‘ബിസിനസുകാർക്കിടയിലെ ക്രിസ്തു’ എന്നറിയപ്പെടുന്ന എൻറിക് ഏർണസ്റ്റോ ഷാ ഇനി ധന്യൻ പദവിയില്‍

ബിസിനസുകാർക്കിടയിൽ സുവിശേഷപ്രഘോഷണം നടത്തിയ ഫ്രഞ്ച് ബിസിനസുകാരൻ എൻറിക് ഏർണസ്റ്റോ ഷായെ ഏപ്രിൽ 25 -ന് ഫ്രാൻസിസ് മാർപാപ്പ ധന്യൻ പദവിയിലേക്കുയർത്തി. ധനികനും ബിസിനസുകാരനുമായ അദ്ദേഹം രണ്ടാം ലോക മഹായുദ്ധകാലത്ത് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് ബിസിനസ് എക്സിക്യൂട്ടീവ്സ് എന്ന സംഘടന സ്ഥാപിക്കുകയും അർജെന്റീനയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ബിസിനസുകാർക്കിടയിൽ വലിയ വിശ്വാസപരിവർത്തനം നടത്തുകയും ചെയ്തു.

കുട്ടിക്കാലം മുതലേ വിശ്വാസപരമായ കാര്യങ്ങളിൽ വളരെയധികം പ്രാധാന്യം കൊടുത്ത ഇദ്ദേഹം ‘ബിസിനസുകാർക്കിടയിലെ ക്രിസ്തു’ എന്നാണ് അറിയപ്പെടുന്നത്. ജോലിസ്ഥലങ്ങളിൽ മാന്യമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെയും നീതിന്യായവ്യവസ്ഥിതിയെക്കുറിച്ചും ധാരാളം പുസ്തകങ്ങൾ എഴുതിയ അദ്ദേഹത്തിന്റെ ചിന്തകളും പ്രബോധനങ്ങളും തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ സ്വാധീനിച്ചിരുന്നു.

പെൻഷൻ സമ്പ്രദായവും ആരോഗ്യസംരക്ഷണ പ്ലാനുകളും അസുഖബാധിതർക്കായുള്ള സാമ്പത്തികസഹായങ്ങൾ നൽകുന്ന പ്ലാനുകളുമെല്ലാം തൊഴിലാളികൾക്കായി അദ്ദേഹമാണ് തുടങ്ങിവച്ചത്. അർജന്റീനയിലെ ക്രിസ്ത്യൻ ഫാമിലി മൂവ്മെന്റ് ആരംഭിച്ചതും അദ്ദേഹമാണ്. മികച്ച വായനയും ദൈവഭക്തിയും കൈമുതലായുണ്ടായിരുന്ന എൻറിക്, തന്റെ കുടുംബജീവിതത്തിലും അങ്ങേയറ്റം മാതൃകാപരമായി ജീവിച്ചു. ഒൻപതു മക്കളിൽ ഒരാൾ പുരോഹിതനാണ്. മക്കളെ ശക്തമായ വിശ്വാസജീവിതത്തിൽ വളർത്തിയ അദ്ദേഹം ഒരു മികച്ച രക്ഷിതാവ് കൂടിയായിരുന്നു.

1957-ല്‍ കാൻസർ ബാധിതനായ അദ്ദേഹം 1962 ഓഗസ്റ്റ് 27-ന് നാല്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞു. ചികിത്സാകാലയളവിൽ ഏകദേശം 260-ഓളം തൊഴിലാളികളായിരുന്നു അദ്ദേഹത്തിന് രക്തം നൽകിയത്. തൊഴിലാളികൾക്കിടയിൽ അദ്ദേഹത്തിനുള്ള സമ്മതിയാണ് ഇത് സൂചിപ്പിക്കുന്നത്. തന്റെ സിരകളിലൂടെ അവരുടെ രക്തം ഒഴുകുന്നതിൽ അതീവസന്തോഷവാനാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ‘ഒരു ബോസ് ആയിരിക്കുക എന്നത് ഒരു അധികാരമല്ല, അതൊരു പ്രവർത്തനമാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രോഗബാധിതനായിരുന്ന കാലയളവിൽ പോലും തൊഴിലാളികൾക്കും ബിസിനസ് ക്ലാസ്സിലുള്ളവർക്കും അദ്ദേഹം പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വിശുദ്ധജീവിതവും പ്രവർത്തനങ്ങളുമാണ് വിശുദ്ധരുടെ ഗണത്തിലേക്കുയർത്തുവാൻ പ്രത്യേകമായി യോഗ്യമാക്കിയത്.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.