ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (30)

ഫാ. തോമസ് കറുകയില്‍

ചരിത്രം പഠിപ്പിക്കുന്ന വഴികള്‍

വലിയ നോമ്പു തുടങ്ങിക്കഴിഞ്ഞാൽ ഞങ്ങളുടെ വഴികളിൽ അപൂർവ്വമെങ്കിലും കാഷായ വസ്ത്രധാരികളായ ചിലരെ കാണാം. മലയാറ്റൂരെന്ന ലക്ഷ്യത്തിലേയ്ക്ക് പതിയെ നടന്നുപോകുന്ന രണ്ടോ മൂന്നോ അതിലധികമോ അടങ്ങുന്ന കൊച്ചുസംഘങ്ങൾ വഴിയോരത്തു കാണുന്ന പള്ളികളിൽ കയറി വിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഒരു പതിവു കാഴ്‌ചയായിരുന്നു. എന്നെങ്കിലുമൊരിക്കൽ ഈ കാഷായ വസ്ത്രധാരികളില്‍ ഒരാളായി ഞാനും കയറിപറ്റുമെന്ന് മനസ് പറഞ്ഞിരുന്നു. വലിയ യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന എന്നിലെ, ഞാൻ ആദ്യമായി മോഹിച്ച ലക്ഷ്യവും ഒരുപക്ഷെ, അതായിരുന്നിരിക്കണം.

എന്തിനു വേണ്ടിയാണ് ഈ യാത്ര..?

യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ നാൾ മുതൽ ഇന്നുവരെ കേട്ടുപരിചിതമായി തീർന്ന ചോദ്യമാണിത്. ഉത്തരങ്ങൾക്കായി പതിവ് പല്ലവികൾക്കപ്പുറം ഞാൻ ഒരിക്കലും ചിന്തിച്ചിട്ടേയില്ല, ഇന്നലെയൊഴിച്ച്. ഇന്നലെ അത്താഴമേശയിൽ, ഓസ്‌ട്രേലിയയിൽ നിന്നുള്ള ജെന്നിഫെർ, ഈ പതിവ് ചോദ്യമെറിഞ്ഞപ്പോൾ മനസ്സിലേക്ക് വന്നത് സ്ഥിരം ഉത്തരങ്ങൾ ഒന്നുമായിരുന്നില്ല – ‘ഇതൊരു പരീക്ഷണ നടത്തം’ ആണെന്നായിരുന്നു അപ്പോഴത്തെ എന്റെ മറുപടി. ഇതേപോലൊരു വലിയ യാത്രക്കു മുമ്പുള്ള ട്രയൽ റൺ.

ചരിത്രകുതുകിയായ എന്റെ വായനകൾക്കിടയിൽ  എവിടെയോ ആണ് ഞാനത് വായിച്ചിട്ടുള്ളത്. വി. യാക്കോബ് അപ്പോസ്തലന്റെ സാന്തിയാഗോയിലുള്ള ഖബറിടത്തിങ്കലേയ്ക്കു മാത്രമല്ല, ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹായുടെ ഖബറിടം സ്ഥിതി ചെയ്യുന്ന മൈലാപ്പൂരിലേയ്ക്കും കാൽനട തീർത്ഥാടനം പതിവുണ്ടായിരുന്നെത്രെ..! കാലാന്തരത്തിൽ കൈമോശം വന്നുപോയ പാരമ്പര്യങ്ങളിലൊന്നാണത്. എന്നെങ്കിലുമൊരിക്കൽ ഈ തീർത്ഥയാത്രയ്ക്കു പോകണം. നിരണത്തു നിന്നു മൈലാപ്പൂരിലേയ്ക്ക് കാൽനടയായി. അതാണെന്റെ യഥാർത്ഥ തീർത്ഥയാത്ര. അതിനുള്ളൊരു മുന്നൊരുക്കം മാത്രമാണ് ഈപ്പോഴത്തെ ഈ യാത്ര. ഇന്നലെ വരെ നടന്നുതീർത്ത ഏകദേശം 650 കിലോമിറ്ററുകൾ, പകർന്നു നൽകിയ ആത്മവിശ്വാസം ഒന്നു കൊണ്ടാവാം അറിയാതെയെങ്കിലും മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന ഈ ഉത്തരം എന്നിൽ നിന്നും പുറത്തേയ്ക്കു വന്നത്.

ഇന്ത്യക്കാരനാണെന്നു പറയുമ്പോൾ, ഇന്ത്യയിൽ അതിന് ക്രിസ്താനികളുണ്ടോ എന്നു ചോദിച്ചിരുന്ന മറ്റു പല തീർത്ഥാടകാരിൽ നിന്നും വ്യത്യസ്തയായിരുന്നു ജെന്നിഫർ. എന്റെ പേര് തോമസ് ആണെന്നു പറഞ്ഞപ്പോൾ തന്നെ ‘നീ, ഈ പേരേ പറയുവാൻ സാധ്യതയുള്ളൂവെന്ന് എനിക്കറിയാമായിരുന്നു’ എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ മാർത്തോമാ ക്രിസ്താനികളെക്കുറിച്ചും ആധികാരികമായി സംസാരിച്ച ജെന്നിഫെറിന്റെ സ്വാധീനവും ഒരുപക്ഷെ, മനസ്സിലെ ഈ സ്വപ്നം അറിയാതെ പുറത്തേയ്ക്കു തെറിച്ച ഈ ഉത്തരത്തിനു പിന്നിലുണ്ടാവാം. എന്തു തന്നെയായാലും അതൊരു സ്വപ്നമായി പണ്ടേ തന്നെ ബക്കറ്റ് ലിസ്റ്റിൽ കയറിക്കൂടിയിട്ടുള്ളതാണ്. എന്ന് അതിനാവുമെന്നതിന് ഇനിയെപ്പോഴെങ്കിലും അതിനു സാധിക്കുമോയെന്നും ഒരു തീർച്ചയും ഇല്ലെന്നു മാത്രം. മരിക്കും മുമ്പെപ്പോഴെങ്കിലും ആ മോഹവും സഫലീകരിക്കപ്പെട്ടേക്കാം.

ആൾട്ടോ ദോ പൊയ്‌യോയിൽ (Alto do Poio) നിന്ന് നടപ്പ് തുടങ്ങുമ്പോഴും ഇതു തന്നെയായിരുന്നു മനസ്സിലെ ചിന്ത. മൂടൽമഞ്ഞു മാറിയിട്ടില്ലാത്ത മലമ്പാതകളിലൂടെ അരിച്ചിറങ്ങുന്ന നനുത്ത വെളിച്ചത്തിലാണ് ഇന്ന് എന്റെ മുന്നോട്ടുള്ള പ്രയാണം. മലനിരകൾക്കങ്ങകലെ മഴ പെയ്തു തോർന്ന മാനത്ത് മാരിവില്ല് തെളിഞ്ഞുനിൽക്കുന്നത് കോടമഞ്ഞിനിടയിലൂടെ കണ്ട് ആസ്വദിച്ചു കൊണ്ടുള്ള ഒരു സുന്ദരയാത്ര. ഇന്നത്തെ നടത്തത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. ഫോൻഫ്രിയയിലേക്ക് (Fonfria) ഇനി കീഴ്ക്കാംതൂക്കായി മലയിറങ്ങുകയാണ്. ഫോൻഫ്രിയായും കടന്ന് ഓ ബിഡുഎഡോ (O BIduedo) യിലേക്കെത്തുമ്പോൾ വഴിയിൽ മനോഹരമായ ഒരു കുഞ്ഞുദേവാലയമുണ്ട്.

ചെറിയ ചെറിയ ഗ്രാമങ്ങൾ കടന്ന്, കയറിയും ഇറങ്ങിയും നടത്തം മുന്നോട്ടു പോകുമ്പോഴാണ് റാമിൽ (Ramil) എന്ന ഗ്രാമത്തിലെ ഒരു പഴഞ്ചൻ കെട്ടിടത്തിനു മുമ്പിൽ ഒരു ബോർഡ് കണ്ടത്. കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടാതെ അതിലുണ്ടായിരുന്ന മറ്റൊരു കാര്യം കെട്ടിടത്തിനു മുന്നിൽ നിൽക്കുന്ന മരത്തെക്കുറിച്ചായിരുന്നു. 8 മീറ്ററിലധികം വ്യാസമുള്ള തായ്ത്തടിയോടു കൂടിയ ഈ ചെസ്റ്റ്നട്ട് മരം, യാക്കോബിന്റെ വഴിയിലെ ഏറ്റവും അധികം ഫോട്ടോ എടുക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണെത്രെ. ബോർഡ് വായിച്ചതുകൊണ്ടു മാത്രമാണ് ഈ മരം ശരിക്കും എന്റെ ശ്രദ്ധയിൽ പെട്ടതു തന്നെ. വായിച്ചു കഴിഞ്ഞപ്പോൾ മരത്തിന്റെ ഒരു ഫോട്ടോ എടുക്കണമെന്ന് എനിക്കും തോന്നി. ബോർഡ് വായിക്കാൻ തുനിഞ്ഞില്ലായിരുന്നെങ്കിൽ ഞാനും ഈ വഴി വെറുതെ കടന്നുപോയേനെ. ഒരുപക്ഷെ, ഈ മരത്തേക്കാളേറെ ഈ ബോർഡാവാം ഇതിന്റെ ഫോട്ടോ എടുക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. എല്ലാവരും ചെയ്യുന്നണെങ്കിൽ ഞാനായിട്ട് എന്തിനു കുറയ്ക്കണം എന്ന ഒരു ചിന്ത. പിന്നീടുളള നടത്തം അതേക്കുറിച്ച്‌ ചിന്തിച്ചു കൊണ്ടായി. ഒരു പുരോഹിതനെന്നെ നിലയിൽ എനിക്ക് പോകേണ്ട ഒരു വഴിയുണ്ട്. ഒരു ജീവിതശൈലിയുണ്ട്. പലപ്പോഴും അതു വിട്ട് മറ്റ് ജീവിതാന്തസിലുള്ളവരുടെ ജീവിതശൈലി അനുകരിക്കാൻ ശ്രമിക്കുമ്പോളാണ് ചിലപ്പോളെങ്കിലും സമർപ്പിത ജീവിതത്തിൽ അപഭ്രംശങ്ങൾ ഉണ്ടാവുന്നത്. ഏതൊരു ജീവിതത്തിലും ഈയൊരു സത്യം ബാധകമാണ്. ചിന്തയിൽ മുഴുകി നടത്തം ട്രികാസ്റ്റെലയിൽ എത്തിയത് അറിഞ്ഞില്ല.

ഇവിടെ നിന്നും മുന്നോട്ടു പോകുവാൻ രണ്ടു വഴികളുണ്ട്. സാമോസ് വഴി ബാർബലഡോയിലെത്തുന്ന (Barbadelo) ദൂരം കൂടിയ വഴിയും സാൻ സീൽ (San Xil) വഴി കടന്നുപോയി ബാർബലഡോയിലെത്തുന്ന ഏകദേശം 8 കിലോമീറ്റർ ദൂരം കുറവുള്ള വഴിയും. സാധാരണയായി ഞാൻ ദൂരം കുറഞ്ഞ വഴി എടുക്കുവാനാണ് താത്പര്യപ്പെടുന്നതെങ്കിലും ഇന്നത്തെ തീരുമാനം മറിച്ചായിരുന്നു. ദൂരം കൂടിയ വഴി സാമോസിലൂടെ (Samos) കടന്നുപോകുന്നു എന്നതായിരുന്നു അതിനു കാരണം. ഈ ഗ്രാമത്തിലാണ് വി. ജൂലിയാന്റെ ആശ്രമം (Mosteiro de San Xulián de Samos) എന്ന ബെനഡിക്ടൻ ആശ്രമം സ്ഥിതി ചെയ്യുന്നത്. ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ആശ്രമം യൂറോപ്പിലെ തന്നെ ഏറ്റവും പുരാതനമായ ആശ്രമങ്ങളിലൊന്നാണ്. ഇവിടുത്തെ സന്യാസിമാരുടെ പ്രാർത്ഥനയിൽ പങ്കുചേരുന്നത് അലൗകികമായ ഒരു അനുഭൂതിയാണെന്ന ഗൈഡ്‌ബുക്കിലെ പരാമർശമാണ്, ദൂരം കൂടുതലെങ്കിലും ഇത് വഴി തന്നെ പോകുവാനുള്ള തീരുമാനത്തിന് പിന്നിൽ. ഇന്നാണെങ്കിൽ പോരാത്തതിനു ഞായറാഴ്ചയും. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും ബുർഗോസിലെയും ലിയോണിലെയും മനോഹരങ്ങളായ ദേവാലയങ്ങളിലായിരുന്നു ദിവ്യബലിയിൽ പങ്കെടുത്തത്. ഈ ഞായറാഴ്ചയും പതിവ് തെറ്റിക്കേണ്ട എന്ന് കരുതി ട്രി കാസ്റ്റല്ലയിൽ നിന്നും 11 കിലോമീറ്റർ കൂടി നടന്നു സാമോസിലെ ആശ്രമത്തിൽ ഇന്നത്തെ യാത്ര അവസാനിപ്പിച്ചു.

ബൃഹുത്തും മനോഹരവുമായ ആശ്രമം ചുറ്റിനടന്നു കണ്ട് കുർബാനയിലും പങ്ക് ചേർന്ന ശേഷം അടുത്തു ഭക്ഷണശാലയിൽ കയറി തനി ലോക്കൽ വിഭവമായ ഗലീഷ്യൻ സൂപ്പ് ഉൾപ്പടെയുള്ള ഭക്ഷണവും കഴിച്ച് ആശ്രമ സത്രത്തിന്റെ കിടപ്പുമുറിയിലെത്തിയപ്പോഴേയ്‌ക്കും നേരത്തെ ഉറക്കം പിടിച്ചവരുടെ കൂർക്കം വലികൾ ഉയർന്നു തുടങ്ങിയിരുന്നു. പല ജീവിതാന്തസിൽ നിന്നും പല നാട്ടിൽ നിന്നും ഒന്നിച്ചുകൂടി പരസ്പരമറിയാതെ ഒരു കട്ടിലിന്റെ ഇരുതട്ടിലും ഉറങ്ങുന്ന തീർത്ഥാടകരെ ശല്യപ്പെടുത്താതെ തന്നെ എനിക്ക് നിയോഗിക്കപ്പെട്ട കിടക്കയിലേയ്ക്ക് ഞാൻ നടുവ് നിവർത്തി കിടന്നു. വലിയ ലക്ഷ്യത്തിന്റെ അവസാനിപ്പിലായവന്റെ ആഹ്ളാദം എന്റെ മനസ്സിലിപ്പോൾ ഇതൊക്കെ നിസ്സാരമെന്ന തോന്നൽ ഉളവാക്കുമ്പോഴും കൂടുതൽ കൂടുതൽ വിനീതനായി നല്ലയിടയൻ കൈപിടിച്ചു നടത്തുന്ന വഴികളിലൂടെ കൂടുതൽ ദൂരം നടക്കാനുള്ള വാഞ്ഛ എന്നെ ഭരിക്കുകയാണ്…

ഫാ. തോമസ് കറുകയിൽ