ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (28)

ഫാ. തോമസ് കറുകയില്‍

അനുഭവങ്ങളുടെ പാഠശാലയിലൂടെ …

യാത്രയുടെ 24-ാം ദിവസം. 2018 ജൂൺ 8. തിരുഹൃദയ തിരുനാളാണ് ഇന്ന്. ഈ തിരുനാൾ ദിനം മനസിലേയ്ക്ക് ഓടിയെത്തുന്നത്, ഞങ്ങൾ പാക്കിസ്ഥാൻ പള്ളിക്കൂടമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന തത്തംപള്ളി എൽ.പി. സ്കൂളിന്റെ കിഴക്കേ ഭിത്തിയിലിരിക്കുന്ന തിരുഹൃദയ രൂപവും പത്തു വർഷത്തെ സ്കൂൾ പഠനകാലത്ത് ചട്ടയും മുണ്ടും ധരിച്ച് ഞാൻ കണ്ടിട്ടുള്ള ഒരേയൊരു ടീച്ചറായ മറിയാമ്മ ടീച്ചറും, ടീച്ചറുടെ മേശമേൽ വിരിച്ച വെള്ളത്തുണിയിൽ നിരത്തി വച്ചിരിക്കുന്ന ചെത്തിപ്പൂക്കളും ചെമ്പരത്തിപ്പൂക്കളും മെഴുകുതിരികളും അതിനു ചുറ്റും കൂപ്പു കൈകളുമായി നിന്ന് ടീച്ചർ ചൊല്ലിത്തരുന്ന തിരുഹൃദയ പ്രതിഷ്ഠാജപം ഉച്ചത്തിൽ ഏറ്റുചൊല്ലുന്ന നീലയും വെള്ളയും യൂണിഫോം അണിഞ്ഞ കുഞ്ഞു സഹപാഠികളുമൊക്കെയാണ്.

ഓർമ്മകളുടെ ഒരു കലവറയാണ് സ്കൂൾ പഠനകാലം. മഷി വറ്റിയാലും എഴുതി തീരാനാവാത്ത വിധമാണ് വിദ്യാലയകാലം മനസ്സിൽ കോറിയിട്ട മധുരസ്മരണകൾ. കാട്ടുമുന്തിരി കാവൽ നിൽക്കുന്ന സ്കൂൾ മൈതാനവും, മൈലാഞ്ചിച്ചെടികൾ അതിരിടുന്ന പള്ളിക്കുളവും, ചോറ്റുപാത്രത്തിൽ അവശേഷിക്കുന്ന വറ്റുകൾ തിന്നുവാനായി പാഞ്ഞടുക്കുന്ന കുളത്തിലെ തിലോപ്പിയ കൂട്ടങ്ങളും, കണ്ണുനീരു പോലെ തെളിഞ്ഞ പള്ളികിണറ്റിലെ വെള്ളത്തിൽ എറിഞ്ഞിട്ട, തിളങ്ങുന്ന നാണയത്തുട്ടുകളും, ഓടുമ്പോൾ പടപട ശബ്ദമുണ്ടാക്കുന്ന പഴയ പള്ളിമേടയുടെ മരപ്പലകയിൽ പണികഴിപ്പിച്ച രണ്ടാം നിലയും, വലിയ ഇലകൾ പൊഴിക്കുന്ന സ്കൂൾ മുറ്റത്തെ തേക്ക് മരവും, റോഡരുകിലെ അപ്പച്ചേട്ടന്റെ കടയുമൊക്കെ നിറഞ്ഞു നിൽക്കുന്ന വിദ്യാലയ ജീവിതത്തിന്റെ ഓർമ്മകളുടെ ഭാണ്ഡവും ഏന്തിയാണ് ഇന്നെന്റെ യാത്ര.

ഓരോ യാത്രയും ഒരു പാഠശാലയാണ്. ജീവിതാനുഭവങ്ങളുടെ പാഠശാല. ഈ യാത്രയും എന്നെ പഠിപ്പിക്കുകയാണ്. ജീവിതത്തിൽ ഇന്നുവരെ ഞാൻ പഠിക്കുവാൻ മറന്നുപോയ ഒരുപാട് കാര്യങ്ങൾ. ഇന്നത്തെ യാത്രയ്ക്കും നല്കാനുണ്ടാവും പുതിയ ഒരു പാഠം. പുതിയ ഒരനുഭവം.

ഇന്നലെ തകർത്തു പെയ്ത മഴയുടെ വാങ്ങലുകൾ ഇപ്പോഴുമുണ്ട്. പക്ഷെ നടക്കണം. ഇല്ലെങ്കിൽ ഉദ്ദേശിച്ചതു പോലെ ഈ യാത്ര തീർക്കാനാവില്ല. മിനിഞ്ഞു പെയ്യുന്ന ചാറ്റൽ മഴ വകവയ്ക്കാതെ യാത്ര തുടങ്ങി. മെയിൻ റോഡിലൂടെയുള്ള നടത്തം ക്യാമ്പോനാരായയും (Camponaraya) കടന്ന് കാക്കബെലോസിലെത്തി (Cacabelos). ഇവിടെ വഴിയരികിലൊരു കൊച്ചു കപ്പേളയുണ്ട്. എർമിറ്റ സാൻ റൊക്കെ (Ermita San Roque) എന്ന ആ കപ്പേളയ്ക്കുള്ളിൽ അതിമനോഹരമായ അനേകം രൂപങ്ങളുടെ ഒരു ശേഖരമുണ്ട്. അവയൊക്കെയും ആസ്വദിച്ച് പതിവു പ്രാർത്ഥനകളും കഴിഞ്ഞ് പിന്നീടുള്ള നടത്തം മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെയായിരുന്നു.

വിയ്യഫ്രാങ്ക ദെൽ ബിയേർസോ (Villafranca del Bierzo) യില്‍ എത്തിയെപ്പോഴേയ്ക്കും സമയം ഉച്ചയോടടത്തു. “കൊച്ചു കോംപോസ്റ്റല്ല” എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. യാക്കോബിന്റെ വഴിയിലെ തീർത്ഥാടന മദ്ധ്യേ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം തീർത്ഥാടകർക്ക്, ഇനി മുന്നിലുള്ള സെബ്രെയിറോ (Cebreiro) ചുരം കടന്നുപോകുവാൻ സാധിക്കില്ല എന്നു തോന്നുകയാണെങ്കിൽ, ഈ പട്ടണത്തിലെ സാന്തിയാഗോ പളളിയിലെ (iglesia de Santiago Apóstol) കവാടത്തിങ്കൽ (Puerta del Perdón) തീർത്ഥയാത്ര സമാപിപ്പിക്കാവുന്നതാണ്. യാക്കോബ് ശ്ലീഹായുടെ കബറിടത്തിങ്കൽ നിന്നും ലഭിച്ചിരുന്ന അതേ ദണ്ഡവിമോചനം, ഇങ്ങനെ യാത്ര പൂർത്തിയാക്കുന്നവർക്കും ലഭിച്ചിരുന്നതിനാലാണ് ഈ പട്ടണം ഒരു ‘കൊച്ചു സാന്തിയാഗോ’ ആയി മാറിയത്.

പട്ടണത്തിൽ നിന്നും പുറത്തേയ്ക്കുള്ള വഴി രണ്ടായി പിരിയുന്നുണ്ട്. ഒന്ന് കമിനോ ദുരോ (Camino Duro) എന്ന മലകൾക്കിടയിലൂടെയുള്ള കുത്തനെയുള്ള കയറ്റമാണ്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഈ വഴി നടക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് ഗൈഡ് ബുക്കിലുണ്ടായിരുന്നതിനാൽ, ഈ ദിവസങ്ങളിലെ തുടർച്ചയായ മഴ മൂലം ഇഴുകിക്കിടക്കുന്ന ആ വഴി വേണ്ടെന്നു വച്ച് ഉയർന്നു നിൽക്കുന്ന മലനിരകൾക്കിടയിലൂടെ പണികഴിപ്പിച്ചിരിക്കുന്ന A6 ഹൈവേയ്ക്കു സമാന്തരമായി പോകുന്ന നടപ്പാതയിലൂടെ ഞാൻ മുന്നോട്ടു നടന്നു.

സമയം ഉച്ച കഴിഞ്ഞിരുന്നതു കൊണ്ട് വഴിയിൽ ആരെയും കാണാനില്ല. ഹൈവേയിലൂടെ വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങൾ മാത്രമാണ് എനിക്ക് കൂട്ട്. മഴയില്ലെങ്കിലും മാനം തെളിഞ്ഞിട്ടില്ല. മാനത്തെന്ന പോലെ മനസ്സിലും എന്തോ ഇതുവരെയില്ലാത്ത ഒരു ഭയം ഉരുണ്ടുകൂടുന്നു. പലപ്പോഴും ഈ യാത്രയിൽ ഉച്ച തിരിഞ്ഞ് ഒറ്റയ്ക്കു നടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത ഒരു ഉൾഭയം. കൈവിരലുകൾക്കിടയിൽ ചുറ്റിക്കിടക്കുന്ന ജപമാല മണികളിൽ ഇറുക്കിപ്പിടിച്ച് നടന്നുനീങ്ങുമ്പോൾ പെട്ടെന്നതാ പിന്നിലൊരു ശബ്ദം. ഉൾക്കിടിലത്തോടെ ഞാൻ തിരിഞ്ഞു നോക്കി. എനിക്ക് ഏകദേശം 200 മീറ്റർ പിന്നിലായി റോഡിലേയ്ക്ക് മലയിൽ നിന്നും വലിയ പാറക്കഷണങ്ങൾ ഇടിഞ്ഞു വീഴുകയാണ്. രണ്ടു മൂന്ന് മിനിറ്റുകൾക്കു മുമ്പേ അത് സംഭവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ, ഇന്ന് ഇതെഴുതുവാൻ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല.

ഒരു വിറയൽ എന്നിലൂടെ കടന്നുപോയി. കണ്ണെത്താദൂരത്തോളം മുന്നോട്ടു ഇതേപോലെ തന്നെ മലനിരകൾക്കടിയിലൂടെയുള്ള വഴിയാണ്. അടുത്ത ഗ്രാമത്തിലേയ്ക്ക് ഏകദേശം രണ്ടു മൂന്നു കിലോമീറ്ററുകൾ കൂടിയുണ്ട്. വിയ്യഫ്രാങ്കയിലേക്ക് തിരിച്ചു പോകണമെങ്കിൽ ഒന്നര കിലോമീറ്ററെങ്കിലും പിന്നോട്ടു നടക്കണം. തിരിച്ചു പോയി അവിടെ തങ്ങിയിട്ട് നാളെ രാവിലെ എല്ലാവരോടുമൊപ്പം യാത്ര തുടർന്നാലോ എന്ന് ആലോചിച്ചു. ഈ കഴിഞ്ഞ 600 കിലോമീറ്ററും മുന്നോട്ടു മാത്രമേ നടന്നിട്ടുള്ളൂ. ഒരു തിരിച്ചുപോക്ക് എന്തായാലും മനസ് അനുവദിക്കുന്നില്ല. ധൈര്യപൂർവ്വം പൂർവ്വാ,ധികം ശക്തിയോടെ മുന്നോട്ടു നടന്നു.

അതാ മുന്നിൽ ആരോ നടന്നു നീങ്ങുന്നു. ചുമലിൽ സഞ്ചിയില്ലാത്തതിനാൽ തീർത്ഥാടകനാണോ എന്ന് ഉറപ്പില്ല. ഞാന്‍ വേഗത്തിൽ നടന്ന് ആ ആൾക്കൊപ്പമെത്തി. തീർത്ഥാടകൻ തന്നെയാണ്. ഫ്രഞ്ചുകാരനായ ഒരു എഴുപത് വയസ്സുകാരൻ. ഷ്ഴാക്ക് (Jaques) എന്നാണ് പേര്. ഡോക്ടറാണ് കക്ഷി. ഫിലിപൈൻസിലടക്കം ഒരുപാട് രാജ്യങ്ങളിൽ സേവനം ചെയ്തിട്ടുള്ള ഷ്ഴാക്കിന്റെ രണ്ടാമത്തെ തീർത്ഥയാത്രയാണിത്. ചെറുപ്പകാലത്ത് തന്റെ ഭാര്യയോടൊപ്പം നടത്തിയ യാത്രയുടെ ഒരു ഓർമ്മ പുതുക്കൽ. പക്ഷെ, ഇത്തവണ ഭാര്യയുടെ ഓർമ്മകൾ മാത്രമാണ് കൂട്ട്. കഴിഞ്ഞ വർഷമാണത്രെ അവർ അദ്ദേഹത്തെ പിരിഞ്ഞു ദൈവസന്നിധിയിലേയ്ക്കു പോയത്. ഏതു ദേവാലയത്തിൽ പ്രവേശിച്ചാലും എനിക്ക് ചില സ്ഥിരം പ്രാർത്ഥനകൾ ഉള്ളതുപോലെ, ഷ്ഴാക്കിനുമുണ്ടൊരു പതിവ്. പരിശുദ്ധ രാജ്ഞി (Salve Regina) എന്ന ലത്തീൻ ഗീതം ഉറക്കെ ആലപിക്കുകയാണത്.

അദ്ദേഹത്തിന്റെ ചുമൽസഞ്ചി അദ്ദേഹം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്ന അടുത്ത ഗ്രാമത്തിലെ സത്രത്തിലേയ്ക്ക് ട്രാൻസ്പോർട്ട് സർവ്വീസുകാർ എത്തിച്ചിച്ചിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്തിട്ടുള്ള സത്രത്തിലേയ്ക്ക് നമ്മുടെ സാധനസാമഗ്രികൾ എത്തിക്കാനുള്ള ടാക്സികളുടെ നമ്പറുകൾ മിക്കവാറും സത്രങ്ങളിലും കാണാവുന്നതാണ്. കുശലം പറഞ്ഞ് ഞങ്ങൾ മുന്നോട്ടു നീങ്ങി. എങ്ങും മുൻകൂട്ടി റിസർവ് ചെയ്തിട്ടില്ലാത്തതിനാൽ അടുത്ത ഗ്രാമത്തിലേയ്ക്കു ഇത്തിരികൂടി വേഗം പോകുവാൻ ഞാൻ തിടുക്കം കൂട്ടിയപ്പോൾ, അദ്ദേഹം എന്നെ അതിന് അനുവദിച്ചു. ഞാൻ ഒരു വൈദികൻനാണെന്ന് അറിയമായിരുന്നതു കൊണ്ട്, പോകും മുൻപ് ഒരു ആശീർവാദം നൽകണമെന്ന ഒരാഗ്രഹം എന്നെ അറിയിച്ചു.

ഞാൻ ആശിർവാദം നല്കുവാനൊരുങ്ങവേ എന്നെ ഞെട്ടിച്ചു കൊണ്ട് ആ എഴുപതുകാരൻ, തന്റെ മകന്റെ പ്രായമുള്ള എനിക്കു മുന്നിൽ പൊടി നിറഞ്ഞ ആ വഴിയിൽ മുട്ടുകുത്തി നിന്നു. ഒരു പുരോഹിതൻ എന്തെന്നും പുരോഹിതന്റെ ആശിർവാദത്തിന്റെ ശക്തി എന്തെന്നും തിരിച്ചറിഞ്ഞിട്ടുള്ള വിശ്വാസിയായ ആ മനുഷ്യന്റെ ബോധ്യത്തിന്റെ ആഴം എന്നെ അത്ഭുതപ്പെടുത്തിയെന്നു മാത്രമല്ല, ഈ ബോധ്യത്തിൽ ഇനിയും ഞാനെത്രയേറെ വളരേണ്ടിയിരിക്കുന്നുവെന്ന ചിന്ത തെല്ലൊന്ന് എന്നെ അലോസരപ്പെടുത്താതെയുമിരുന്നില്ല. ഇതു തന്നെയാവാം ദൈവം ഇന്ന് എനിക്കായി കരുതി വച്ചിരുന്ന പാഠം. എന്റെ യോഗ്യതകൾക്കുപരിയായി എനിക്ക് നല്കപ്പെട്ട പൗരോഹിത്യം എന്നെ മഹനീയ ദാനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചായിരുന്നു അടുത്ത ഗ്രാമമെത്തും വരെ എന്റെ ചിന്ത മുഴുവൻ.

പെരേഖെ (Pereje) എന്ന ഗ്രാമത്തിൽ ഒരു സത്രം മാത്രമാണുള്ളത്. ഷ്ഴാക്ക് ഇവിടെയാണ് തന്റെ ബെഡ് റിസർവ് ചെയ്തിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തിട്ടില്ലാത്ത എല്ലാ ബെഡ്ഡുകളും തീർത്ഥാടകർ കരസ്ഥമാക്കി കഴിഞ്ഞിരിക്കുന്നു. ഇനിയും നാലു കിലോമിറ്റർ കൂടി നടന്നാലേ അടുത്ത ഗ്രാമത്തിലെത്തൂ. മറ്റു വഴികളൊന്നുമില്ലാത്തതിനാൽ, ഷ്ഴാക്കുമായുള്ള സംഭാഷണം നൽകിയ ഊർജ്ജത്തിന്റെ ബലത്തിൽ മുന്നോട്ടു നടന്നു. ട്രാബഡെലോ (Trabadelo) എന്ന അടുത്ത ഗ്രാമത്തിലെ പള്ളിവക സത്രത്തിൽ ഇന്നത്തെ എന്റെ നടത്തം അവസാനിച്ചു.

“അവർക്ക് രാവും പകലും യാത്ര ചെയ്യാനാവും വിധം പകൽ വഴികാട്ടാൻ ഒരു മേഘസ്തംഭത്തിലും രാത്രിയിൽ പ്രകാശം നല്കാൻ ഒരു അഗ്നിസ്തംഭത്തിലും കർത്താവ് അവർക്ക് മുമ്പേ പോയിരുന്നു” (പുറ. 13:21).

ഫാ. തോമസ്‌ കറുകയില്‍