ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (32)

കരുതലിന്റെ തണലിൽ…

ഫാ. തോമസ് കറുകയില്‍

കാളപ്പോരിന്റെ നാട്ടിലൂടെ യാത്രാസഞ്ചിയും ചുമലിലേറ്റി എന്റെ യാത്ര അവിരാമം തുടരുകയാണ്. ഗ്രാമ-നഗരവീഥികൾ പിന്നിട്ട് മുന്നേറുമ്പോഴും പുതിയ കാഴ്ചകളിലൂടെ ഞാൻ എന്നെത്തന്നെ ലക്ഷ്യത്തിനായി പ്രാപ്തനാക്കുകയാണ്. പിന്നിട്ടു കഴിഞ്ഞ പാതയിലെ ഓരോ നാഴികക്കല്ലും എന്നോടെന്തെങ്കിലും സംവദിച്ചിട്ടുണ്ടാവണം, അതെനിക്കുറപ്പാണ്. ഒരു അന്വേഷിയുടെ കൗതുകത്തോടെ ഞാൻ തിരഞ്ഞുനടന്ന വഴികളിലെല്ലാം എനിക്ക് ഉത്തരമരുളാൻ ഒരാളുണ്ടായിരുന്നു. കറുകപ്പള്ളിയുടെ അൾത്താരയിൽ നിന്നും കേട്ടുതുടങ്ങിയ, അകതാരിൽ എന്നും പ്രതിധ്വനിക്കുന്ന ഒരു ശബ്ദം. ആ ശബ്ദത്തിനായി കാതോർത്തു നിൽക്കുന്ന ബാലന്റെ കൗതുകം ഇപ്പോഴും എന്നെ വിട്ടൊഴിയുന്നില്ല എന്നതു തന്നെയാണ് ഈ യാത്ര കൊണ്ട്  ഇത്രയുമെങ്കിലുമൊക്കെ ശേഖരിച്ചെഴുതാൻ എന്നെ പ്രാപ്തനാക്കിയ പ്രധാന ഘടകമെന്നു എനിക്കുറപ്പാണ്.

ലക്ഷ്യത്തോടടുക്കുമ്പോൾ എല്ലാവർക്കുമുണ്ടാകുന്ന കൗതുകവും ഉത്കണ്ഠയും എന്നെ പിടികൂടാൻ തുടങ്ങിയിരിക്കുന്നു. എന്റെ കാലുകൾക്ക്‌ വേഗത കൂടുന്നു. ലക്ഷ്യം വളരെ അരികിലാണ്. യാത്രയുടെ അവസാനത്തിലേയ്ക്ക് ഇനി നൂറു കിലോമീറ്ററുകൾ മാത്രം. ഒന്ന് ആഞ്ഞുപിടിച്ചാൽ നാലു ദിവസങ്ങൾ കൊണ്ട് സാന്തിയാഗോയിലെത്താം. ഈ ദിവസങ്ങളിലെ നടപ്പിന്റെ വേഗതയനുസരിച്ച് അതത്ര വിഷമമുള്ള കാര്യമൊന്നുമല്ല. കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം ദിനവും ഇരുപത്തിയഞ്ചോ അതിലധികമോ കിലോമീറ്ററുകൾ നടക്കുന്നുണ്ട്.

പതിവുപോലെ രാവിലെ ഏഴു മണിക്ക് മുമ്പായി സത്രത്തിനടുത്തുള്ള റെസ്റ്റോറന്റിൽ നിന്നും ഒരു കട്ടൻകാപ്പിയും കുടിച്ച് നടക്കാനാരംഭിച്ചു. പത്തു കിലോമിറ്റർ അപ്പുറത്ത് പോർത്തോമാരിൻ (Portomarín) എന്നൊരു പട്ടണമുണ്ട്. ഇന്നത്തെ പ്രഭാതഭക്ഷണം അവിടെ നിന്നു തന്നെ എന്ന് തീർച്ചപ്പെടുത്തി. ഗൈഡ്‌ബുക്കിൽ കൊടുത്തിരുന്ന പോർത്തോമാരിനിലെ ദേവാലയത്തിന്റെ മുഖവാരത്തിന്റെ ചിത്രം കണ്ടപ്പോൾ തന്നെ മനസ്സ് മോഹിച്ചു തുടങ്ങിയതാണ്, ഈ പട്ടണത്തിൽ അൽപനേരം ചിലവഴിക്കണമെന്നുള്ളത്. അതുകൊണ്ടു തന്നെ പട്ടണത്തിനു മുമ്പുള്ള മൂന്നു നാലു ഗ്രാമങ്ങളിലൂടെ കടന്നുപോയിട്ടും കാപ്പി കുടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേയില്ല.

ഗലീഷ്യയിലേയ്ക്ക്‌ കടന്നപ്പോൾ മുതൽ ഗ്രാമങ്ങളിലെ ഒരു പതിവു കാഴ്ചയാണ് ഒറേയോ (Hórreo) എന്ന ചെറു ധാന്യപ്പുരകൾ. തടിയിലോ കല്ലുകൾ കൊണ്ടോ ഹോളോബ്രിക്‌സിലോ ഒക്കെ പണിയപ്പെട്ടിരിക്കുന്ന ഈ ചെറിയ കളപ്പുരകളിൽ മിക്കവയും എലിശല്യം ഒഴിവാക്കാൻ തൂണുകളിന്മേലാണ് ഉറപ്പിച്ചിരിക്കുന്നത്. ഇന്നത്തെ നടപ്പുവഴിയിലും ഗ്രാമങ്ങളിലെ കുറച്ചധികം ഭവനങ്ങളോടു ചേർന്ന് ഇവ കാണാൻ കഴിഞ്ഞു. നടത്തം ഗ്രാമങ്ങൾ പിന്നിട്ട് ഞാൻ പോർത്തോമാരിനിലെത്തി. മീഞ്ഞോ (Miño) നദിക്കു കുറുകെയുള്ള വലിയൊരു പാലം കടന്നാണ് പട്ടണത്തിലേയ്ക്ക്‌ പ്രവേശിക്കുക. പാലത്തിലെ റോഡ് അവസാനിക്കുന്ന ഒരു ഭാഗത്ത് മുകളിലേയ്ക്കു‌ള്ള പടവുകളുണ്ട്. തീർത്ഥാടകാരിൽ ഒന്നോ രണ്ടോ പേർ പടവുകൾ കയറിപ്പോകുന്നുണ്ട്. പക്ഷെ, ബാക്കിയുള്ള മിക്കവരും പാലത്തിൽ നിന്നും ഇടത്തേയ്ക്ക്‌ തിരിഞ്ഞു റോഡിനു സമാന്തരമായ വഴിയിലൂടെ നടക്കുകയാണ്. ഞാനും അവരോടൊപ്പം കൂടി.കുറെ ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് പട്ടണത്തിൽ നിന്നും പുറത്തേയ്ക്കാ‌ണ് നടക്കുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞത്.

പട്ടണം ഒഴിവാക്കി പോകുന്നവരോടൊപ്പമാണ് ഞാൻ അറിയാതെ കൂടിയത്. മോഹിച്ചു കാത്തിരുന്ന പോർത്തോമാരിൻ പട്ടണവും അതിലെ മനോഹരമായ ദേവാലയവും കാണാൻ പറ്റില്ലെന്നുള്ളതു മാത്രമല്ല പ്രശ്‍നം. കാപ്പി കുടിക്കുവാൻ ഇനി ഒരു സൗകര്യം ഉടനെയൊന്നും കാണാനും സാധ്യതയില്ല. എന്തു തന്നെയായാലും തിരിച്ചു നടക്കുക എന്നത് പതിവില്ലാത്തതുകൊണ്ട് മുന്നോട്ട് നടക്കുവാൻ തീരുമാനിച്ചു. എന്റെ  ഉള്ളിലെ സംശയം വച്ചുകൊണ്ട് പിന്നീടുള്ള ഏകദേശം, എട്ടു കിലോമീറ്ററുകൾ കാടിനുള്ളിലുള്ള വഴിയിലൂടെ തന്നെയായിരുന്നു നടത്തം.

എന്നിരുന്നാലും അവസാന നൂറു കിലോമീറ്ററിനുള്ളിലായതുകൊണ്ട് എവിടെയെങ്കിലും എന്തെങ്കിലും കഴിക്കാൻ സൗകര്യം ഉണ്ടാവും എന്ന ചെറിയൊരു പ്രതീക്ഷ മനസ്സിലുണ്ടായിരുന്നു. ഓരോ കിലോമീറ്റർ കഴിയുന്തോറും അതും അസ്തമിച്ചു തുടങ്ങി. കഴിഞ്ഞ ഇരുപത്തിയെട്ടു ദിവസവും ഏകദേശം പത്തു മണിക്ക് മുമ്പായി എവിടെ നിന്നെങ്കിലും പ്രാതൽ കഴിക്കുവാൻ സൗകര്യപ്പെടും വിധമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. ഇതിപ്പോൾ നടത്തം തുടങ്ങിയിട്ട് മണിക്കൂറുകൾ അഞ്ചു കഴിഞ്ഞു. രാവിലെ കുടിച്ച കട്ടൻകാപ്പി മാത്രമാണ് ഇന്നീ നേരം വരെ കഴിച്ചിട്ടുള്ളത്. വെള്ളം തീർന്നുപോയ ഇന്നലത്തെ അനുഭവം മനസ്സിലുള്ളതു കൊണ്ട്, ഗ്രാമങ്ങളിലെ പൊതു ടാപ്പുകളിൽ നിന്നും കരുതിയിട്ടുള്ള പച്ചവെള്ളം മാത്രമാണ് ഇപ്പോൾ ആശ്രയം. വിശപ്പും ക്ഷീണവും പതിവില്ലാതെ പിടിമുറുക്കുന്നു. കടന്നുപോകുന്ന തീർത്ഥാടകരുടെ പക്കൽ നിന്നും എന്തെങ്കിലും കഴിക്കുവാനുണ്ടോ എന്നു തിരക്കണമെന്നു പോലും ഒരു വേള കരുതി. ഈ എട്ടു കിലോമീറ്ററുകൾ, ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും കാഠിന്യമേറിയതാണെന്നു തോന്നിത്തുടങ്ങി. ഏകദേശം പന്ത്രണ്ടരയോടടുത്തപ്പോൾ വഴിയിലെ ഗോൺസാർ (Gonzar) എന്ന ഗ്രാമത്തിലെത്തി. ആദ്യം കണ്ട റെസ്റ്റോറന്റിലേയ്ക്ക് തന്നെ ഓടിക്കയറി.

ഞാൻ അവിടെ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ റോമനും അലെൻകയും പോർത്തോമാരിനും സന്ദർശിച്ച് അവിടെ നിന്നും പ്രഭാതഭക്ഷണവും കഴിച്ചു ഉച്ചഭക്ഷണത്തിനായി ഞാൻ ഇരുന്ന റെസ്റ്റൊറെന്റിലേയ്ക്ക് തന്നെ വന്നുകയറിയത്. അവരോടൊപ്പം കുശലം പറഞ്ഞിരുന്ന് ഭക്ഷണവും കഴിച്ച് പാസ്പോര്‍ട്ടിലെ ഇന്നത്തെ ആദ്യ സീലും പതിപ്പിച്ച് ഞങ്ങൾ മുന്നോട്ടുനടന്നു. അരമണിക്കൂറിനുള്ളിൽ ഞങ്ങൾ കാസ്‌ട്രോമയോറിലെത്തി (Castromaior). മഴ മേഘങ്ങൾ ഇരുണ്ടുകൂടുന്നു. നല്ലൊരു മഴ വരാൻ സാധ്യതയുണ്ടെന്ന തോന്നലിൽ അവർ തോൾസഞ്ചിയിൽ നിന്നും മഴക്കോട്ടുകൾ പുറത്തേയ്‌ക്കെടുത്തു. എന്തോ ഈ മേഘങ്ങൾ മഴയായി പൊഴിയാൻ സാധ്യതയില്ലെന്ന് എന്റെ മനസ്സു പറയുന്നതിനാൽ കോട്ടെടുക്കാൻ മുതിരാതെ ഞാൻ മുന്നോട്ടുനടന്നു. എന്റെ പ്രതീക്ഷകൾക്കു വിപരീതമായി ഞങ്ങളെയെല്ലാം ഞെട്ടിച്ച് ആകാശത്തൊരു വെള്ളിടി മുഴങ്ങി. പേടിച്ചിരണ്ട റോമനും അലെൻകയും യാത്ര മതിയാക്കി അടുത്തുകണ്ട കടത്തിണ്ണയിലേയ്ക്ക്‌ ഓടിക്കയറി. എനിക്ക് യാത്ര തുടർന്നേ മതിയാകൂ. മൂടിക്കെട്ടിയ ആകാശത്തെയും തണുത്തു തഴുകുന്ന കാറ്റിനെയും അവഗണിച്ച് ഞാൻ മുന്നോട്ടുതന്നെ നടന്നു. ചന്നംപിന്നം മഴ പെയ്യുവാൻ തുടങ്ങി. തകർത്തു പെയ്യുമെന്നു കരുതിയ മഴ ചെറിയൊരു ചാറ്റലിൽ അവസാനിച്ചു.

പൊയ്തൊഴിഞ്ഞ മാനവും നോക്കി ഓസ്‌പിറ്റാൽ ദ ക്രൂസിലേയ്ക്കു‌ള്ള (Hopspital da Cruz) വഴിയേ പതിയെ നടക്കുമ്പോളാണ് ന്യൂസിലാൻഡിൽ നിന്നുള്ള ഐറിനെ വീണ്ടും കണ്ടുമുട്ടിയത്. രണ്ടാഴ്ച മുമ്പ് ഏതോ ഒരു സത്രത്തിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. പിറ്റേദിവസം എന്നെയും പിന്നിട്ട് ശരവേഗത്തിൽ കടന്നുപോയ ഇവളെ വഴിയിലിനി കണ്ടുമുട്ടാൻ സാധ്യതയേ ഇല്ലെന്നു കരുതിയതാണ്. അപ്പോഴാണ്‌ അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ. ചോദിച്ചു വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇപ്പോള്‍ അവള്‍ ഒറ്റയ്ക്കല്ല നടക്കുന്നത്. അവളോടൊപ്പം അവളുടെ മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. എഴുപതുകൾ പിന്നിട്ട അവരുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു എണ്ണൂറു കിലോമിറ്ററുകൾ നീണ്ട, യാക്കോബിന്റെ വഴി മുഴുവൻ നടക്കുകയെന്നത്. പക്ഷെ, പ്രായം ഒരു വിലങ്ങുതടിയായി തങ്ങളുടെ സ്വപ്നപൂർത്തീകരണം അസാധ്യമെന്നു കരുതിയിരുന്നപ്പോഴാണ്, കൊച്ചുമകൾ ഈ യാത്രയ്ക്കി‌റങ്ങിയത്. എന്നാൽ, അവളോടൊപ്പം അവസാന നൂറു കിലോമീറ്ററുകളെങ്കിലും നടക്കാനൊരുങ്ങി സരിയയിൽ (Sarria) വച്ച് ഒപ്പം കൂടിയിരിക്കുകയാണ് രണ്ടു പേരും.

ആവശ്യത്തിനു വിശ്രമിച്ച് ഓരോ ദിവസവും ഏതാനും കിലോമീറ്ററുകൾ മാത്രം വളരെ പതുക്കെ നടന്നു തങ്ങളുടെ സ്വപ്നം സഫലമാക്കാൻ ശ്രമിക്കുന്ന അവരോടൊപ്പം നടക്കുന്നതുകൊണ്ടാണ് ഐറിന്റെ നടപ്പും ഇപ്പോൾ മന്ദഗതിയിലായത്. ചില സ്വപ്‌നങ്ങൾ അങ്ങനെയാണ്. സഫലമാകുവാൻ ചിലപ്പോൾ ഒരായുസ്സ് മുഴുവൻ കാത്തിരിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും എന്നെങ്കിലുമൊരിക്കൽ എനിക്കിതിനാവും എന്ന പ്രതീക്ഷയാണല്ലോ നമ്മെയോരോരുത്തരെയും മുന്നോട്ട് നയിക്കുക. ആത്മാർത്ഥമായ ആഗ്രഹങ്ങൾ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിറവേറ്റപ്പെടുമെന്നു തന്നെയാണ് ഇതുവരെയുള്ള എന്റെ അനുഭവം എന്നെ പഠിപ്പിക്കുന്നത്. ജീവിതം നൽകുന്ന പാഠങ്ങളുമോർത്തുള്ള നടത്തം ഇന്ന് അവസാനിച്ചത് ഐറേക്സെ (Airexe) എന്ന ഗ്രാമത്തിലെ സത്രത്തിലായിരുന്നു. ഇനി 73 കിലോമീറ്ററുകൾ കൂടി.

അറിയപ്പെടാത്ത ദേശങ്ങളിൽ
അവനെനിക്കു മുന്നേ നടക്കുന്നു
ആപത്തുകളിൽ കരവലയം
തീർത്തവനെന്റെ സുഹൃത്തും
രക്ഷിതാവുമാകുന്നു…

നിന്റെ കരത്തിനു കീഴിൽ
ഞാൻ എന്നും സുരക്ഷിതനാണ്
നല്ല ദൈവമേ, എല്ലാ മഹത്വവും
നിനക്കുള്ളതാകുന്നു…

ഫാ. തോമസ്‌ കറുകയില്‍