ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (27)

ഫാ. തോമസ് കറുകയില്‍

സ്മൃതി തൻ തീരങ്ങളിൽ …

നടവഴിയിലെ നാനാവിധങ്ങളായ കാഴ്ചകൾ പിന്നിട്ട് എന്റെ നടത്തത്തിന് ഇപ്പോൾ സഞ്ചാരിയുടെ താളവും വേഗവും കൈവന്നിരിക്കുന്നു. മാറാപ്പ് പോലെ എന്റെ ചുമലിൽ കയറിക്കൂടിയ സഞ്ചി എന്റെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ചുറ്റും സാധാരണവും അപൂർവ്വവുമായ പലവിധത്തിലുള്ള മനുഷ്യരെ കണ്ടും കേട്ടും ഞാൻ യാത്രയുടെ മാധുര്യം ആസ്വദിച്ച് കടന്നുപോവുകയാണ്. യാക്കോബിന്റെ വഴിയിലെ കഥകളും മിത്തുകളും പോലെ സകല മനുഷ്യരും സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു കാലം എന്റെ നാട്ടിലും ഉണ്ടായിരുന്നെന്ന ഓർമ്മ പുതുക്കി, സാഹോദര്യത്തിന്റെ ആ ഉത്സവം കടന്നുവരികയാണ്. അപരനു വേണ്ടി സ്വയം ഇല്ലാതായ വലിയ ഗുരുവും എന്നെ പഠിപ്പിച്ചത് ആ പങ്കുവയ്ക്കലിന്റെ വലിയ മാതൃകയായിരുന്നു. ആ മാതൃകയുടെ സ്മൃതിശകലങ്ങളുമായി നന്മയുള്ള ഒരു രാജാവ്, തന്റെ പ്രജകളെ കാണാനെത്തുന്ന ഈ ദിവസം എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. സ്നേഹം ഭരിക്കുന്ന ഇടങ്ങളിൽ അനീതിക്കും വെറുപ്പിനും സ്ഥാനമില്ലെന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയാകട്ടെ ഇത്തരം ആഘോഷങ്ങളുടെ പൊരുളും കാതലും.

മാലാഖമാരുടെ സംരക്ഷണത്തണലിലെ നിദ്ര വിട്ടുണർന്നു പുതിയ പ്രഭാതത്തിലേയ്ക്ക് ഞാൻ കടന്നു. യാത്രയുടെ 23-ാം ദിവസമാണ് ഇന്ന്. പതിയെ ഞാന്‍ എന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കുകയാണ്. ഇപ്പോൾ ഈ നടത്തം എന്റെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. രാവിലെ എഴുന്നേൽക്കുക. കഴിയുന്നിടത്തോളം നടക്കുക. വൈകുന്നേരം ഏതെങ്കിലും സത്രത്തിൽ അന്തിയുറങ്ങാൻ എത്തിച്ചേരുക എന്നതിൽ കഴിഞ്ഞൊന്നും ഇപ്പോൾ ചിന്തിക്കാനേ ഇല്ല. ജീവിതത്തിലെ മറ്റെല്ലാ തിരക്കുകളും മനസ്സിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. ജീവിതം എന്നും തിരക്ക് പിടിച്ചതായിരിക്കണമെന്നുണ്ടോ? ചിലപ്പൊഴെങ്കിലും ഇതുപോലെ ഒരല്പം മാറി നടത്തം നല്ലതാണെന്ന് അനുഭവം പറയുന്നു. ഇവിടെ നിന്നും തിരക്കുകളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോഴാണ് ചക്രാശ്വാസം വലിച്ച് ചെയ്തുകൂട്ടിയ പലതിന്റെയും നിരർത്ഥകത തെളിഞ്ഞുവരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലാത്തതിനാൽ കുന്നുകളും മലകളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയും വളരെയധികം ആസ്വദിച്ചാണ് യാത്ര മുന്നോട്ടു പോകുന്നത്.

മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് റിയേഗോ ദേ അംബ്രോസും (Riego de Ambrós) കടന്ന് മോലിനാസെക്ക (Molinaseca) എന്ന മനോഹരമായ പട്ടണത്തിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നു ഞാനിപ്പോൾ. മെരുഎല്ലോ (Meruello) നദിയുടെ കുറുകെയുള്ള, റോമൻ ഭരണകാലം മുതലുണ്ടായിരുന്നതും പതിനാറാം നൂറ്റാണ്ടിൽ പുതുക്കി പണിയപ്പെട്ടതുമായ പാലം കടന്ന് കല്ലു പാകിയ നഗരവീഥിയിലൂടെ ഞാൻ മുന്നോട്ടു നടന്നു. മണി പത്തര കഴിഞ്ഞതിനാൽ അടുത്തുള്ള ഒരു കാപ്പിക്കടയിൽ കയറി കാപ്പിയും കുടിച്ചായി പിന്നീടുള്ള നടത്തം. ഇനിയും എട്ടു കിലോമീറ്റർ കൂടിയുണ്ട് പോൺഫെറാദ (Ponferrada) എന്ന നഗരത്തിലേയ്ക്ക്. കുരിശുയുദ്ധ പോരാളികളുടെ വലിയൊരു കോട്ട ഈ നഗരത്തിലാണുള്ളത്. റോമൻ ഭരണകാലത്തു തന്നെ ജനവാസമുള്ള ഈ നഗരം, അതിന്റെ ഔന്നിത്യത്തിൽ എത്തുന്നത് യാക്കോബിന്റെ വഴിയിലെ തീർത്ഥാടനത്തിന്റെ ആരംഭത്തോടു കൂടിയാണ്. സിൽ (Sil) നദിക്കു മീതെ 1082-ൽ പണികഴിപ്പിച്ച പാലമാണ് നഗരത്തിനു പോൺസ് ഫെറാറ്റ (ഇരുമ്പുപാലം) എന്ന പേര് നൽകിയത്.

നഗരത്തിലേയ്ക്ക് കടക്കും മുൻപ് മഴ ചാറാൻ തുടങ്ങി. മഴക്കോട്ടും ധരിച്ച് നടക്കുവാൻ സാധിക്കുന്നതിലുമധികമായി മഴ കടുത്തപ്പോൾ, അടുത്തു കണ്ട വീടിന്റെ ഇറയത്തു കയറിനിൽക്കുമ്പോഴാണ് യാത്രയുടെ തുടക്കത്തിൽ പരിചയപ്പെട്ട മൗറീഷ്യസ്‌കാരനായ അശ്വിൻ, പുതിയൊരു കൂട്ടുകാരിയുമായി മഴയത്ത് ഇടം തേടി ഞാൻ കയറിനിന്ന വീടിന്റെ ഇറയത്തേക്ക് ഓടിക്കയറി വന്നത്. അവന്റെ അന്നുണ്ടായിരുന്ന കൂട്ടുകാരിൽ ചിലർ യാത്ര തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു. ചിലർ മുന്നോട്ടു പോയിരിക്കുന്നു. മറ്റു ചിലരാകട്ടെ ഇനിയും പിന്നിലാണ്. വഴിയിലെവിടെയോ കിട്ടിയ ന്യൂസിലാൻഡുകാരിയായ ഒരു കൂട്ടുകാരിയുമായാണ് ഇപ്പോൾ അവന്റെ നടത്തം. യാത്രയുടെ ആദ്യ ദിനങ്ങളിൽ എന്നെ കടന്നുപോയപ്പോൾ ഇനിയൊരിക്കലും ഒരുപക്ഷെ, കാണില്ല എന്നു കരുതിയതാണ്. ജീവിതമെന്ന പോലെ തന്നെയാണ് ഈ യാക്കോബിന്റെ വഴിയിലെ യാത്രയും. ഇനി വരില്ല എന്നു കരുതി യാത്ര പറഞ്ഞു പോയവരെ ചിലപ്പോൾ നാം അപ്രതീക്ഷിതമായി കണ്ടുമുട്ടിയെന്നു വരാം. മുരടിച്ചു പോയെന്നു ധരിച്ചിരുന്ന പല സൗഹൃദങ്ങളും നിനച്ചിരിക്കാതെ പൂത്തുതളിർത്തെന്നും വരാം.

1282-ൽ പണികഴിപ്പിച്ച കോട്ടയുടെ ചുവട്ടിൽലെത്തിയപ്പോൾ ഏകദേശം ഒരു മണി കഴിഞ്ഞു. കോട്ടയുടെ ഉള്ളിൽ കയറിയുള്ള ഒരു സന്ദർശനം സമയമെടുക്കുമെന്നു തോന്നിയതിനാൽ പുറത്തുനിന്നും കോട്ടയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര തുടരാൻ തീരുമാനിച്ചു. അല്ലെങ്കിൽ ഇന്നത്തെ യാത്ര, 16 കിലോമീറ്ററിൽ ഇവിടെ അവസാനിപ്പിക്കണം. കുറച്ചുകൂടി മുന്നോട്ടു പോകുവാൻ ആഗ്രഹമുള്ളതിനാൽ നഗരം ചുറ്റിക്കണ്ടിട്ട് മുന്നോട്ടു നടന്നു. പക്ഷെ, എടുത്ത തീരുമാനം അത്ര ശരിയായില്ലെന്ന് കാലാവസ്ഥ തെളിയിച്ചു. നാലു കിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും മഴ വീണ്ടും തുടങ്ങി. ഏറ്റവും അടുത്തു കണ്ട കൊലുബ്രിയാനോസ് (Columbrianos) എന്ന ഗ്രാമത്തിലെ ഒരു സത്രത്തിലേയ്ക്ക് ഓടിക്കയറി. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ഒരു ചെറിയ സത്രത്തിൽ വിരലിലെണ്ണാവുന്ന ആളുകളോടൊപ്പം, പുറത്ത് തകർത്തു പെയ്യുന്ന മഴയും ആസ്വദിച്ച് സുന്ദരമായ ഒരു സായാഹ്നം ചെലവഴിച്ച് അന്നത്തെ ദിവസം പര്യവസാനിച്ചു.

മഴമുകിൽ പക്ഷി നിന്റെ പാട്ടു കേട്ടു
മയങ്ങുവാൻ വയ്യാത്തതെന്തെന്നോ
വഴിയിലൊരുപാട് ദൂരമിനിയും
പടരുവാൻ വെമ്പിയെൻ പാദം തരിപ്പൂ…

ഫാ. തോമസ് കറുകയില്‍