ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (24)

ഫാ. തോമസ് കറുകയില്‍

പോർവിളികൾക്ക് കാതോർത്ത് …

വീണ്ടുമെത്തിയ പ്രളയവും അതിന്റെ ദുരന്തവാർത്തകളും അതിനേക്കാളേറെ ഇനിയും വറ്റിയിട്ടില്ലാത്ത സ്നേഹത്തിന്റെ നീരുറവകളിൽ പൂത്തുലയുന്ന മലയാളി മനസ്സിന്റെ നന്മകളും കൊണ്ട് മുഖപുസ്തകത്താളുകൾ നിറഞ്ഞുകവിയുമ്പോൾ വേറെന്തിനെക്കുറിച്ചും ഇതിൽ കുത്തിക്കുറിക്കുന്നത് അസ്ഥാനത്തുള്ള അശ്ലീലമാണെന്നു തോന്നിയതിനാലാണ് നടത്തത്തെക്കുറിച്ചുള്ള വിവരണത്തിന് ഒരല്പം ഇടവേള ആകാമെന്നു കരുതിയത്.

ഓരോ ദുരന്തവും തുറന്നുകാട്ടുക, ആർത്തലച്ചു വരുന്ന അതിമാരികളിലും പതറാതെ പിടിച്ചുനിൽക്കുന്നവന്റെ അതിജീവനത്തിന്റെ കഥ മാത്രമല്ല. പിന്നെയോ, തകർച്ചകൾ നേരിടുന്നവർക്ക് താങ്ങായും തണലായും തീരുന്ന, ഇനിയും മരവിച്ചു പോയിട്ടില്ലാത്ത മലയാളി മനസാക്ഷിയിലെ നന്മയുടെ ചില നീരുറവകൾ കൂടിയാണ്. കുത്തിയൊലിച്ചു വരുന്ന മലവെള്ളപ്പാച്ചിലിനെ സ്നേഹം കൊണ്ട് തടുത്തു നിർത്തുന്ന ഒരുപാട് നന്മമരങ്ങളെയാണ്.

ഈ യാത്രയും എനിക്കു മുന്നിൽ തുറന്നുവയ്ക്കുന്നത് മറ്റൊന്നല്ല. നന്മ വറ്റാത്ത ഒരു കൂട്ടം പച്ചമനുഷ്യരെയാണ്. ഈ ഭൂമി ഇനിയും വാസയോഗ്യമാണെന്ന് വാക്കുകളും പ്രവർത്തികളും കൊണ്ട് വീണ്ടും വീണ്ടും തെളിയിക്കുന്നവർ. ആപത്തുകളിൽ താങ്ങുന്ന കരങ്ങളും ആശ്വാസവചനങ്ങളും പ്രോത്സാഹനത്തിന്റെ വാക്കുകളുമായി ഓടിയെത്തുന്നവർ.

തീർത്ഥാടനത്തിനു പോകുന്ന വ്യക്തി “തന്റെ കാൽപാദങ്ങൾ കൊണ്ട്” പ്രാർത്ഥിക്കുന്നു. തന്റെ ജീവിതം മുഴുവനും ദൈവത്തിങ്കലേയ്ക്കുള്ള സുദീർഘ യാത്രയാണെന്ന് എല്ലാ ഇന്ദ്രിയങ്ങൾ കൊണ്ടും അനുഭവിച്ചറിയുന്നു എന്നാണ് യുവജനങ്ങൾക്കായുള്ള കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (Youcat. 276) തീർത്ഥാടനത്തെ നിർവ്വചിക്കുന്നത്. യാക്കോബിന്റെ വഴിയും ദൈവത്തിങ്കലേയ്ക്കുള്ള വഴിയെന്നതിനൊപ്പം തന്നെ സഹചരിലെ ദൈവാംശത്തെ തിരിച്ചറിയുന്നതിനുള്ള വഴി കൂടിയാണ്.

ഇന്നത്തെ യാത്രയുടെ തുടക്കത്തിൽ തന്നെ എനിക്ക് കടന്നുപോകേണ്ടിയിരുന്നത് വിർഗെൻ ദെൽ കമിനോയിലെ (Virgen del Camino) അതിമനോഹരമായ ദേവാലയത്തിനു മുന്നിലൂടെയാണ്. 1505-ൽ അൽവാർ സീമോൺ ഫെർണാണ്ടെ (Alvar Simón Fernández) എന്ന ആട്ടിടയന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്താണ്‌ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ലിയോൺ പ്രദേശത്തിന്റെ സംരക്ഷകയും മദ്ധ്യസ്ഥയും കൂടിയാണ് വിർഗെൻ ദെൽ കമിനോ എന്ന ഈ പാതയുടെ മാതാവ്. ആധുനികശൈലിയിൽ പുതുക്കിപ്പണിതിട്ടുള്ള ഈ ദേവാലയത്തിന്റെ മുഖാവരത്തിലെ പന്ത്രണ്ടു ശ്ലീഹന്മാരുടെ ശില്പങ്ങൾ ഏവരുടെയും സവിശേഷശ്രദ്ധ ആകർഷിക്കുന്നതു തന്നെയാണ്.

പട്ടണത്തിന്റെ അതിർത്തി കഴിയുമ്പോൾ തന്നെ വഴി രണ്ടായി പിരിയുന്നുണ്ട്. പതിവു പോലെ ഹൈവേ N120-ന് സമാന്തരമായി പോകുന്ന ഒരു വഴിയും ഗ്രാമാന്തരങ്ങൾക്കിടയിലൂടെ പോകുന്ന തിരക്കുകളൊഴിഞ്ഞ എന്നാൽ, ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യം കൂടുതലുള്ള മറ്റൊരു വഴിയും. ഒട്ടുമിക്കവാറും തീർത്ഥാടകരെയും പോലെ ഞാനും ഗ്രാമവഴി തന്നെയാണ് തിരഞ്ഞെടുത്തത്. സ്പെയിനിന്റെ ഗ്രാമഭംഗി ആസ്വദിച്ച് ഫ്രെസ്നോ ദെൽ കമിനോയിലെത്തി (Fresno del Camino) അവിടെ നിന്നും ചെറിയ ഒരു കുന്നു കയറി വശങ്ങളിൽ കുറ്റിച്ചെടികൾ നിറഞ്ഞുനിൽക്കുന്ന ചെമ്മൺപാതയിലൂടെയുള്ള നടത്തം അവസാനിക്കുന്നത് ചോസാസ് ദേ അബാഖോ (Chozas de Abajo) എന്ന ഗ്രാമത്തിലാണ്. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു മണിമാളികയാണ് ഈ ഗ്രാമത്തെ എന്റെ ഓർമ്മയില്‍ തങ്ങിനിർത്തുന്നത്.

കാപ്പി കുടിച്ച ശേഷം വർദ്ധിത ഊർജ്ജത്തോടെയുള്ള നടത്തം മുന്നോട്ടു പോകുമ്പോൾ ലിയോൺ നഗരത്തിൽ വച്ചു പരിചയപ്പെട്ട യുവതീ-യുവാക്കളുടെ ഒരു സംഘം എന്നെ അഭിവാദ്യം ചെയ്തു കടന്നുപോയി. വിയ്യർ ദേ മാസാരിഫെയില്‍ എത്തിയപ്പോൾ (Villar de Mazarife) അപ്രതീക്ഷിതമായി ഒരാൾ ഒപ്പം കൂടി. ശക്തമായ മഴ. കൂടെ പോകുവാൻ താല്പര്യമില്ലാത്തതിനാൽ അവിടെ കണ്ട കാപ്പിക്കടയിൽ കയറി വീണ്ടും ഒരു കാപ്പി കൂടി കുടിച്ചു. ഇവിടെ നിന്നും ഇനി മെയിൻ റോഡിലൂടെ നേർരേഖയിൽ നീണ്ടുകിടക്കുന്ന വഴിയാണ്. വെള്ളിനൂലുകൾ പോലെ ഇടയ്ക്കിടെ ചാറ്റുന്ന മഴയെ അവഗണിച്ചുള്ള നടത്തം വിയ്യവന്റെ (Villavante) യില്‍ എത്തിയപ്പോൾ മഴ കടുത്തതിനാൽ അവസാനിപ്പിക്കാമെന്നു കരുതി അടുത്തുകണ്ട സത്രത്തിലേയ്ക്ക് കയറി. നിരാശയായിരുന്നു ഫലം. മുൻകൂട്ടി റിസേർവ് ചെയ്തവർക്കു മാത്രമേ അവടെ താമസിക്കാനാവുകയുള്ളുവെത്രെ.

വീണ്ടും കാപ്പി കുടിക്കാൻ കയറുകയല്ലാതെ ഈ കടുത്ത മഴയിൽ നിന്നും രക്ഷ നേടാൻ വേറെ വഴി ഒന്നുംതന്നെയില്ല. അഞ്ചു കിലോമീറ്റർ അപ്പുറത്ത് ഒരു ഗ്രാമമുണ്ട്. മഴ മാറാൻ കാത്തിരുന്നാൽ ഒരുപക്ഷെ ,അവിടെയും സത്രത്തിൽ സ്ഥലം കിട്ടാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ മഴയെ വകവെക്കാതെ മഴക്കോട്ടും ധരിച്ച് ഏകദേശം രണ്ടു മണിക്കൂർ നടന്നുകഴിഞ്ഞപ്പോൾ ഇന്നത്തെ ലക്ഷ്യസ്ഥാനമായ ഓസ്പിറ്റാൽ ദേ ഓർബിഗോ (Hospital de Orbigo) യില്‍ എത്തിച്ചേർന്നു.

ഗ്രാമത്തിലേയ്ക്ക് കടക്കും മുമ്പുള്ള പുയന്തേ ദേ ഒർബിഗോ (Puente de Orbigo) എന്ന ഒർബിഗോ നദിക്ക് കുറുകേ 300 മീറ്റർ നീളത്തിലുള്ള യാക്കോബിന്റെ വഴിയിലെ ഏറ്റവും ദൈർഘ്യമേറിയ പുരാതനപാലം ചരിത്രപ്രസിദ്ധമാണ്. ഈ പാലത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് (Paso honroso) എന്ന പേരിൽ അറിയപ്പെടുന്ന ദ്വന്ദയുദ്ധ പരമ്പരകളാണ്. ലിയോൺ രാജ്യത്തെ ഒരു മാടമ്പി, സ്യൂറോ ഡി ക്വിയോൺസ് (Suero de Quiñones) 1434 ജൂലൈ 10 മുതൽ ഓഗസ്റ്റ് 9 വരെ തന്റെ ഒൻപത്‌ സഹയോദ്ധാക്കളോടൊപ്പം ഈ പാലത്തിൽ വച്ച് സാന്തിയാഗോയിലേയ്ക്ക് പോകുന്ന മറ്റു യോദ്ധാക്കളെ ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. താൻ സ്നേഹിക്കുന്ന യുവതിയോടുള്ള വാഗ്ദാനപ്രകാരം തന്റെ കഴുത്തിൽ ധരിച്ചിരുന്ന ലോഹവളയം ഒഴിവാക്കി കിട്ടുവാനാണ് ക്വിയോൺസ് ഈ യുദ്ധങ്ങൾ ഏറ്റെടുത്തതെന്ന് പറയപ്പെടുന്നു. യുദ്ധാവസാനം കഴുത്തിലെ ലോഹവളയം സാന്തിയാഗോ കത്തീഡ്രലിലെ നിധിശേഖരത്തോട് ചേർക്കപ്പെടകയുണ്ടായി. പാസോ ഹൊനോറോസോയുടെ ഓർമ്മ പുതുക്കുവാനായി ജൂൺ മാസത്തിലെ ആദ്യത്തെ വാരാവസാനം യുസ്റ്റാസ് മെഡിവലാസ് (Justas Medievales) എന്ന പേരിൽ മധ്യകാല ചന്തകളും ദ്വന്ദയുദ്ധ പോരാട്ടങ്ങളും നടത്തപ്പെടാറുണ്ട്.

ഞാൻ എത്തിച്ചേരാൻ ഒരു ദിവസം താമസിച്ചുപോയി. ഇന്നലെ എത്തിയിരുന്നെങ്കിൽ എനിക്കതിലും പങ്കു ചേരാമായിരുന്നു. പക്ഷെ, ഇന്നലെ ലിയോണിൽ ആയതുകൊണ്ട് എനിക്ക് പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണത്തിൽ പങ്കുചേരുവാൻ കഴിഞ്ഞു. ചിലതൊക്ക നേടുമ്പോൾ മറ്റുചിലത് ഉപേക്ഷിച്ചല്ലേ മതിയാവൂ.

പള്ളിവക സത്രത്തിലാണ് ഇന്ന് എന്റെ അന്തിയുറക്കം. പഴയ ഒരു കെട്ടിടമാണത്. ഇന്ന് കനത്ത മഴ പെയ്തതുകൊണ്ട് നനഞ്ഞുകുതിർന്ന വസ്ത്രങ്ങളുടെയും ചെളിപുരണ്ട ഷൂവുകളുടെയും ഒരു മടുപ്പിക്കുന്ന ഗന്ധം അന്തരീക്ഷത്തിലുണ്ട്. ഒരു കുഞ്ഞു മുറിയിൽ നാല് ഇരുനില ബെഡ്ഡുകളിലായി എട്ടു പേർ. ഉജ്ജയിയിനിലെ സെമിനാരി പഠനകാലത്ത് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന വില്ലേജ് ക്യാമ്പുകളിൽ ഒന്നു രണ്ടാഴ്ചക്കാലം മിക്കവാറും ഇതിനേക്കാൾ സൗകര്യം കുറഞ്ഞ, പലപ്പോഴും കാലിത്തൊഴുത്തിനോടു ചേർന്നുള്ള കുഞ്ഞുമുറികളിൽ എട്ടും പത്തും പേർ ഒരുമിച്ചു താമസിച്ചു പഠിച്ചതുകൊണ്ട് ഇന്നത്തെ താമസ സൗകര്യങ്ങളും അത്ര ബുദ്ധിമുട്ടേറിയതായി തോന്നിയില്ല. പഴയ വില്ലേജ്ക്യാമ്പ് സ്മരണകളുടെ ചിറകിലേറി ഞാൻ നിദ്രയിലേയ്ക്ക് ഊളിയിട്ടിറങ്ങി. അപ്പോഴും ഓസ്പിറ്റാൽ ദേ ഓർബിഗോയുടെ തെരുവോരങ്ങളെ നനച്ച്, മഴ പുറത്ത് തകർത്ത് പെയ്യുന്നുണ്ടായിരുന്നു.

രാത്രിമഴയോടു ഞാൻ‍ പറയട്ടെ,
നിന്‍റെ ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാൻ‍; നിന്‍റെ-
യലിവും അമർത്തുന്ന
രോഷവും, ഇരുട്ടത്തു
വരവും, തനിച്ചുള്ള
തേങ്ങിക്കരച്ചിലും

പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിൻ‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;

അറിയുന്നതെന്തുകൊ-
ണ്ടെന്നോ? സഖീ,ഞാനു-
മിതു പോലെ, രാത്രിമഴ പോലെ… (രാത്രിമഴ, സുഗതകുമാരി)

ഫാ. തോമസ്‌ കറുകയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.