നിക്കരാഗ്വയില്‍ ദൈവാലയത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ പോലീസ്; പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വൈദികന്‍  

നിക്കരാഗ്വയിലെ ഡാനിയേല്‍ ഒര്‍ട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ വാഴ്ചയെ തുടര്‍ന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ ഇടവക വികാരിയെക്കൊണ്ട് ദൈവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഓഗസ്റ്റ് 16 -ന് വൈദികനെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ആയിരുന്നു പോലീസ് വിശുദ്ധ കുര്‍ബാന ദൈവാലയത്തിന് പുറത്ത് നടത്താന്‍ നിര്‍ബന്ധിച്ചത്. മതഗല്‍പ്പ രൂപതയിലെ സാന്താ ലൂസിയ ഇടവകയിലാണ് സംഭവം.

പ്രാദേശിക സമയം പുലര്‍ച്ചെ 5:55 ന് പള്ളിയില്‍ എത്തിയ പോലീസ്, ഇടവക വികാരി ഫാ. വിസെന്റ് മാര്‍ട്ടിനെ കാത്ത് പുറത്ത് നിലയുറപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാവിലെ 6:30 ന് കുര്‍ബാനയ്ക്കായി ഒരു തവണ മണി മുഴങ്ങിയപ്പോള്‍ വിശ്വാസികളുടെ ഒരു വലിയ സംഘം വിശുദ്ധ കുര്‍ബാനക്കായി എത്തിയിരുന്നു. ദൈവാലയം തുറക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ഇടവക ദൈവാലയത്തിന് പുറത്ത് മേശ അള്‍ത്താരയാക്കി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. വിശ്വാസി സമൂഹവും അതില്‍ പങ്കുകൊണ്ടു. ‘ഒരുപാട് ആളുകള്‍ കരയുന്നുണ്ടായിരുന്നു, ധാരാളം ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ‘നിങ്ങള്‍ തനിച്ചല്ല’ എന്ന് പലരും ഉറക്കെ പറഞ്ഞു’. വിശുദ്ധ ബലിയില്‍ പങ്കുകൊണ്ട പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി പറയുന്നു.

ഫാത്തിമ മാതാവിന്റെ തീര്‍ത്ഥാടക രൂപം സ്വീകരിക്കാന്‍ മനാഗ്വയിലെ കത്തീഡ്രലിലേക്ക് പോകുന്നതില്‍ നിന്ന് മൂന്ന് വൈദികരെ പോലീസ് തടഞ്ഞു. വൈദികരില്‍ ഒരാള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് ട്രക്ക് പോലീസ് പരിശോധിച്ച് വാഹന രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് തെളിവുകളും ഡ്രൈവിംഗ് ലൈസന്‍സും കണ്ടുകെട്ടി. മറ്റൊരു വൈദികനെ അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് നാല് മുതല്‍ അഞ്ച് വൈദികര്‍, രണ്ട് സെമിനാരിക്കാര്‍, മൂന്ന് അല്മായര്‍ എന്നിവരോടൊപ്പം മതാഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരെസ് വീട്ടുതടങ്കലിലാണ്. ഈ വീട് പോലീസ് വളഞ്ഞിട്ടുണ്ട്. ഒപ്പം ഡ്രോണുകള്‍ ഉപയോഗിച്ച്  നിരീക്ഷണവും നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.