ദൈവത്തെ തേടിയുള്ള അലച്ചിലുകള്‍ അവസാനിപ്പിച്ച്, പൗരോഹിത്യത്തെ പുല്‍കി ലിത്വാനിയന്‍ വ്യവസായി

ദൈവത്തെ തേടിയുള്ള ഇരുപത് വര്‍ഷക്കാലത്തെ അലച്ചിലിനും അന്വേഷണത്തിനുമൊടുവില്‍ ലിത്വാനിയന്‍ വ്യവസായ പ്രമുഖന്‍ ഒടുവില്‍ ക്രിസ്തുവിന്റെ പുരോഹിതനായി മാറിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ വ്യാപാര-വ്യവസായമേഖലകളില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച മിന്റയുഗസ് സെര്‍ണിയോസ്‌ക്‌സാണ് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ പൗരോഹിത്യം സ്വന്തമാക്കിയിരിക്കുന്നത്.

ലിത്വാനിയയിലെ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസിഡന്റ് പദവി വരെ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. സത്യം കണ്ടെത്താനായി തന്റെ ആത്മാവില്‍ നിരന്തരമായി ജ്വലിക്കുകയായിരുന്ന അഗ്‌നിയാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കും പൗരോഹിത്യത്തിലേയ്ക്കും നയിച്ചതെന്ന് ഫാ. മേരി ഏലിയാസ് എന്ന് നാമം സ്വീകരിച്ച ഈ മിഷനറി വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു.

ബിസിനസ് ലോകത്തിന്റെ തിരക്കുകള്‍ക്കിടെ ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന് ആത്മീയ ഉള്‍വിളി ലഭിക്കുന്നത്. തുടര്‍ന്ന് ദൈവത്തെ അന്വേഷിച്ചുള്ള 20 വര്‍ഷത്തെ യാത്രയും അന്വേഷണവും. ഇക്കാലയളവില്‍ പല മതവിശ്വാസങ്ങളെക്കുറിച്ചും അദ്ദേഹം ആഴത്തില്‍ മനസിലാക്കി. എന്നാല്‍ ഒന്നിലും പൂര്‍ണ്ണമായ സന്തോഷം കണ്ടെത്താനായില്ല.

ഒടുവില്‍ 2003-ല്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ച്, അദ്ദേഹം തന്റെ ജീവിതം പൂര്‍ണ്ണമായി ക്രിസ്തുവിനു നല്‍കി. ശേഷം അദ്ദേഹം ലിത്വാനിയയില്‍ നിന്നും വലിയൊരു തീര്‍ത്ഥാടനം നടത്തി. 2,700 മൈല്‍ ദൂരം മാറി വിശുദ്ധനാടായ ജറുസലേമിലേയ്ക്കായിരിന്നു തീര്‍ത്ഥാടനം. കാല്‍നടയായിട്ടായിരുന്നു അത്. മൈലുകള്‍ താണ്ടിയുള്ള തീര്‍ത്ഥാടനത്തിനൊടുവില്‍ തിരുക്കല്ലറ ദേവാലയത്തില്‍ വച്ച് അദ്ദേഹം സന്യാസവ്രതം സ്വീകരിച്ചു.

പല ആത്മീയപ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അദ്ദേഹത്തിന് തൃപ്തി ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയ്ക്കും ഒരുക്കങ്ങള്‍ക്കും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 15-ന് 59-ാം വയസ്സില്‍ ഫാ. മേരി ഏലിയാസ് എന്ന പേരില്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയില്‍ നിന്നായിരിന്നു പൗരോഹിത്യ സ്വീകരണം. ക്രിസ്തുവിനു വേണ്ടി അവിടുത്തെ പുരോഹിതനായി ശിഷ്ടകാലം ശുശ്രൂഷ ചെയ്യുക എന്നതാണ് തന്റെ ഇനിയുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.