ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (31)

കാനനഭംഗിയിൽ…

ഫാ. തോമസ് കറുകയില്‍

നടന്നുതീർത്ത വഴികളിൽ എനിക്ക് ചുറ്റുമൊരു കാവലുണ്ടായിരുന്നു. ഭയമോ ക്ഷീണമോ ആലസ്യമോ തോന്നിപ്പിക്കാതെ എന്നെ നേർവഴിക്ക് നടത്തുന്ന ഒരു അഭൗമതേജസ് എനിക്ക് സംരക്ഷണം ഒരുക്കുന്നതായി നടപ്പാതകളിലെമ്പാടും എനിക്ക് അനുഭവവേദ്യമായിരുന്നു. ആദ്യ ആഴ്ചയിലെ ചില്ലറ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മുൻനടത്തങ്ങളിൽ ഒരിക്കൽപ്പോലും ഞാൻ, ‘ഈ യാത്രയൊന്നു തീർന്നിരുന്നെങ്കിൽ’ എന്നു മോഹിച്ചിട്ടില്ല എന്നതു തന്നെയാണ് ആ സംരക്ഷണത്തിന്റെ തണലിനെക്കുറിച്ചുള്ള ബോധം എന്നിൽ ജനിപ്പിക്കുന്നത്. പാതി വഴിയിൽ നിന്നുപോയേക്കുമോയെന്ന ഭയപ്പാടോടെ തുടങ്ങിയ യാത്ര പരിസമാപ്‌തിയോടടുക്കുന്നു. ബലഹീനമായ എൻറെ പാദങ്ങൾ കൊണ്ട് ഞാൻ കല്ലും മുള്ളും മഞ്ഞു വീണ പുൽപ്പടർപ്പും നിറഞ്ഞ എഴുന്നൂറോളം കിലോമീറ്ററുകൾ താണ്ടിക്കഴിഞ്ഞിരിക്കുന്നു. ആശ്രമത്തിലെ അന്തിയുറക്കം കഴിഞ്ഞതും അകലെയല്ലാതെ ലക്ഷ്യത്തിലേയ്ക്ക് അത്യാഹ്ലാദത്തോടെ ഞാൻ നടന്നു തുടങ്ങി.

കേവലം 123 കിലോമീറ്ററുകൾ മാത്രമാണിപ്പോൾ ഞാനും എന്റെ സ്വപ്നവും തമ്മിലുള്ള ദൂരം. സാമോസ് നഗരം കഴിഞ്ഞയുടനെ തന്നെ വഴി വീണ്ടും രണ്ടായി പിരിയുന്നുണ്ട്. പതിവുപോലെ ഒരു വഴി ഹൈവേയ്ക്ക് അരികിലൂടെ തന്നെ. എന്നാൽ മറ്റേ വഴി ഇത്തവണ വയലുകൾക്കിടയിലൂടെയല്ല. മറിച്ച്, കാട്ടിലൂടെയാണ്. കാട്ടിലൂടെയുള്ള വഴി തിരഞ്ഞെടുക്കാനായിരുന്നു എന്റെ തീരുമാനം. കാനനഭംഗി ആസ്വദിച്ചുള്ള നടത്തം ഇടയ്ക്കുള്ള ചെറുഗ്രാമങ്ങൾ പിന്നിട്ട് സരിയായിൽ (Sarria) എത്തി.

സാന്തിയാഗോയിൽ നിന്നും 114 കിലോമീറ്ററുകൾ അകലെയുള്ള ഈ നഗരം ഗലീഷ്യയിൽ, സാന്തിയാഗോ കഴിഞ്ഞാൽ ഏറ്റവും വലിപ്പമുള്ള നഗരമാണ്. കാൽനട തീർത്ഥാടനം ഔദ്യോഗികമായി അംഗീകരിക്കപ്പെടാൻ നൂറ് കിലോമീറ്ററെങ്കിലും നടക്കണമെന്നുള്ളതുകൊണ്ട് വലിയ തീർത്ഥാടനങ്ങൾ നടത്തുവാൻ ആരോഗ്യമോ പ്രായമോ സമയമോ അനുവദിക്കാത്തവർ തങ്ങളുടെ നടത്തം ആരംഭിക്കുക ഇവിടെ നിന്നാണ്. ഈ നഗരത്തിലേയ്ക്ക് എത്തിച്ചേരാനുള്ള യാത്രാസൗകര്യങ്ങളുടെയും താമസിക്കാനുള്ള സത്രങ്ങളുടെ ലഭ്യതയും ആവാം, പതിനാല് കിലോമീറ്റർ കൂടുതലാണെങ്കിലും ഇവിടെ നിന്നും നടത്തമാരംഭിക്കുവാനുള്ള കാരണം. ഇവിടം മുതൽ പിൽഗ്രിംസ് പാസ്സ്പോർട്ടിൽ ദിവസവും രണ്ടു സീലുകൾ ആവശ്യമാണ്. താമസിക്കുന്ന സത്രങ്ങളിൽ നിന്നും ലഭിക്കുന്നതു കൂടാതെ, വഴിയരികിലുള്ള കടകളിലോ റെസ്റ്റോറെന്റുകളിലോ നിന്നും സീലുകൾ പതിപ്പിച്ചെടുക്കാവുന്നതാണ്.

800 കിലോമീറ്ററുകൾ നീണ്ട തീർത്ഥാടനം സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്നിട്ട് അത് പൂർത്തീകരിക്കാനാവാതെ പോയ പലരെയും ഇനിയുള്ള വഴിയിൽ കണ്ടെത്താനാവും. അതുകൊണ്ടു തന്നെ ഇനിയുള്ള ഗ്രാമങ്ങളിൽ സത്രങ്ങൾ ഒരുപാടുണ്ടെങ്കിലും അവയിൽ ഒരു സ്ഥലം കണ്ടെത്തിയെടുക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. മുൻകൂട്ടി റിസേർവ് ചെയ്യുന്നതാണ് നല്ലതെന്ന് സഹയാത്രികരിൽ പലരും ഉപദേശിച്ചെങ്കിലും ഞാൻ എത്ര ദൂരം നടക്കുമെന്ന് എനിക്ക് ഇപ്പോഴും തീർച്ചയില്ലാത്തതിനാൽ ആ സാഹസത്തിന് ഞാൻ മുതിർന്നില്ല. ഒരു അപകടവും കൂടാതെ കൈപിടിച്ചു നടത്തിയ ദൈവം ഇവിടെയും കൂടെയുണ്ടാവും. കൂടെ നടന്നവരോ ഒരു വേള, ഞാൻ പോലുമോ കരുതിയതല്ല ഇത്രയും ദൂരം എനിക്ക് നടക്കാൻ സാധിക്കുമെന്നത്. എന്റെ സ്ഥൈര്യത്തോടൊപ്പം ദൈവകൃപ കൂടി ചേർന്നപ്പോഴാണ് ഈ ദൂരം വരെ എനിക്ക് താണ്ടാനായത്. ഇനിയുമവൻ കൂടെയുണ്ടാവും.

സരിയയിലെ മനോഹരമായ ദേവാലയം സന്ദർശിച്ചു പതിവ് പ്രാർത്ഥനകളും കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് അമേരിക്കയിൽ നിന്നുള്ള സൂസെയ്ൻ എന്ന, അറുപത് കഴിഞ്ഞ ആ സ്ത്രീയെ കണ്ടുമുട്ടുന്നത്. ഈ യാത്രയുടെ തുടക്കത്തിലെവിടെയോ വഴിയിൽ ഞങ്ങൾ കണ്ടുമുട്ടി കുറച്ചധികം സംസാരിച്ചിരുന്നു. ദിവസവും ഒരുപാട് ആൾക്കാരോട് സംസാരിച്ചു പോരുന്ന എനിക്ക് അവരെ ഓർത്തെടുക്കാനായില്ല. തീർത്ഥാടകരുടെയിടയിലെ ഏക ‘ഇരുണ്ട ചർമ്മക്കാരനായ വൈദീകൻ’ എന്ന നിലയിൽ എന്നെ ഓർത്തെടുക്കാൻ അവർക്ക് എളുപ്പമായിരുന്നു. മനഃശാന്തിക്കായി ചെറുപ്പത്തിൽ നോർത്ത് ഇന്ത്യയിലെ പല ആശ്രമങ്ങളുൾപ്പടെ സന്ദർശിക്കുകയും അനേകം യാത്രകൾ നടത്തുകയും ചെയ്തിട്ടുള്ള സുസെയ്‌ന്റെ അവസാന പരിശ്രമങ്ങളിലൊന്നായിരുന്നു ഈ തീർത്ഥയാത്ര. പക്ഷെ, ഇപ്പോൾ അവർ ഒന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്ര വലിയൊരു യാത്ര നടത്തുവാൻ മനസ്സ് സന്നദ്ധമെങ്കിലും ശരീരത്തിന് പരിമിതികളുണ്ട് എന്ന്. തുടക്കത്തിലെ ഏതാണ്ട് 200 കിലോമീറ്ററുകൾക്കു ശേഷം കുറച്ച് വിശ്രമിച്ചിട്ട് ബസ് കയറി ഇവിടെ വന്ന് അവസാന 114 കിലോമീറ്ററുകളിലെ നടത്തം പള്ളിയിൽ നിന്ന് തുടങ്ങാൻ വരുന്ന വഴിയാണ് ഞാനുമായുള്ള പുനഃസമാഗമം. പഴയ ഓർമ്മകൾ പുതുക്കി, സൂസെയ്‌ന് ഭാവുകങ്ങൾ നേർന്ന് ഞാൻ മുന്നോട്ടു നടന്നു.

യാത്രയിൽ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. എല്ലാവരും തേടുന്നത് ഒന്നു തന്നെയാണ്. മനസ്സിന്റെ ശാന്തി. ഈ യാത്ര എന്നല്ല, ഒരു യാത്രയും നിതാന്തമായ ശാന്തി വാഗ്‌ദാനം ചെയ്യുന്നില്ല. യാത്ര- അതു ചെയ്യുന്ന സമയത്തേയ്ക്ക് മറ്റെല്ലാ ചിന്തകളിൽ നിന്നും നമ്മെ അകറ്റി താൽക്കാലിക ശാന്തി പ്രദാനം ചെയുന്നുണ്ടെങ്കിലും ‘യാത്രയിൽ’ തന്നെ നാം ശാന്തി കണ്ടെത്തിയാൽ ജീവിതം മുഴുവൻ യാത്രയിലായിരിക്കേണ്ടി വരുമല്ലോ? ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുനിന്നു കൊണ്ട് മനസ്സിന് ശാന്തി നൽകുന്നതെന്തോ, അത് കണ്ടെത്തുവാനുള്ള ഒരു അവസരം ഒരുക്കിത്തരുക മാത്രമാണ് യാത്ര ചെയ്യുന്നത്. നമുക്ക് സ്വയം അത് കണ്ടെത്തുവാനുള്ള അവസരം മാത്രമാണ് യാത്ര. യാത്ര, അതിൽ തന്നെ ഒരു ഉത്തരമല്ല. ഉത്തരങ്ങൾ തേടിയാണ് നാം യാത്ര ചെയ്യുക. കണ്ടെത്തിയവ പ്രയോഗിക്കാമാക്കുന്നവർക്ക് ഈ യാത്ര ഉപകാരപ്രദമാണ്. അല്ലാത്തവർ യാത്ര തന്നെയാണ് ഉത്തരമെന്നു കരുതി യാത്ര തുടർന്നു കൊണ്ടേയിരിക്കും… ജീവിതാവസാനം വരെ…

ഒന്ന് എനിക്കുറപ്പാണ്. ഒരുപാട് ഉത്തരങ്ങൾ തേടിയൊന്നുമല്ലായിരുന്നു എന്റെ യാത്ര. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിവുള്ളവനെ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അവനിലുള്ള എന്റെ വിശ്വാസവും ആശ്രയബോധവും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായിരുന്നു ഈ യാത്രയിലെ അനുഭവങ്ങളൊക്കെയും. ചിന്തയിൽ മുഴുകി ഞാൻ മുന്നോട്ടു നടന്നു. നടത്തം നഗരാതിർത്തിയിലുള്ള മഗ്ദലന മറിയത്തിന്റെ പേരിലുള്ള ആശ്രമവും കടന്ന് മുന്നോട്ടു പോയി.

ഇനി ഒരല്പനേരം റെയിൽവേ ട്രാക്കുകൾക്കരികിലൂടെയാണ് നടത്തം. ചെറുപ്പത്തിൽ ആലപ്പുഴയിലൂടെ, തീരദേശ റെയിൽവേ വന്നപ്പോഴാണ് ഞാൻ ആദ്യമായി ട്രെയിൻ കാണുന്നത്. അമ്മവീടിനടുത്തുള്ള പൂങ്കാവ് പള്ളിയുടെ മുന്നിലൂടെയുള്ള റെയിൽവേ ട്രാക്കുകളിലൂടെ ട്രെയിൻ പോകുന്നത് കാണുവാൻ കളിയൊക്കെ നിർത്തി അവിടെ പോയി നോക്കിനിൽക്കുമായിരുന്നു. ആ ട്രാക്കുകളിലൂടെ നടന്നതും ട്രെയിൻ വരുന്നുണ്ടോ എന്നറിയാൻ റെയിൽവേ ട്രാക്കിൽ തല വച്ചു നോക്കിയതുമൊക്കെയോർത്ത് ഞാൻ എന്റെ നടത്തം തുടർന്നു. അവസാന 100 കിലോമീറ്ററുകൾ നടക്കാൻ ഒരുപാട് തീർത്ഥാടകർ ഉണ്ടെന്നാണ് പറയപ്പെടുന്നതെങ്കിലും ഉച്ച കഴിഞ്ഞതു കൊണ്ടാവണം വഴിയിലെങ്ങും ആരെയും കാണാനില്ല.

ബാർബെഡെല്ലോ കഴിഞ്ഞതും കൈയ്യിലുള്ള വെള്ളം തീർന്നു. സാധാരണയായി പതിവില്ലാത്ത ഒന്നാണത്. ഇനി വെള്ളം നിറയ്ക്കണമെങ്കിൽ ഒരുപക്ഷെ, മൂന്നു കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലെത്തണം. വെള്ളം ഇല്ല എന്നുള്ള തോന്നൽ കൊണ്ടാവണം, ദാഹവും കലശലായി തുടങ്ങി. പെട്ടെന്ന് വഴിയരികിൽ, ഒറ്റപ്പെട്ട ഒരു ഭവനം കാണാനിടയായി. ഒരു കർഷകഭവനം ആണെന്നു തോന്നുന്നു. ആളുണ്ടാവുമോ എന്നുറപ്പില്ല. എന്തായാലും നോക്കാനുറപ്പിച്ച് വാതിലിൽ മുട്ടി. വൃദ്ധയായ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. അപ്രതീക്ഷിതമായ അതിഥിയെക്കണ്ട അവർ ഒന്ന് അമ്പരന്നു എന്നുറപ്പ്. കുപ്പി മുന്നോട്ടു നീട്ടി അറിയാവുന്ന മുറിസ്പാനിഷിൽ വെള്ളം ചോദിച്ചു. അകത്തയ്ക്കു പോയി വെള്ളവുമായി വരും എന്നുകരുതിയ എന്നെ അമ്പരപ്പിച്ച് അവർ പുറത്തേയ്ക്കു നടന്നു. മുറ്റത്തു കിടന്നിരുന്ന ട്രാക്ക്റ്ററിന്റെ മറവിൽ വീടിന്റെ ഭിത്തിയോടു ചേർന്നുള്ള പൈപ്പ് ഓൺ ആക്കി. പൈപ്പിനോട് ചേർത്തുവച്ചിരുന്ന ചെടി നനയ്ക്കുവാനായുള്ള ഹോസിലൂടെ വന്ന വെള്ളം എന്റെ കുപ്പിയിലേയ്ക്കവർ നിറച്ചുതന്നു. ഒരുപക്ഷെ, അവരും ഈ വെള്ളമായിരിക്കും കുടിക്കുന്നത്. എന്നിരുന്നാലും മനസ്സിന് അതങ്ങോട്ട് അംഗീകരിക്കാൻ ഒരു മടി. പക്ഷെ, ദാഹിച്ച്‌ തൊണ്ട വരണ്ടിരിക്കുന്നതുകൊണ്ട് മറ്റൊന്നും കാര്യമാക്കിയില്ല. കുപ്പിയിലെ വെള്ളം കുടിച്ചിട്ട് വീണ്ടും നിറയ്ക്കുവാൻ മുന്നോട്ടു നീട്ടി.

അവസാന നൂറു കിലോമീറ്ററിൽ സത്രങ്ങൾ ലഭിക്കുവാൻ ബുദ്ധിമുട്ടാവും എന്ന സഹതീർത്ഥാടകരുടെ ഉപദേശം ശരിവയ്ക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവം. പക്ഷെ, എനിക്ക് ഒരുപാട് തിരഞ്ഞുനടക്കേണ്ടി വന്നില്ല. സാന്തിയാഗോയ്ക്ക് കൃത്യം 100 കിലോമീറ്ററുകൾക്കു മുമ്പ് ഫെറൈറോസ് (Ferreiros) എന്ന ഗ്രാമത്തിലെ ഒരു സത്രത്തിൽ എനിക്ക് ഇടം ലഭിച്ചു. അതിവിശാലമായ പുതിയ ഒരു സത്രം. വാഷിംഗ്‌ മെഷിനും ഡ്രയറും ഉണ്ടായിരുന്നതുകൊണ്ട് വസ്ത്രങ്ങളെല്ലാം തന്നെ അലക്കിയെടുത്ത് തിരിച്ചുവന്നപ്പോൾ എന്നെയും കാത്ത് സ്ലോവേനിയൻ സുഹൃത്തുക്കൾ, റോമനും അലെൻകയും അവിടെയുണ്ടായിരുന്നു. ഇന്ന് അവരും ഈ സത്രത്തിലാണ് തങ്ങുന്നത്. അവരോടൊപ്പം അത്താഴവും കഴിച്ച് 100 കിലോമീറ്റർ അകലെ എന്നെയും കാത്തിരിക്കുന്ന എന്റെ ലക്ഷ്യവും സ്വപ്നം കണ്ട് ഞാനുറങ്ങി.

എസ്പാനയുടെ ആകാശത്തിനിപ്പോൾ
മുമ്പെങ്ങുമില്ലാത്തൊരു പ്രശാന്തതയുണ്ട്
സൂക്ഷ്മദർശിനിയിലെന്ന പോലെ
ആ ദേവാലയവിളക്കെന്റെ
അകതാരിലും തെളിഞ്ഞു കത്തുന്നുണ്ട്…

ഫാ. തോമസ് കറുകയിൽ