടച്ചിട്ടപ്പോൾ ദൈവാലയത്തിനു പുറത്തുവച്ച് വിശുദ്ധ കുർബാന നടത്തുന്നതിനുള്ള മാർഗ്ഗം കണ്ടെത്തിയ ഈ ഇടവകയ്ക്ക് കോവിഡ് മൂലം വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിർത്തിവയ്‌ക്കേണ്ട വന്നില്ല. എങ്ങനെയെന്നല്ലേ? വായിക്കാം…

സാക്രമെന്റോയിൽ കോവിഡ് നിബന്ധനകൾ നിലനിൽക്കുമ്പോഴും ദൈവാലയങ്ങൾക്കു പുറത്തുവച്ച് വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുവാദം ഉണ്ടായിരുന്നു. രൂപതയും അതിന് അനുമതി നൽകി. അങ്ങനെ തുടങ്ങിയ വിശുദ്ധ കുർബാനയിൽ നൂറോളം വിശ്വാസികൾ വിശുദ്ധ കുർബാനയ്ക്കണഞ്ഞു. മാസ്ക് ധരിച്ചും അകലം പാലിച്ചും, കുര്‍ബാനയ്ക്കായി തയ്യാറാക്കിയ ഇടങ്ങളിൽ അവർ നിന്നു. അവർക്കായി വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് വൈദികൻ നിന്നത് മൂന്ന് നിലകളുള്ളതും ദൈവാലയത്തിൽ തീപിടിത്തമുണ്ടായാൽ രക്ഷപെടാനായി സ്ഥാപിച്ചിരുന്നതുമായ സ്റ്റെയർ കേസിനു മുകളിലാണ്; ഉയരത്തിൽ അൾത്താര ക്രമീകരിച്ചു കൊണ്ടുള്ള ബലിയർപ്പണം.

കത്തീഡ്രലിന്റെ റെക്ടറായ മൈക്കൽ ഓ റെയ്‌ലി ആണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. ഉയരത്തെ വളരെ പേടിയോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എങ്കില്‍ത്തന്നെയും തന്നെ ഏല്പിച്ചിരിക്കുന്ന അജഗണങ്ങളോടുള്ള തന്റെ കടമയുടെ പൂർത്തീകരണത്തിനായി ആ റിസ്ക് ഏറ്റെടുക്കുവാൻ അദ്ദേഹം തയ്യാറാവുകയായിരുന്നു. ദൈവാലയത്തിനകത്തെ ആത്മീയ അന്തരീക്ഷം നഷ്ടമാകുന്നുണ്ട് എങ്കിലും ഈ കൊറോണ കാലത്തും വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചതിൽ ദൈവത്തിനു നന്ദി പറയുകയാണ് വിശ്വാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.