‘സഭ സന്തോഷത്താൽ ജയിക്കട്ടെ’ – രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 60-ാം വാർഷികത്തിൽ മാർപാപ്പ

രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചതിന്റെ അറുപതാം വാർഷികത്തിൽ, വിമർശനങ്ങളും കോപവും ഉപേക്ഷിച്ച് വിശ്വാസത്തിൽ, സന്തോഷത്തോടെ ജീവിക്കാൻ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഒക്‌ടോബർ 11-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കുർബാനക്കിടെയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

“സഭ സന്തോഷത്താൽ ജയിക്കട്ടെ. നമ്മിൽ എത്ര പേർക്ക് പിറുപിറുക്കാതെയും വിമർശിക്കാതെയും വിശ്വാസത്തിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ല? യേശുവിനെ സ്നേഹിക്കുന്ന ഒരു സഭക്ക് വഴക്കുകൾക്കും ഗോസിപ്പുകൾക്കും തർക്കങ്ങൾക്കും സമയമില്ല. വിമർശനം, അസഹിഷ്ണുത, പരുഷത, കോപം എന്നിവയിൽ നിന്ന് ദൈവം നമ്മെ മോചിപ്പിക്കട്ടെ. ഇത് സ്റ്റൈലിന്റെ കാര്യമല്ല; പ്രണയത്തിന്റെ കാര്യമാണ്. സ്നേഹിക്കുന്നവർക്ക്, അപ്പോസ്തലനായ പൗലോസ് പഠിപ്പിക്കുന്നതു പോലെ, പിറുപിറുക്കാതെ എല്ലാം ചെയ്യുക” – പാപ്പാ ഓർമ്മിപ്പിച്ചു.

1962 ഒക്‌ടോബർ 11-ന് വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചത്. ഇതിന്റെ 60-ാം വാർഷികത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിക്കുകയായിരുന്നു പാപ്പാ. 1965 ഡിസംബർ എട്ട് വരെയായായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. ഒക്ടോബർ 11-ന് വി. ജോൺ ഇരുപത്തിമൂന്നാമന്റെ തിരുനാൾ ദിനമായും കത്തോലിക്കാ സഭയിൽ ആഘോഷിക്കുന്നു.

വിശ്വാസികൾക്കിടയിൽ ഭിന്നിപ്പിന്റെ കളകൾ വിതയ്ക്കുന്ന പിശാചിന്റെ തന്ത്രത്തെക്കുറിച്ചും ഫ്രാൻസിസ് കത്തോലിക്കർക്ക് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.