പ്രതിഷേധം കനക്കുന്നു: മ്യാന്മറിൽ സമാധാനത്തിനായി അഭ്യർത്ഥിച്ച് മെത്രാന്മാർ

മ്യാന്മറിൽ ഒരു മാസമായി നീളുന്ന പ്രതിഷേധ പ്രകടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സമാധാനത്തിനും സംഭാഷണത്തിനുമായി അഭ്യർത്ഥിച്ച് കത്തോലിക്കാ മെത്രാന്മാർ. യുവാക്കൾ തെരുവുകളിൽ കൊല്ലപ്പെടുന്ന വേദന നിറഞ്ഞ രംഗങ്ങൾ ഒരു ജനതയുടെ മനസാക്ഷിയെ മുറിവേൽപ്പിക്കുന്നു എന്ന് ബിഷപ്പുമാർ ഫെബ്രുവരി 21 -ന് പുറത്തിറക്കിയ കത്തിൽ പറയുന്നു.

“മാതാപിതാക്കൾ മക്കളെ അടക്കം ചെയ്യേണ്ട ഇത്തരം സാഹചര്യങ്ങൾ അവസാനിപ്പിക്കണം. അമ്മയുടെ കണ്ണുനീർ ഒരിക്കലും ഒരു ജനതയ്ക്കും അനുഗ്രഹമല്ല. ഈ പുണ്യഭൂമിയിൽ സഹോദരന്റെ രക്തം വീഴാൻ ഇടവരരുത്” – കത്തിൽ ബിഷപ്പുമാർ പറഞ്ഞു. മ്യാൻമറിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോ ഉൾപ്പെടെ പത്ത് ബിഷപ്പുമാരാണ് കത്തിൽ ഒപ്പിട്ടത്. മണ്ടാലെയിൽ പോലീസും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പുമാർ കത്തിലൂടെ തങ്ങളുടെ ആവശ്യം അറിയിച്ചത്.

സൈനിക അട്ടിമറിയിൽ തുടങ്ങിയ പ്രതിഷേധം ഒരു മാസമായി തുടരുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സിവിലിയൻ നേതാവായ ഓങ് സാൻ സൂകിയെ മോചിപ്പിക്കണമെന്ന ആവശ്യം പ്രതിഷേധക്കാരുടെ ഇടയിൽ ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.