മുൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആദരവോടെ കാണുന്ന ആ സന്യാസിനി: പാവപ്പെട്ടവരുടെ സുഹൃത്തായ സി. മൃദുല

സി. സൗമ്യ DSHJ

ഏഴ് ആൺമക്കൾക്കു ശേഷമുണ്ടായ ഏകമകൾ മൃദുല മഠത്തിൽ പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ കുടുംബം ഒന്നടങ്കം അതിനെ എതിർത്തു. എന്നാൽ, ആ മകളെ സംബന്ധിച്ച ദൈവഹിതം മറ്റൊന്നായിരുന്നു! തന്റെ സന്യാസ സമർപ്പണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ് സി. മൃദുലയിപ്പോൾ. 2005-ൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആയിരുന്ന പി. വിജയൻ സാർ, കഴിഞ്ഞ ദിവസങ്ങളിൽ  തന്റെ ഫേസ് ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് മൃദുല എന്ന സന്യാസിനിയെപ്പറ്റി കൂടുതൽ അറിയുന്നത്. പേരുപോലെ തന്നെ മൃദുലമായ സംസാരവും പെരുമാറ്റവും. അതാണ് മദ്യപാനികളും കുറ്റവാളികളും പണക്കാരും പാവപ്പെട്ടവരും ഒരുപോലെ സിസ്റ്ററിന്റെ സുഹൃത്തുക്കളാകാൻ കാരണം. എസ്.ഡി സന്യാസിനീ സമൂഹാംഗമായ ഈ സന്യാസിനിയുടെ ജീവിതം അറിയാതെ പോകരുത്. എറണാകുളം – അങ്കമാലി അതിരൂപതയുടെ മുൻ സഹായമെത്രാൻ മാർ. തോമസ് ചക്യാത്തിന്റെ ഒരേയൊരു സഹോദരിയാണ് സമർപ്പണജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ട സി. മൃദുല ചക്യാത്ത് എസ്.ഡി.

ഏഴ് ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ മഠത്തിലേക്കോ?

അങ്കമാലി കറുകുറ്റിയിൽ ചെറുപ്പത്തിൽ കൂട്ടുകുടുംബമായിട്ടായിരുന്നു സി. മൃദുലയുടെ കുടുംബം താമസിച്ചിരുന്നത്. ഏഴ് ആങ്ങളമാർക്കു ശേഷമായിരുന്നു സിസ്റ്ററിന്റെ ജനനം. വീട്ടിലെ ഇളയ ആൾ. അതുകൊണ്ടുതന്നെ സിസ്റ്ററിന്റെ ചെറുപ്പത്തിൽ തന്നെ സഹോദരങ്ങൾ വിവാഹിതരായി. അവരുടെ ഭാര്യമാരും മക്കളും ഒക്കെയായി വളരെ വലിയ ഒരു കുടുംബമായിരുന്നു. സഹോദരങ്ങളുടെ മക്കൾ മുതിർന്ന ശേഷമാണ് ഇവർ മാറി താമസിക്കുന്നത്.

കർഷക കുടുംബമാണ് ഇവരുടേതെങ്കിലും കൂടെ ബിസിനസും നടത്തിയിരുന്നു. മൃദുല സിസ്റ്ററിന്റെ ചെറുപ്പത്തിൽ തന്നെ ഒരു സഹോദരൻ വൈദികനാകാൻ സെമിനാരിയിലേക്കും പോയി. അഞ്ചാമത്തെ ആ സഹോദരനാണ് ബിഷപ്പ് തോമസ് ചക്യാത്ത്. രണ്ടു പേരും തമ്മിൽ പന്ത്രണ്ടോളം വയസു വ്യത്യാസമുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നാത്തൂന്മാരുടെയൊക്കെ നിറഞ്ഞ വാത്സല്യത്തിലും സ്നേഹത്തിലുമായിരുന്നു സിസ്റ്ററിന്റെ ബാല്യകാലം.

കുറച്ചു മുതിർന്നപ്പോൾ, വീട്ടുകാർ പഠനാർത്ഥം സിസ്റ്ററിനെ ബോർഡിംഗിൽ കൊണ്ടുവിട്ടു. അവിടെ സിഎംസി സിസ്റ്റേഴ്സിന്റെ കൂടെ ആയിരുന്നു മൃദുല വളർന്നത്. ആ സിസ്റ്റേഴ്സിന്റെ പ്രത്യേക ശ്രദ്ധയും പ്രാർത്ഥനയും ഒക്കെ ചെറുപ്രായത്തിൽ ഏറെ അനുഭവിച്ചിട്ടുണ്ട്. പ്രാർത്ഥനയും പങ്കുവയ്ക്കലും ഒക്കെ വളർത്താൻ ധാരാളം അവസരങ്ങൾ വീട്ടിൽ നിന്നും ലഭിച്ചിരുന്നു.

പത്താം ക്‌ളാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് മഠത്തിൽ ചേരണമെന്ന ആഗ്രഹം സിസ്റ്ററിന് ഉണ്ടാകുന്നത്. പത്താം ക്‌ളാസിൽ മലയാളം സെക്കൻഡ് പേപ്പറിൽ ഒരു പാഠമുണ്ട്. ‘നശ്വരതയും അനശ്വരതയും’ എന്നാണ് ആ പാഠത്തിന്റെ പേര്. അന്നത്തെ ടീച്ചറും സിസ്റ്ററുമായിരുന്ന സി. ബിബിയാന സിഎംസി ആ പാഠം പഠിപ്പിക്കുമ്പോൾ നശ്വരതയെയും അനശ്വരതയെയും കുറിച്ച് സംസാരിച്ചു. അനശ്വരമായ ജീവിതത്തിനു വേണ്ടി തനിക്കും ജീവിതം സമർപ്പിക്കണമെന്ന് അന്നു മുതൽ സി. മൃദുല ആഗ്രഹിക്കാൻ തുടങ്ങി.

ഇക്കാര്യത്തിൽ വീട്ടിൽ നിന്നും സമ്മതം കിട്ടില്ല എന്ന പൂർണ്ണബോധ്യം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ, തന്റെ ആഗ്രഹത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞില്ല. അപ്പോഴാണ് പത്താം ക്‌ളാസിൽ വാർഷികധ്യാനം നയിക്കാൻ വന്ന ഫാ. ഫെറർ സിഎംഐ-യെ പരിചയപ്പെടുന്നത്. ആ ധ്യാനത്തിൽ വച്ച് തനിക്ക് ഒരു സന്യാസിനിയാകണം എന്ന തീരുമാനം സിസ്റ്റർ എടുത്തു. ഫാ. ഫെററിന്റെ അടുക്കൽ തന്റെ ആഗ്രഹം സിസ്റ്റർ അറിയിക്കുകയും ചെയ്തു. അച്ചൻ ആ പെൺകുട്ടിയുടെ തീരുമാനത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു.

അക്കാലത്താണ് സിസ്റ്റർ മൃദുലയുടെ സഹോദരൻ ബ്രദർ തോമസ് സെമിനാരിയിൽ നിന്നും ഉപരിപഠനത്തിനായി റോമിലേക്കു പോകുന്നത്. എയർപോർട്ടിൽ കൊണ്ടുവിടാൻ സിസ്റ്ററും കൂടെയുണ്ട്. അങ്കമാലി ‘മോർണിംഗ് സ്റ്റാർ’ കോളേജിന്റെ മുൻപിൽ കൂടിയാണ് യാത്ര. പോകുന്ന വഴി ബ്രദർ, തന്റെ സഹോദരിക്ക് കോളേജ് കാണിച്ചുകൊടുത്തു കൊണ്ടു പറഞ്ഞു: “നീ പഠിക്കേണ്ട കോളേജാണ് അത്.” കാരണം, വിവാഹത്തിനു മുൻപ് സഹോദരിയെ ഹോം സയൻസ് പഠിപ്പിക്കാനായിരുന്നു ആങ്ങളമാർ തീരുമാനിച്ചിരുന്നത്. കോളേജിന്റെ മുൻപിൽ ഒരു നിമിഷം കാർ നിറുത്തുകയും ചെയ്തു.

ആരോരുമില്ലാത്തവരെ പ്രത്യേകം സ്നേഹിക്കാൻ പഠിച്ചത് വീട്ടിൽ നിന്നും

തന്റെ മാതാപിതാക്കൾ പാവപ്പെട്ടവരോടും ആരോരുമില്ലാത്തവരോടും അലിവും സ്നേഹവും കരുണയുമൊക്കെ കാണിക്കുന്നതു കണ്ടാണ് സിസ്റ്റർ വളർന്നുവന്നത്. ആരും സഹായിക്കാനില്ലാത്ത രോഗികളെ കുളിപ്പിക്കുന്നതിനും അവർക്ക് ഭക്ഷണം കൊടുക്കുന്നതിനുമൊക്കെ അവർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

“ഖാദർ എന്ന ഒരു മനുഷ്യൻ വഴിതെറ്റി ഞങ്ങളുടെ ആ പ്രദേശത്തു കൂടെ നടക്കുമായിരുന്നു. എന്റെ വീട്ടിൽ നിന്നുമായിരുന്നു അദ്ദേഹത്തിന് എന്നും ഭക്ഷണം കൊടുത്തിരുന്നത്. കുളിക്കാതെ നടന്നിരുന്ന അയാളെ കുളിപ്പിക്കാൻ വീട്ടിലുള്ളവരും സഹായിച്ചിരുന്നു. അദ്ദേഹം അന്തിയുറങ്ങിയിരുന്നത് ഞങ്ങളുടെ കടത്തിണ്ണയിലും. വീട്ടുകാർ ഖാദറിനെ ശുശ്രൂഷിക്കുന്നതു കാണുമ്പോൾ എന്റെ മനസിനെയും അത് വളരെയധികം സ്വാധീനിച്ചിരുന്നു”.

“വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു അമ്മച്ചി വയ്യാതെ കിടപ്പിലായ സമയത്ത് എന്റെ വീട്ടിൽ നിന്നും അവരുടെ വീട്ടിൽ പോവുകയും അവരെ ശുശ്രൂഷിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അടുത്ത വീട്ടിൽ ആരെങ്കിലും അസുഖമായി കിടക്കുമ്പോൾ അവർക്കിഷ്ടമുള്ള കറികൾ അമ്മ ഉണ്ടാക്കുകയും, അപ്പൻ അതുമായി അവരുടെ വീട്ടിൽ പോയി, അവരെക്കൊണ്ട് ഭക്ഷണം കഴിപ്പിച്ചിട്ടേ തിരിച്ചുവരുമായിരുന്നുള്ളൂ” – സിസ്റ്റർ പറയുന്നു.

ഇത്തരം സംഭവങ്ങൾ സിസ്റ്റർ തന്റെ ചെറുപ്പത്തിൽ തന്നെ വീട്ടിൽ നിന്നും കേൾക്കുകയും കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാവാം എസ്.ഡി സന്യാസിനീ സമൂഹത്തിലേയ്ക്കാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നത് എന്ന ഒരു തോന്നൽ ഉണ്ടാകാൻ പ്രധാന കാരണം. എന്തെന്നാൽ, ഈ സന്യാസിനീ സമൂഹത്തിന്റെ പ്രധാന ശുശ്രൂഷാവേദി അഗതികളെ ശുശ്രൂഷിക്കുക എന്നതാണ്.

‘അവളുടെ ഇഷ്ടത്തിനു വിട്’ എന്ന മനസില്ലാമനസോടെയുള്ള സമ്മതം

അവസാനം, മഠത്തിൽ പോകണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു. പക്ഷേ, ആരും അതിനു സമ്മതിച്ചില്ല. അപ്പോൾ ഉണ്ടായിരുന്ന ഏക ആശ്രയം ഫെറർ അച്ചനായിരുന്നു. മഠത്തിൽ പോകാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് അച്ചനെ അറിയിച്ചു.

“എനിക്ക് ദൈവവിളി ഉണ്ടെന്ന് അച്ചൻ വീട്ടിലേക്ക് കത്തയച്ചു പറഞ്ഞു. എന്നിട്ടും സമ്മതം ലഭിക്കാതെ വന്നപ്പോൾ ഫെറർ അച്ചൻ എനിക്കൊരു കത്തെഴുതി. എന്നിട്ടു പറഞ്ഞു: ‘നീ റോമിൽ പഠിച്ചുകൊണ്ടിരിക്കുന്ന സഹോദരൻ തോമസ് അച്ചന് ഒരു കത്ത് എഴുതണം. എനിക്ക് ദൈവവിളി ഉണ്ടെന്ന് ഫാ. ഫെറർ പറഞ്ഞു എന്നും അതിൽ എഴുതണം.’ അങ്ങനെ കത്തെഴുതിയ ശേഷമാണ് എനിക്ക് ചെറിയ ഒരു അനുമതി പോലെ ‘അവളുടെ ഇഷ്ടത്തിനു വിട്’ എന്ന്  തോമസ് അച്ചന്റെ ഭാഗത്തു നിന്നുപോലും അനുകൂല നിലപാടുണ്ടായത്. അങ്ങനെയാണ് പിന്നീട് വീട്ടിൽ നിന്നും മഠത്തിൽ പോകാനുള്ള അനുവാദം ലഭിക്കുന്നത്. അന്നു മുതൽ ഇന്നു വരെ ജീവിതത്തിൽ പിന്തിരിഞ്ഞു നോക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. എന്റെ ദൈവവിളിയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് നൂറു ശതമാനം സംതൃപ്തിയാണ് ഉള്ളത്” – 50 വർഷം സമർപ്പണജീവിതം പിന്നിട്ട സിസ്റ്റർ വെളിപ്പെടുത്തുന്നു.

അയിത്തം നിലനിൽക്കുന്ന നാട്ടിലുള്ളവരുടെ ‘ഹൃദയം തൊട്ട’ സിസ്റ്റർ

ചങ്ങനാശേരിയിലെ ‘മേഴ്‌സിഹോം’ ആയിരുന്നു സന്യാസം സ്വീകരിച്ചതിന്റെ ആദ്യനാളുകളിൽ സിസ്റ്ററിന്റെ ശുശ്രൂഷാമേഖല. ഇക്കാലഘട്ടം, പാവപ്പെട്ടവരോടൊപ്പം ജീവിക്കാനും കൂടുതൽ നല്ല ബോധ്യങ്ങളിൽ ആഴപ്പെടാനും സിസ്റ്ററിനെ കൂടുതൽ സഹായിച്ചു. പിന്നീട് സോഷ്യൽ വർക്ക് പഠിക്കാൻ സിസ്റ്ററിനെ അയച്ചു. അതിനു ശേഷം മൂന്നു വർഷക്കാലം തമിഴ്‌നാട്ടിലെ വളരെ പാവപ്പെട്ട ഗോത്രവർഗ്ഗക്കാരുടെ ഇടയിലായിരുന്നു സിസ്റ്ററിന്റെ സേവനമണ്ഡലം.

1982 കാലഘട്ടത്തിലും അവിടെ അയിത്തം നിലനിൽക്കുന്നുണ്ടായിരുന്നു. തൊട്ടുകൂടായ്‌മ നിർത്തലാക്കാൻ സിസ്റ്ററിന്റെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങൾക്കും ഇവിടെ ആരംഭം കുറിച്ചു. കൃഷിഭൂമി ഒത്തിരിയുള്ള ജന്മിമാർ ‘കൗണ്ടർമാർ’ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. അവരാണ് അവിടുത്തെ വലിയ പണക്കാരും ഭൂസ്വത്തുള്ളവരും. അവരുടെ കീഴിൽ കുറെയേറെ പാവപ്പെട്ടവർ അടിമകളെപ്പോലെ പണിയെടുക്കുന്നു. അവർക്ക് തുണിയുടുക്കാൻ പാടില്ല. ആണുങ്ങൾക്ക് ഒരു ചെറിയ കഷണം തുണി മാത്രമേ നഗ്നത മറയ്ക്കാൻ പാടുള്ളൂ. സ്ത്രീകൾ ബ്ലൗസ് ഇടുകയില്ല. സിസ്റ്റേഴ്സ് അവിടെ ചെന്നതിനു ശേഷം ഈ പാവപ്പെട്ടവർക്ക് തുണി കൊടുത്താലും അവർ അത് ധരിക്കില്ലായിരുന്നു. കൊടുത്ത തുണി തലയിൽ ഇടും. കാരണം, കൗണ്ടര്‍മാരുടെ മുന്‍പില്‍ വസ്ത്രം ധരിക്കാന്‍ അവര്‍ക്ക് അനുവാദമില്ല. വസ്ത്രം ധരിച്ചാൽ അവരെ ശിക്ഷിക്കും. അവിടെയുള്ള വില്ലേജുകളിൽ പാവപ്പെട്ടവരെ അടിമകളെപ്പോലെയാണ് പണിയെടുപ്പിച്ചിരുന്നത്. ഒരു വർഷത്തേക്ക് എട്ടു പറ റാഗി കൊടുത്തിട്ടാണ് പാവപ്പെട്ടവരെ ജോലി ചെയ്യിപ്പിക്കുന്നത്.

സി. മൃദുല അവിടെ ചെന്നപ്പോൾ ആദ്യം ചെയ്തത്, അവിടെയുള്ള പണക്കാരും പാവപ്പെട്ടവരും ഉൾപ്പെടെയുള്ള എല്ലാവരോടും സൗഹൃദം സ്ഥാപിക്കുക എന്നതായിരുന്നു. ആരെയും സിസ്റ്റർ മാറ്റിനിർത്തിയില്ല. ഇവിടെയുള്ള ജന്മിമാരുടെ വീടുകളിലും പാവപ്പെട്ടവരുടെ വീടുകളിലും ഒരുപോലെ സന്ദർശനം നടത്തി. ആറോളം ഗ്രാമങ്ങളിൽ പ്രത്യേകമാംവിധം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. പണക്കാരെയും പാവപ്പെട്ടവരും ഒരുമിപ്പിക്കണം, അവരുടെ ഇടയിലുള്ള വേർതിരിവുകൾ ഒരു പരിധിവരെയെങ്കിലും മാറ്റണം എന്ന ലക്ഷ്യം മാത്രമേ അപ്പോൾ സിസ്റ്ററിന് ഉണ്ടായിരുന്നുള്ളൂ. അതിനു വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.

അതിനായി സിസ്റ്റർ തന്റെ മഠത്തിൽ തന്നെയുള്ള ഒരു ഷെഡിനകത്ത് ഊഞ്ഞാൽ കെട്ടി, പാവപ്പെട്ട കുടുംബങ്ങളിലെ ജോലിക്കു പോകുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് അഭയം ഒരുക്കി. ആ കുട്ടികൾക്കു വേണ്ടിയുള്ള വ്യത്യസ്ത പരിപാടികളും അതിനോടനുബന്ധിച്ച് നടപ്പിലാക്കി. പണക്കാരായ കൗണ്ടർമാരുടെ വീട്ടിലെ സ്ത്രീകളോടുള്ള സൗഹൃദം വഴി അവരും ഈ പ്രവർത്തനങ്ങളിൽ സിസ്റ്ററിനെ സഹായിച്ചിരുന്നു.

ഈ സാഹചര്യത്തിൽ അവരുടെ വീട്ടിലെ അമ്മായിയമ്മമാർ പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. ക്രമേണ അവരോടും നല്ല സൗഹൃദത്തിലൂടെ സ്നേഹബന്ധം ഉണ്ടാക്കിയെടുത്തു. അങ്ങനെ ആ ഗ്രാമങ്ങളിലെ ആളുകൾക്ക് സിസ്റ്റർ  പ്രിയങ്കരിയായി. അവിടെ നിലനിന്നിരുന്ന സാഹചര്യങ്ങൾക്ക് ഒരു പരിധിവരെ മാറ്റം വരുത്താൻ സിസ്റ്ററിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾക്കായി. ഇപ്പോൾ താഴ്ന്ന ജാതിക്കാരായ പല ആളുകളും പഠിച്ച് ഉന്നതസ്ഥാനങ്ങളിൽ ജോലി നോക്കുന്നുണ്ട്. 1982 – 85 കാലഘട്ടത്തിലായിരുന്നെങ്കിലും ഇപ്പോഴും അവർ സിസ്റ്ററുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്.

ഉദയാ കോളനിയിലെ വെളിച്ചം

ആലുവായിൽ, സോഷ്യൽ വർക്കിന്റെ കോർഡിനേഷൻ സെന്ററിൽ ആയിരുന്നു പിന്നീട് മൃദുല സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ. അതിനു ശേഷമാണ് സിസ്റ്റർ ഉദയാ കോളനിയിൽ എത്തുന്നതും അവിടെയുള്ള ആളുകളെ കൂടുതൽ അടുത്തറിയുന്നതും.

അക്കാലത്ത് ഉദയാ കോളനിയിലെ കുട്ടികൾക്ക് ട്യൂഷൻ ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പതിനൊന്നു മണി വരെയൊക്കെ അത് നീളും. കോൺവെന്റിൽ തന്നെ വച്ചാണ് ട്യൂഷനും. ട്യൂഷൻ പഠിക്കുന്ന സമയത്ത് ഈ കുട്ടികൾക്ക് പാലും മുട്ടയും ഒക്കെ സിസ്റ്റർമാർ  കൊടുക്കുമായിരുന്നു. ആ കുട്ടികളിൽ പലരും പോഷകാഹാരക്കുറവ്, ടിബി ഒക്കെ ബാധിച്ചവരായിരുന്നു. പിന്നീട് കുട്ടികളുടെ ആരോഗ്യം  മെച്ചപ്പെട്ടപ്പോൾ ആ രീതി നിർത്തലാക്കി. ഈ കാലഘട്ടത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന പി. വിജയൻ സാറുമായി പരിചയപ്പെടുന്നത്. സാർ ഇടപെട്ട് നല്ല അധ്യാപകരെ ഈ കോളനിയിലേക്ക് തന്നു.

“ഞങ്ങൾ മൂന്ന് സിസ്റ്റേഴ്സ് ആണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. ആ സമയത്ത് വിജയൻ സാർ ഞങ്ങളുടെ അടുത്തു വന്ന് ആ കോളനിയിലെ അവസ്ഥയെക്കുറിച്ചും ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ച് കൂടിയാലോചന നടത്തി. അങ്ങനെ അവിടെയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പല നല്ല തീരുമാനങ്ങൾ എടുക്കാനും ഇടയായി. ‘നന്മ’ എന്ന സംഘടന രൂപീകരിച്ചതും അതിന്റെ ഫലമായിട്ടാണ്. അങ്ങനെയാണ് ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികളെക്കൊണ്ട് ഷേക്സ്പിയറിന്റെ തന്നെ ഒരു ഇംഗ്ലീഷ് നാടകം ചെയ്യിക്കാൻ സാധിച്ചത്. പിന്നീട് സിസ്റ്റർ അവിടെ നിന്നും സ്ഥലം മാറിപ്പോയി.

പി. വിജയൻ സാർ തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം:

2005-ൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആയിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി സി. മൃദുലയെ പരിചയപ്പെടുന്നത്. കൊച്ചി നഗരത്തിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട ഞാൻ ഷാഡോ പോലീസിംഗ് രൂപീകരിച്ചും പോലീസ് ബീറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തിയുമൊക്കെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വരുന്ന കാലഘട്ടം. ഒരു ഭാഗത്ത് പരമ്പരാഗതശൈലിയിലുള്ള പോലീസിങ്ങിലൂടെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തന്നെ ഒരു ചോദ്യം എന്നെ അലട്ടിയിരുന്നു. നിലവിലുള്ള എല്ലാ കുറ്റവാളികളെയും ജയിലിനുള്ളിൽ ആക്കിയാൽ പിന്നെ നഗരത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലേ? ആ ചോദ്യമാണ്, അക്കാലത്ത് നഗരത്തിലേക്ക് ഏറ്റവുമധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയിലേക്ക് ഞാൻ എത്താൻ കാരണം.

ഞാൻ അവിടം സന്ദർശിക്കുകയും അവിടെ കളിച്ചുനടക്കുന്ന കുട്ടികളെ കാണുകയും ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത് ഈ ദൂഷ്യവലയത്തിൽപെട്ട് ഈ കുട്ടികളും തെറ്റായ പാതയിലേക്ക് എത്താൻ അധിക കാലം വേണ്ടിവരില്ല എന്ന്. അവരെ എങ്ങനെ രക്ഷിക്കാം എന്ന ചിന്തയാണ്, സമാനമനസ്കരെ ഒരുമിച്ചു കൊണ്ടുവരികയും ‘നന്മ’ എന്ന സംഘടന രൂപീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്. എന്നാൽ കോളനിയുമായി ബന്ധപ്പെട്ട് നിരന്തരം എങ്ങനെ പ്രവർത്തിക്കും എന്ന ചിന്ത ഞങ്ങളെ എത്തിച്ചത് അവിടെ കുറെ നാളുകളായി പ്രവർത്തിക്കുന്ന ‘അഗതികളുടെ മാലാഖമാർ എന്ന’ – Sisters of Destitute എന്ന സംഘടനയിലേക്കാണ്.

ഹൃദയം കൊണ്ടാണ് അവർ ഞങ്ങളെ വരവേറ്റത്. അവിടെ ഞങ്ങൾ കണ്ടത് വരെ ഊർജ്ജസ്വലയായ സി. മൃദുലയെയും. സാമാന്യം നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അഗതികൾക്കും ദരിദ്രർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ചമഹാജന്മം.

പിന്നീട് അവിടുത്തെ കുട്ടികളെ ഒരുമിച്ചു കൊണ്ടുവരാനും രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും വിവിധ സംഘടനകളെ ഇവിടേക്ക് എത്തിക്കാനും മാത്രമല്ല, ഞങ്ങളെ നിരന്തരം കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ഒക്കെ സിസ്റ്റർ എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ കോളനിയിൽ നിന്ന് തിരഞ്ഞെടുത്ത 60 കുട്ടികളെ ഞങ്ങൾ പല ക്ലാസ്സുകളിലൂടെ, പരിശീലനത്തിലൂടെ മാറ്റിയെടുത്തു. ആറു മാസങ്ങൾക്കു ശേഷം സ്വന്തം രക്ഷിതാക്കളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ കുട്ടികൾ ഷേക്‌സ്സ്പിയറിന്റെ ഇംഗ്ലീഷ് നാടകം അരങ്ങിലെത്തിച്ചു. ഇന്ന് അവരിൽ പലരും വക്കീലന്മാരും TCS ഉൾപ്പെടെ വിവിധ കമ്പനികളിൽ എഞ്ചിനീയർമാരായും ജോലി നോക്കുന്നു. ഒരു പക്ഷേ അവിടെ നിന്ന് തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങളാണ് Student Police Cadet, Our Responsibility to Children, Project HOPE, Child Friendly Police Station തുടങ്ങിയ പദ്ധതികളിലേക്ക് പോകാൻ എന്നെ പ്രേരിപ്പിച്ചത്.

സാമൂഹികമായ ഒരു കാഴ്ചപ്പാട് നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകണം എന്ന ബോധം എന്നിൽ ഉണർത്തിയത് സി. മൃദുലയെപ്പോലുള്ളവരുമായുള്ള അടുത്ത ബന്ധമാണ്. അതുകൊണ്ടു തന്നെ സി. മൃദുലയുടെ സന്യാസജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഈ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ബഹുമാന്യനായ ചക്യാത്ത് പിതാവിന്റെ ക്ഷണവും കൂടിയായപ്പോൾ ഈ ദിവസത്തിന്റെ മാറ്റ് ഏറെ വർദ്ധിക്കുന്നു. സി. മൃദുലയ്ക്ക് ഇനിയും ഏറെ കാലം മാനവസേവക്കു കഴിയട്ടെ എന്നും സിസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ ജീവിതം നമുക്കെല്ലാം മാതൃകയാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

പേരു പോലെ തന്നെ മൃദുലം, സുന്ദരം ഈ സമർപ്പണം

ഇപ്പോൾ സി. മൃദുല ഉള്ളത് പാലാരിവട്ടം തമ്മനത്തുള്ള മറ്റൊരു കോളനിയിലാണ്. ഇരുനൂറ് വീടുകളുള്ള ഈ കോളനിയിൽ ഇപ്പോൾ രണ്ട് സിസ്റ്റേഴ്‌സാണ് ഉള്ളത്. സി. മൃദുലയുടെ കൂടെയുള്ളത് സി. സജീവ. സജീവ സിസ്റ്ററും പാവപ്പെട്ടവരോടൊപ്പം പ്രവർത്തിക്കാൻ വളരെയധികം താത്പര്യമുള്ള സന്യാസിനിയാണ്.

ഈ കോളനിയിൽ ഇപ്പോൾ ഈ സന്യാസിനിമാരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. മുൻപ് ഇവിടെയും ട്യൂഷനൊക്കെ ഉണ്ടായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടിയാണ് കൂടുതലായും ഇവർ പ്രവർത്തിക്കുന്നത്. ഈ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങളുടെയും സാന്നിധ്യത്തിന്റെയും ഫലമായി വലിയ വ്യത്യാസം ഇവരുടെ ഇടയിലും വന്നിട്ടുണ്ട്.

മുമ്പൊക്കെ ഈ കോളനിയുടെ ഉള്ളിൽ കൂടി കടന്നുപോകാൻ പോലും ആളുകൾ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും പേടിക്കണ്ട. രാത്രയിൽ പോലും നടന്നുപോകാൻ ഭയപ്പെടേണ്ട ആവശ്യമില്ല. കോളനിയുടെ ഉള്ളിൽ തന്നെയാണ് ഈ സിസ്റ്റർമാരും താമസിക്കുന്നത്. ഇവിടെ സിസ്റ്റർമാർ താമസിക്കുന്ന വീട്ടിൽ എല്ലാവർക്കും പ്രവേശനമുണ്ട്. കുട്ടികൾക്ക് വീട്ടിലിരുന്ന് പഠിക്കാനുള്ള സാഹചര്യമില്ലെങ്കിൽ സിസ്റ്റർമാരുടെ ഭവനത്തിലെത്താം.

‘നിന്നെ ഞങ്ങൾക്കു വേണം’

മദ്യപാനിയായ ഒരു മനുഷ്യന്റെ കണ്ണിൽ നോക്കി സിസ്റ്റർ പറഞ്ഞു: “നിന്നെ ഞങ്ങൾക്കു വേണം.” അയാൾ, അവിശ്വസ്തതയോടെ സിസ്റ്ററിനെ തന്നെ നോക്കി. അത് ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. പിന്നീട് ആറ് മാസങ്ങൾക്കുള്ളിൽ സിസ്റ്ററും ആ വ്യക്തിയും നല്ല സുഹൃത്തുക്കളായി. അദ്ദേഹം മദ്യപാനവും നിർത്തി. ഇന്ന് വളരെ നല്ല രീതിയിൽ അദ്ദേഹം തന്റെ കുടുംബവും നോക്കുന്നുണ്ട്.

“ഒരുപാട് പേരുടെ വളർച്ച കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്. അവർ പഠിച്ചു ഉയർന്ന നിലയിൽ എത്തുന്നതു കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. ഇവരുടെ കുടുംബം സമാധാനത്തിൽ നിലനിൽക്കുന്നത് കാണുമ്പോൾ ആശ്വാസവുമുണ്ട്. മദ്യപാനികൾ തങ്ങളുടെ മദ്യപാനം നിർത്തി സമാധാനത്തിൽ ജീവിക്കുന്നു. അങ്ങനെ ഒട്ടേറെ സംഭവങ്ങൾ ഉണ്ട്. അവർ മദ്യപാനം നിർത്തിയ ശേഷം സന്തോഷത്തോടെ മുൻപിൽ വന്ന് അവരുടെ സന്തോഷം പങ്കുവയ്ക്കുമ്പോൾ അത് തരുന്ന ആനന്ദം ചെറുതല്ല” – സിസ്റ്റർ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു.

വർഷങ്ങൾക്കു മുൻപ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ എല്ലാവർക്കും വലിയ വിഷമമായിരുന്നു. എന്നാൽ, ഇന്നവർക്ക് അഭിമാനവും സന്തോഷവും മാത്രം. പാവപ്പെട്ടവരോടു കൂടെ ആയിരുന്നുകൊണ്ട് ഈശോയെ മഹത്വപ്പെടുത്തുകയാണ് ഈ സമർപ്പിതയുടെ ജീവിതത്തിന്റെ ലക്ഷ്യം. എല്ലാവരോടും സൗഹൃദപരമായി ഇടപെടാനും പുഞ്ചിരിയോടെ അവരെ കേൾക്കാനും ഈ 72-മത്തെ വയസിലും സിസ്റ്റർ ശ്രമിക്കുന്നു. സിസ്റ്ററിന് എല്ലാവരും സുഹൃത്തുക്കളാണ്. ആരെയും മാറ്റിനിർത്താതെ സ്നേഹിക്കാൻ ഈ സമർപ്പിതയ്ക്ക് സാധിക്കുന്നുണ്ടെങ്കിൽ അവിടെ ക്രിസ്തുവിനെ അല്ലാതെ മറ്റാരെയാണ് നമുക്ക് കാണാൻ സാധിക്കുക. സി. മൃദുലക്ക് ലൈഫ്ഡേയുടെ ആശംസകൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.