
രണ്ടു വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല വിവാഹം. അവരുടെ മധ്യത്തിലേക്കുള്ള ദൈവത്തിന്റെ കടന്നു വരവ് കൂടിയാണ് അത്. അപ്പോഴേ വിവാഹ ജീവിതം മാധുര്യമുള്ളതാകൂ. സ്പെയിനിൽ നിന്നുള്ള യുവ ദമ്പതികളായ മോനിക്കയുടെയും എഡ്വാർഡോയുടെയും ശബ്ദം റോമിലെ കുടുംബങ്ങൾക്കായുള്ള സമ്മേളനത്തിൽ മുഴങ്ങി. പരസ്പരം പുഞ്ചിരി നൽകി അവർ പങ്കുവച്ച ജീവിതാനുഭവങ്ങൾക്കു കുടുംബജീവിതത്തിൽ ദൈവത്തിനും കൗദാശിക ജീവിതത്തിനും നൽകേണ്ട പ്രാധാന്യവും അതുകൊണ്ടുള്ള നേട്ടങ്ങളും പ്രതിഫലിച്ചിരുന്നു.
“വിവാഹം എന്നത് രണ്ടുപേരുടെ കൂടിച്ചേരൽ മാത്രമല്ല. അവരുടെ ഇടയിലേക്കുള്ള ദൈവത്തിന്റെ കടന്നു വരവ് കൂടെയാണ്. ദമ്പതികളെ സംബന്ധിച്ചിടത്തോളം അവരുടെ അനുദിന ജീവിത സന്തോഷത്തിന്റെ താക്കോലുകളാണ് ഇരുവരും ചേർന്നുള്ള പ്രാർത്ഥന, ദിവസം അവസാനിക്കുമ്പോൾ പരസ്പരം ഉള്ള ക്ഷമാപണം, നന്ദി പറച്ചിൽ, കൂദാശകൾ, വിശുദ്ധ കുർബാന, കുമ്പസാരം എന്നിവ. ഓരോ കുമ്പസാരവും ജീവിതപങ്കാളിയോട് ഉള്ള എന്റെ ആദരവ് വർദ്ധിപ്പിക്കുന്നതിനും ഞാൻ എന്ന ഭാവം മാറ്റി എന്റെ പങ്കാളിയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനും സഹായിക്കുന്നു. ഈ ഒരു മനോഭാവത്തിലേയ്ക്ക് എത്തുവാൻ വ്യക്തിപരമായ പ്രാർത്ഥനയും ദമ്പതികൾ ചേർന്നുള്ള പ്രാർത്ഥനയും ആവശ്യമാണ്” മോണിക്ക വെളിപ്പെടുത്തുന്നു.
എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൈവം നിങ്ങളോടൊപ്പം ഉണ്ടെന്നും അവിടുത്തോട് ചേർന്ന് നിന്നാൽ ബാക്കി എല്ലാം ദൈവം നടത്തിക്കൊള്ളും എന്നും തിരിച്ചറിയുക. ഈ തിരിച്ചറിവ് നേരത്തെ ലഭിച്ചിരുന്നെങ്കിൽ താൻ കുറച്ചുകൂടെ നേരത്തെ വിവാഹം കഴിക്കുമായിരുന്നു എന്നും എഡ്വാർഡ് വെളിപ്പെടുത്തി.