2050-ൽ ലോകത്തെ മുൻനിര മതം ക്രൈസ്തവമതം തന്നെ ആയിരിക്കും

People holding diverse religious symbols illustration
ടോണി ചിറ്റിലപ്പിള്ളി

2050 ആകുമ്പോഴേക്കും, ക്രിസ്തുമതം ലോകത്തിലെ ഭൂരിപക്ഷ മതമായി തുടരും. ലോകത്തിലെ മതപരമായ രൂപരേഖ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും ഫെർട്ടിലിറ്റി നിരക്കിലെ വ്യത്യാസങ്ങളും, ലോകത്തിലെ പ്രധാന മതങ്ങൾക്കിടയിലെ യുവജനങ്ങളുടെ എണ്ണവും അതുപോലെ തന്നെ മതവിശ്വാസങ്ങൾ മാറുന്ന ആളുകളുടെ നിരക്കുകളും പരിശോധിക്കുമ്പോൾ അടുത്ത വരാൻ പോകുന്ന ഇരുപതു വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ക്രിസ്ത്യാനികൾ ഏറ്റവും വലിയ മതവിഭാഗമായി തുടരും എന്നാണ്. എന്നാൽ ഇസ്ലാം മറ്റേതൊരു പ്രധാന മതത്തേക്കാളും വേഗത്തിൽ വളരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലോക ജനസംഖ്യാ വര്‍ദ്ധനവിന്റെ രണ്ടിരട്ടി വേഗത്തിലാണ് ഇസ്ലാം മതം വളരുന്നത്. 2050 ആവുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ 35 ശതമാനം ലോക ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഇസ്ലാമിന്റെ വളര്‍ച്ചാനിരക്ക് 73 ശതമാനമാണ്.

ലോകത്തുള്ള നിലവിലെ മതങ്ങളുടെ ജനസംഖ്യ ട്രെൻഡ് തുടരുകയാണെങ്കിൽ, 2050- ഓടെ താഴെ പറയുന്ന വിധത്തിലുള്ള കാര്യങ്ങൾ സംഭവിക്കാമെന്ന്‌ വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു.

1. മുസ്ലീങ്ങളുടെ എണ്ണം ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ എണ്ണത്തിനു തുല്യമായിരിക്കും.

2. നിരീശ്വരവാദികളും അജ്ഞേയവാദികളും ഒരു മതവുമായും ബന്ധമില്ലാത്ത മറ്റ് ആളുകളും – യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ വർദ്ധിക്കുന്നുണ്ടെങ്കിലും – അവരുടെ എണ്ണം ലോകത്തിലെ മൊത്തം ജനസംഖ്യയുടെ ഒരു പങ്ക് കുറയും.

3. ആഗോള ബുദ്ധമത ജനസംഖ്യ 2010-ൽ ഉണ്ടായിരുന്ന അതേ വലുപ്പത്തില്‍ തന്നെ നിലനിൽക്കും. അതേസമയം ഹിന്ദു, ജൂത ജനസംഖ്യ ഇന്നത്തേതിനേക്കാൾ വലുതായിരിക്കും.

4. യൂറോപ്പിൽ മുസ്ലീങ്ങൾ മൊത്തം ജനസംഖ്യയുടെ 10% ആയി വർദ്ധിക്കും.

5. ഇന്ത്യ ഹിന്ദുഭൂരിപക്ഷം നിലനിറുത്തും. എന്നാൽ ഇന്തോനേഷ്യയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും.

6. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ക്രിസ്ത്യാനികൾ 2010-ലെ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിൽ നിന്ന് 2050-ൽ മൂന്നിൽ രണ്ട് ആയി കുറയും.

7. അമേരിക്കയിൽ യഹൂദമതം ഇനി 2050-ഓടെ ഏറ്റവും വലിയ ക്രിസ്ത്യൻ ഇതരമതമായിരിക്കില്ല. ജൂതന്മാരേക്കാൾ മുസ്ലീങ്ങൾ അമേരിക്കയിൽ കൂടുതലായിരിക്കും.

8. ലോകത്തിലെ ഓരോ 10 ക്രിസ്ത്യാനികളിൽ നാലു പേരും ഉപ-സഹാറൻ ആഫ്രിക്കയിലേക്ക് കുടിയേറും.

ലോകത്തിലെ പ്രധാന മതങ്ങളുടെ നിലവിലെ വലുപ്പവും ഭൂമിശാസ്ത്രപരമായ വിതരണവും, പ്രായവ്യത്യാസങ്ങൾ, ഫെർട്ടിലിറ്റി, മരണനിരക്ക്, അന്തർദേശീയ കുടിയേറ്റം, മതപരിവർത്തനത്തിന്റെ പാറ്റേണുകൾ എന്നിവ കണക്കിലെടുത്താണ് പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്ന പഠനങ്ങൾ പുറത്തു കൊണ്ടുവരുന്നത്. ഇന്ന്, ജി-8 രാജ്യങ്ങളിൽ ഏഴ് രാജ്യങ്ങളിൽ ക്രിസ്തുമതത്തിന് ഭൂരിപക്ഷമുണ്ട്. എന്നാൽ 2050 ആകുമ്പോഴേക്കും മുൻനിര സമ്പദ്‌വ്യവസ്ഥകളില്‍ ഒരു രാജ്യത്തിനു മാത്രമേ ഭൂരിപക്ഷ ക്രിസ്ത്യൻ ജനസംഖ്യയുണ്ടാകുകയുള്ളൂ. അത് അമേരിക്കയിൽ മാത്രം. 2050-ലെ മറ്റ് മെഗാ സമ്പദ്‌വ്യവസ്ഥകളിൽ ഹിന്ദുഭൂരിപക്ഷമുള്ള (ഇന്ത്യ), മുസ്ലീം ഭൂരിപക്ഷമുള്ള (ഇന്തോനേഷ്യ), പിന്നെ അസാധാരണമാംവിധം ഉയർന്ന മതവൈവിധ്യങ്ങളുള്ള (ചൈനയും ജപ്പാനും) രണ്ട് രാജ്യങ്ങളും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മതപരമായ വൈവിധ്യവും മതപരമായ ജനസംഖ്യയും വർദ്ധിക്കുന്നതിനനുസരിച്ച്, സമൂഹങ്ങൾക്കും സർക്കാരുകൾക്കും സമ്പദ്‌വ്യവസ്ഥകൾക്കും പുതിയ വെല്ലുവിളികളും അവസരങ്ങളും സൃഷ്‌ടിച്ച് അവയുടെ സാധ്യതയുള്ള സ്വാധീനവും വർദ്ധിക്കുന്നു. വരുംവർഷങ്ങളിൽ, ക്രിസ്ത്യൻ ജനസംഖ്യയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്വാധീനത്തിന്റെ ആഗോളവിതരണത്തിൽ അമേരിക്കയുടെ ആധിപത്യം നിലനിൽക്കുമെന്നു പ്രതീക്ഷിക്കുന്നു. ക്രൈസ്തവ യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവസ്വാധീനം ചെറുതായി കുറയുകയും സബ്-സഹാറൻ ആഫ്രിക്ക, ഏഷ്യ-പസഫിക് പ്രദേശങ്ങളിൽ ക്രൈസ്തവസ്വാധീനം ചെറുതായി വർദ്ധിക്കുകയും ചെയ്യും.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.