ബുര്‍ക്കിനാ ഫാസോയില്‍ തീവ്രവാദി ആക്രമണത്തിന് ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥന യാചിച്ച് മെത്രാപ്പോലീത്താ

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ തീവ്രവാദി ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഔഗഡൗഗൗ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫിലിപ്പെ ഔവ്വേഡ്രാവോഗോ. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ബുര്‍ക്കിനാ ഫാസോയുടെ വടക്കു ഭാഗത്തുള്ള സൊല്‍ഹാനിലെ ഗ്രാമത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റിയറുപതോളം പേരാണ് കൊല്ലപ്പെട്ടത്.

സാധിക്കുന്നവരെല്ലാം എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’ ‘നന്മ നിറഞ്ഞ മറിയവും’ ചൊല്ലിയതിനുശേഷം ബുര്‍ക്കിനാ ഫാസോയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ജൂണ്‍ 5-നാണ് യാഘാ പ്രവിശ്യയിലെ സൊല്‍ഹാനില്‍ ആയുധധാരികളായ തീവ്രവാദികള്‍ ഭീകരമായ ആക്രമണം നടത്തിയത്. 160 പേര്‍ കൊല്ലപ്പെട്ടതിനു പുറമേ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി ഭവനങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് കരുതപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.