ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (9)

    ഫാ. തോമസ് കറുകയില്‍

    തീർത്ഥാടന മന്ത്രങ്ങൾ

    തീർത്ഥാടനം എന്ന വാക്ക് എനിക്ക് പരിചിതമായത് എന്റെ നാട്ടിടവഴിയിൽ നിന്നാണ്. തീർഥാടനവഴിയിലെ ഓർമ്മകൾക്ക് കുന്തിരിക്കത്തിന്റെ ഗന്ധത്തെക്കാൾ കർപ്പൂരഗന്ധവും ശരണംവിളികളുടെ മുഴക്കങ്ങളുമാണ്. കുരുത്തോല കൊണ്ട് അലങ്കരിച്ച മണ്ഡപത്തിനുള്ളിലിരുന്ന് ഹൃദയംകൊണ്ട് ശരണം വിളിച്ചിരുന്ന ഒരു കുഞ്ഞുമോൻ ഗുരുസ്വാമിയുണ്ടായിരുന്നു അയല്പക്കത്തെ വീട്ടിൽ. കൊളുത്തിവച്ച വിളക്കിനും നിറപറയ്ക്കും മുന്നിൽ കുരുത്തോല മണ്ഡപത്തിന്റെ മധ്യത്തിൽ ഇരുന്ന് അയാൾ ഉറക്കെ ‘കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ’ എന്ന് ഈണത്തിൽ വിളിക്കുമ്പോൾ ഞങ്ങൾ കുട്ടികളും അത്യുത്സാഹത്തോടെ അത് ഏറ്റുചൊല്ലും. നെയ്‌ത്തേങ്ങ നിറയ്ക്കും മുന്നേ വലിയ ശരണം വിളികളോടെ മണ്ഡപത്തിനു പുറത്തുള്ള കരിങ്കൽക്കഷണത്തിന് മുകളിലേയ്ക്ക് തീർത്ഥാടകർ ഓരോരുത്തരായി തേങ്ങാ ഉടയ്ക്കും. ഉടയുന്ന തേങ്ങയുടെ കഷണങ്ങൾ പെറുക്കാൻ തിരക്കുകൂട്ടുന്ന കുട്ടികളുടെ ഇടയിൽ അത്യുത്സാഹത്തോടെ ഞാനും അനിയനും മുന്നിൽ ഉണ്ടാവും. അവലും മലരും പഴവും കുഴച്ചൊരു നേർച്ച അവസാനമേ കിട്ടുകയുള്ളെന്ന ബോധ്യം ഞങ്ങളെ ആ ചടങ്ങിന്റെ ഇതപര്യന്തം അവിടെ തുടരാൻ പ്രേരിപ്പിക്കും. ചന്ദനം പൂശിയ ടെമ്പോ ട്രാവലർ അയ്യപ്പന്മാരുമായി പോകുംവരെ കൗതുകം വിടാതെ ഞങ്ങളവിടെയുണ്ടാവും. ആലപ്പുഴയിലെ വീടും പള്ളിക്കൂടവും വിട്ട് പുറത്തെങ്ങോട്ടും ഒരു ചെറിയ യാത്ര പോലും നടത്താത്ത എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ട ആദ്യ തീർത്ഥാടനമോഹത്തിന്റെ ഉറവിടം കുഞ്ഞുമോൻ ചേട്ടന്റെ മകരമാസത്തിലെ ശബരിമല യാത്രകളായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും ഇന്നും എല്ലാ മണ്ഡലകാലത്തും ഒരാനുഷ്ഠാനം പോലെ ആ കുരുത്തോലപ്പന്തലും ശരണം വിളികളും ഉയർന്നു കേൾക്കാം.

    സെമിനാരി ജീവിതം ആരംഭിച്ച ശേഷം ഒരിക്കൽപ്പോലും അതിലൊന്നും പങ്കെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും തീർത്ഥാടനം എന്ന വാക്ക് ആ പച്ചപിടിച്ച ഓർമ്മകളുമായി അത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നതിനാൽ മാത്രം ഇവിടെ കുറിച്ചതെന്നു സൂചിപ്പിച്ചുകൊണ്ട് യാക്കോബിന്റെ വഴിയിലെ തീർത്ഥാടനത്തിലേയ്ക്കിറങ്ങട്ടെ…

    ഇന്നലെ നിശ്ചയിച്ച ദൂരം നടന്നുതീർക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ നേരത്തെ എഴുന്നേറ്റു. സത്രങ്ങളിൽ എഴുന്നേൽക്കുവാനുള്ള സമയം 6 മണി എന്നാണ് കണക്ക്. സ്വകാര്യവ്യക്തികൾ നടത്തുന്ന സത്രങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ തീർത്ഥാടകർക്ക് ഒരു രാത്രി മാത്രമേ കിടക്കാൻ അനുവാദമുള്ളൂ. രാത്രി കഴിഞ്ഞാൽ രാവിലെ എട്ടുമണിയോടെയോ 9 മണിയോടെയോ സത്രം കാലിയാക്കണം. എഴുന്നേൽക്കുവാനുള്ള സമയം 6 മണി എന്നു നിജപ്പെടുത്തിയിരിക്കുന്നത് പോകുവാനുള്ള ഒരുക്കങ്ങളിൽ യാത്രയുടെ ക്ഷീണം കൊണ്ടുറങ്ങുന്ന മറ്റ് തീർത്ഥാടകരെ ശല്യപ്പെടുത്താതിരിക്കാനാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പതിനേഴും പതിനെട്ടും കിലോമീറ്ററുകൾ മാത്രമാണ് നടന്നത്. ഇത്തരത്തിലാണ് നടപ്പെങ്കിൽ എനിക്കുള്ള അവധി കൊണ്ട് സാന്തിയാഗോയിൽ എത്താൻ പറ്റുകയില്ല. തുനിഞ്ഞിറങ്ങിയിട്ട് ഇടയ്ക്കുവെച്ച് നിർത്തിപ്പോകുന്ന കാര്യം ആലോചിക്കാനും വയ്യ. ഇന്നെങ്കിലും മനസ്സിൽ കരുതുന്ന നിശ്ചിതദൂരം നടന്നുതീർക്കണം.

    ഒബാനോസ് (Obanos) എന്ന ഗ്രാമം കടന്നു മുന്നോട്ടു നടന്നു. ഏകദേശം പത്തു മണിയോടെ പുയന്തേ ലാ റൈനാ എന്ന നഗരത്തിൽ എത്തിച്ചേർന്നു. ഇവിടെയാണ് 2 യാക്കോബിന്റെ വഴികൾ ഒന്നുചേരുന്നത്. ഫ്രാൻസിലെ സോംപോർട്ടിൽ (Somport) നിന്നും തുടങ്ങുന്ന വഴി സെയിന്റ്-ഷോൺ-പീഡ്-ഡി-പോർട്ടിൽ തുടങ്ങുന്ന വഴിയോട് ചേരുന്നത് ഇവിടെയാണ്. ഇവിടെ നിന്നായിരുന്നു ഇന്നത്തെ പ്രാതൽ. ഈ നഗരം അർഗ നദിക്ക് കുറുകെയുള്ള മനോഹരമായ ഒരു പാലം കൊണ്ട് പ്രശസ്തമാണ്. “രാജ്ഞിയുടെ പാലം” എന്നാണ് പുയന്തേ ലാ റൈനാ എന്ന സ്പാനിഷ് വാക്കുകളുടെ അർത്ഥം തന്നെ. പതിനൊന്നാം നൂറ്റാണ്ടിൽ പണിതതെന്ന് കരുതുന്ന ഈ പാലത്തെക്കുറിച്ച് ആദ്യകാല തീർത്ഥാടന വിവരണഗ്രന്ഥമായ കോഡക്സ് കലിസ്റ്റസില്‍ (Codex Calixtinus) പോലും പരാമർശിച്ചിട്ടുണ്ട്. കോഡക്സ് കലിസ്റ്റസ് അഥവാ യാക്കോബിന്റെ പുസ്തകം (Liber Sancti Jakobi) എന്നറിയപ്പെടുന്ന ഈ ഗ്രന്ഥം അവയുടെ എഴുത്തുകാരിലൊരാൾ എന്ന് കരുതപ്പെടുന്ന പോപ്പ് കലിസ്റ്റസ് രണ്ടാമന്റെ പേരിലാണ് അറിയപ്പെടുന്നത്. ഏകദേശം 1140-ൽ പൂർത്തിയാക്കപ്പെട്ടെന്ന് കരുതപ്പെടുന്ന പ്രസംഗങ്ങളുടെയും പ്രാർത്ഥനകളുടെയും ആദ്യകാല ഐതിഹ്യങ്ങളുടെയും അത്ഭുതവിവരണങ്ങളുടെയും വഴിയെക്കുറിച്ചുള്ള സംഷിപ്ത വിവരണങ്ങളുടെയുമൊക്കെ സമാഹരണം ഫ്രാൻസിലെ ബുർഗണ്ടിയിലുള്ള ക്ലൂണി ആശ്രമത്തിലെ Aimeric Picaudus എന്ന സന്യാസി നടത്തിയിരിക്കും എന്നാണ് കരുതപ്പെടുന്നത്.

    പുയന്തേ ലാ റൈനായിലെ വിശുദ്ധ കുരിശിന്റെ ദേവാലയം അതിനുള്ളിലുള്ള Y ആകൃതിയിലുള്ള കുരിശുരൂപം കൊണ്ട് പ്രശസ്തമാണ്. ദേവാലയം സന്ദർശിച്ചശേഷം പുറത്തേക്കിറങ്ങി. മുട്ടുകളിലെ വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. യാക്കോബിന്റെ വഴിയിലെ തീർത്ഥാടകർ യാത്രയിൽ ഒരിക്കലെങ്കിലും ഈ യാത്ര വേണ്ടിയിരുന്നില്ല എന്നു ചിന്തിക്കാതിരിക്കില്ല എന്നാണ് വയ്പ്പ്. യാത്ര തുടങ്ങി ഒരാഴ്ച തികയും മുമ്പ് നിർത്തിപ്പോകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കേണ്ടി വരുന്നു. മുട്ടുകളിലെ വേദന ഇങ്ങനെ തുടരുകയാണെങ്കിൽ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവും. ഒരുപാട് തീർത്ഥാടകർ വഴിയിൽ എന്നെ കടന്നുപോകുന്നുണ്ട്. വേദനിക്കുന്ന മുട്ടും ആയി ഏന്തിനടക്കുന്ന എന്നെ കണ്ട് കുശലം ചോദിച്ച് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച് അവർ മുന്നോട്ടു നടക്കുകയാണ്.

    യാത്ര, പുരാതനമായ ഒരു പാലം കടന്നുപോയി. റോമൻ കാലത്ത് പണികഴിക്കപ്പെട്ടതാണത്രേ ഈ പാലം. പാലത്തിലേക്ക് കടക്കുംമുമ്പ് വഴിയിൽ ഞാനൊരു അസാധാരണമായ അതിഥിയെ കണ്ടു. ചെറിയൊരു പാമ്പ് വഴി മുറിച്ചുകടക്കുന്നു. പതിവില്ലാത്ത ഒരു കാഴ്ചയാണത്. അധികം ഇഴജന്തുക്കളുടെ ശല്യം ഈ വഴിയിൽ ഇല്ല എന്നതുതന്നെയാണ് നടക്കാനുള്ള ഒരു ധൈര്യം. പക്ഷേ ഈ കാഴ്ച തെല്ലൊന്ന് അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. അവൻ കടന്നുപോകുവാൻ കാത്തുനിന്നതിനു ശേഷം ഞാനെന്റെ യാത്ര തുടർന്നു.

    ഏകദേശം മൂന്നു മണിയോടടുക്കുന്നു. ഇന്ന് യാത്ര പുറപ്പെടുമ്പോൾ ലക്ഷ്യമായി ആഗ്രഹിച്ച സ്ഥലത്ത് എത്തണമെങ്കിൽ ഇനിയും 10 കിലോമീറ്ററോളം നടക്കണം. അതിനി പറ്റുമെന്നു തോന്നുന്നില്ല. അത്രത്തോളം മുട്ടുവേദന അസഹ്യമായി. പെട്ടന്നതാ പിന്നിൽ ഒരു ശബ്ദം. അമേരിക്കയിൽ നിന്നുള്ള ആ മൂന്ന് സ്ത്രീകളാണ്. അവരോടൊപ്പം, വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത മെഴ്സിഡസ് എന്ന സ്ത്രീയുമുണ്ട്. അവർക്കും ഇനി 10 കിലോമീറ്റർ മുന്നോട്ട് നടക്കുവാൻ താൽപര്യമുണ്ടായിരുന്നില്ല. അടുത്തുകണ്ട ലോർക (Lorca) എന്ന ഗ്രാമത്തിൽ താമസിക്കുവാൻ തീരുമാനിച്ചു. ആ ചെറിയ ഗ്രാമത്തിൽ രണ്ട് ചെറിയ സത്രങ്ങൾ മാത്രമാണുള്ളത്. സ്ഥലം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നിരുന്നാലും ചെന്നുചോദിച്ചു. ഭാഗ്യത്തിന് നാലോ അഞ്ചോ ബെഡ്ഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ ഒരു വൈദികൻ ആണെന്നറിഞ്ഞപ്പോൾ സത്രത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ഒരു കൊറിയൻ യുവതി എനിക്കായി ഒരു സിംഗിൾ റൂം സാധാരണ ഡോർമെറ്ററി ബെഡ് നിരക്കിൽ തരപ്പെടുത്തിത്തന്നു. അത്താഴത്തിനിടയിലെ ചർച്ചയിലാണ് മുട്ടുവേദനയ്ക്ക് ഒരുപക്ഷേ ഒരു നീ ക്യാപ് വാങ്ങുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായം ഉരുത്തിരിഞ്ഞു വന്നത്. നാളെ ഞായറാഴ്ച ആയതിനാൽ അടുത്ത ഗ്രാമത്തിൽ എവിടെയെങ്കിലും ഒരു കുർബാനയ്ക്ക് പങ്കുചേരുവാനും നീ ക്യാപ് വാങ്ങുവാനും തീരുമാനിച്ചു.

    സഞ്ചാരതൃഷ്ണയെ കീഴടക്കാൻ വേദനകളെ അനുവദിച്ചുകൂടായെന്ന് മനസ്സ് കൂടെക്കൂടെ ശഠിക്കുന്നുണ്ടെങ്കിലും വീണുപോയേക്കുമോയെന്ന് ഞാൻ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. തീവ്രമായ ആഗ്രഹത്തോടെ മോഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ പ്രകൃതി മുഴുവൻ കൂട്ടിനുണ്ടാകുമെന്ന പൗലോ കൊയിലോയുടെ ആൽക്കമിസ്റ്റിലെ സാന്റിയാഗോയുടെ ബോധ്യങ്ങൾ ഒരു ഉൾവിളി പോലെ മനസ്സിൽ ആവർത്തിക്കുമ്പോഴും ശരീരം കൊണ്ട് ഞാൻ ക്ഷീണിതനായേക്കുമോയെന്ന ശങ്ക ഡെമോക്ലീസിന്റെ വാള്‍ പോലെ എന്റെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്നുണ്ട്. അനുഭവിച്ചു തീർക്കുന്ന വേദനകളെ കാലം ഓർമ്മിക്കുന്നത് മധുരതരമായിട്ടായിരിക്കുമെന്ന കാവ്യനീതി ഇതെഴുതുന്ന സമയത്ത് എന്റെ പേനയെ ത്രസിപ്പിക്കുന്നതായി ഞാനറിയുന്നു.

    പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ, ഞാനല്ല എന്നിൽ വസിക്കുന്ന ക്രിസ്തുവായിരുന്നു എന്റെ സഹസഞ്ചാരി. എന്റെ പാദം ഇടറാതിരിക്കാൻ എനിക്കു മുന്നേ അവൻ നടന്നു. ഇപ്പോഴും എപ്പോഴും അവന്റെ കൃപയാണ്. ഞാൻ- അവനില്ലാത്തൊരു ഞാൻ അശക്തനും അധീരനുമാണ് …

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ മഹത്തായ തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ആശംസകൾ നേർന്നുകൊണ്ട്,

    ഫാ. തോമസ് കറുകയില്‍

    (തുടരും …)