ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (23)

ഫാ. തോമസ് കറുകയില്‍

രാജനഗരത്തിലൂടെ …

ഇടംകയ്യൻ ബോളറും വലംകയ്യൻ ബാറ്റസ് മാനും ഒരു ഓവറിലെ ആറു ബോളും മുട്ടികളിക്കുന്നവനുമായ എനിക്ക് ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാരുടെയിടയിൽ ഒരു ഓമനപ്പേര് ഉണ്ടായിരുന്നു ‘രവി ശാസ്ത്രി.’ ഷൊയെബ്‌ അക്തറിനൊപ്പം വേഗതയിൽ പന്തെറിയുന്ന, ‘റാവൽപിണ്ടി എക്സ്പ്രസ്സ്’ എന്ന വിളിപ്പേരുള്ള ഒരു കൂട്ടുകാരൻ ഞങ്ങൾക്കുണ്ടായിരുന്നു – ഉമേഷ്. സ്നേഹിച്ചാൽ ചങ്ക് പറിച്ചു തന്നു എന്തിനും കൂടെ നിൽക്കുന്നവൻ. ഇടഞ്ഞാൽ മുഷ്ടി ചുരുട്ടി വാരിയെല്ലിനിടയിലേയ്ക്ക് ഇടിക്കുന്നവൻ. അവധിക്കാലത്ത് സെമിനാരി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സേവനോത്സവം ആ വർഷം ഇരുവുചിറയിൽ ഒരു റോഡ് നിർമ്മാണം ആയിരുന്നു.

ആ മെയ് മാസപ്പുലരിയിൽ റോഡ് പണിക്കിറങ്ങും മുമ്പ് പത്രം വായിക്കുമ്പോഴാണ്, ഞെട്ടലോടെ പത്രത്തിന്റെ ഫ്രണ്ട് പേജിൽ നിന്നും ഞാൻ ആ വാർത്ത വായിക്കുന്നത്. ഉമേഷ് ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. അവൻ ജോലി ചെയ്യുന്ന കേബിൾ ടി.വി. നെറ്റ്‌വർക്ക് മേഖലയിലെ കുടിപ്പകയായായിരുന്നു കാരണം. സ്ഥാപനത്തിന് തീയിടുകയായിരുന്നു ലക്ഷ്യമെന്നും അതിനുള്ളിൽ ഉറങ്ങുന്നവരെപ്പറ്റി അവർക്കറിവില്ലായിരുന്നു എന്നുമൊക്കെ പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും അതിലുൾപ്പെട്ട പ്രതികൾക്കെല്ലാം ജീവപര്യന്തം ശിക്ഷ ലഭിക്കുകയുണ്ടായി. സൗഹൃദത്തെപ്പറ്റി എഴുതുമ്പോൾ അവനെ ഒഴിവാക്കിയൊരു നിർമ്മിതി എന്റെ ജീവിതത്തിൽ സാധ്യമല്ലാത്തതിനാലാണ് ആ ഓർമ്മകളിലൂടെ ഞാനിവിടെ ഇത്തിരി നേരം നടന്നത്.

സുഹൃത്തുക്കളായ റോമാനോടും അലെൻകായോടുമൊപ്പമാണ് ഇന്നും യാത്ര തുടങ്ങിയത്. ഞങ്ങൾ അതിരാവിലെ 4.30-ന് എഴുന്നേറ്റു. അഞ്ചു മണിയോടെ നടപ്പു തുടങ്ങി. സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടില്ല. വഴിയിലെങ്ങും ഇരുട്ടാണ്. ടോർച്ചിന്റെ വെളിച്ചത്തിൽ അടയാളങ്ങൾ നോക്കി മുന്നോട്ടു നടന്നു. 9 മണിക്കാണ് ലിയോൺ കത്തീഡ്രലിൽ കുർബാന ആരംഭിക്കുന്നത്. 13 കിലോമീറ്റർ നടന്നുതീർക്കാൻ നാല് മണിക്കൂർ ധാരാളം മതി. പക്ഷെ, പതിവുപോലെ എന്റെ നടപ്പിന്റെ വേഗത കുറഞ്ഞപ്പോൾ റോമനും അലെൻകയും എന്നെ വിട്ട് മുന്നോട്ടുപോയി.

നേരത്തെ എഴുന്നേറ്റ് നടന്നതുകൊണ്ട് കാപ്പി പോലും കുടിച്ചിട്ടില്ല. കുടിക്കാൻ കയറിയാൽ മിക്കവാറും അര മണിക്കൂർ പോകും. കൈയ്യിൽ കരുതിയിരുന്ന വെള്ളം കുടിച്ചുകൊണ്ടു മാത്രം മുന്നോട്ടു നടന്നെങ്കിലും 9 മണിയോടെ മാത്രമേ നഗരത്തിൽ പ്രവേശിക്കാൻ എനിക്ക് കഴിഞ്ഞുള്ളൂ. കത്തീഡ്രൽ ഇനിയും ഏകദേശം ഒന്നര കിലോമീറ്ററെങ്കിലും അകലെയാണ്. നഗരപ്രാന്തത്തിൽ കണ്ട ഒരു പള്ളിയോടു ചേർന്ന ഭക്ഷണശാലയിൽ കയറി കാപ്പി കുടിച്ചു. ആളുകൾ പള്ളിക്ക് ചുറ്റും കൂടിനിൽപ്പുണ്ട്. ഒരുപക്ഷെ, കുർബാനയുണ്ടെകിൽ ഇവിടെ തന്നെ കൂടിയേക്കാം എന്ന് കരുതി ചോദിച്ചപ്പോഴാണ് മനസിലായത് നഗരത്തിലുള്ള എല്ലാ പള്ളികളിൽ നിന്നും പ്രദക്ഷിണമായി വരുന്ന ജനങ്ങൾ ഒന്നുചേർന്നാണ് കത്തീഡ്രലിനു മുന്നിലെ വലിയ പ്രദക്ഷിണം രൂപപ്പെടുക. അതിനായാട്ടാണ് അവർ ഒത്തുകൂടിയിരിക്കുന്നതെത്രെ. അവരോടൊപ്പം കൂടാതെ മുന്നോട്ടുനടന്നു. ഇനിയുള്ള നടത്തം ലിയോൺ നഗരത്തിനുള്ളിലൂടെയാണ്.

സാന്തിയാഗോയ്ക്ക് മുമ്പ് യാക്കോബിന്റെ വഴിയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ലിയോൺ (León). A.D. 70-നടുത്ത് റോമൻ പടയാളികളാൽ നിർമ്മിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ നഗരം, മൂന്നാം നൂറ്റാണ്ട് മുതൽ വടക്കു-പടിഞ്ഞാറൻ ഇബേരിയൻ ഉപദ്വീപിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. പടയാളികളുടെ കൂട്ടം എന്നർത്ഥം വരുന്ന “ലെഗിയോ”(Legio) എന്ന ലത്തീൻ വാക്കിൽ നിന്നു തന്നെയാണ് ലിയോൺ എന്ന പേര് ഉത്ഭവിച്ചത്. സ്പാനിഷ് ഭാഷയിൽ ഇതിന് സിംഹം എന്നാണർത്ഥം. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ ഇരുമ്പയിര്- കൽക്കരി ഖനികളുടെ ഒരു കേന്ദ്രം കൂടിയായിരുന്നു ഈ പട്ടണം.

നഗരത്തിലെ കല്ലുപാകിയ വീഥികളിലൂടെ നടന്ന് കത്തീഡ്രലിനു മുന്നിലെത്തി. 13 കിലോമീറ്റർ മാത്രമാണിന്ന് നടന്നത്. അതുകൊണ്ട് ഉച്ചയ്ക്ക് മുന്നോട്ടു നടക്കണമെന്ന് തീരുമാനിച്ചതിനാൽ ബാഗും തൂക്കിയാണ് നടപ്പ്. മറിച്ചായിരുന്നെങ്കിൽ ഏതെങ്കിലും സത്രത്തിൽ ബാഗേൽപ്പിച്ചിട്ട് കൈയും വീശി നടക്കാമായിരുന്നു. കത്തീഡ്രലിനു മുമ്പിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ചെറിയ പ്രദക്ഷിണങ്ങൾ വന്നുചേരുണ്ടായിരുന്നു. 11 മണിയോടെ എല്ലാവരും ഒത്തൊരുമിച്ചുള്ള വലിയ പ്രദക്ഷിണം ആരംഭിച്ചു. വാദ്യമേളങ്ങൾ, പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ച സ്ത്രീജനങ്ങൾ, ആദ്യകുർബാന വസ്ത്രം ധരിച്ച കുട്ടികൾ, തങ്ങളുടെ ചുമലിലേന്തിയ രൂപങ്ങളുമായി താളാത്മകമായി നടന്നുനീങ്ങുന്ന കോട്ടും സൂട്ടും അണിഞ്ഞ യുവതീ-യുവാക്കന്മാർ. അവയ്ക്കെല്ലാം പിന്നിൽ അലങ്കരിച്ച വാഹനത്തിൽ പരിശുദ്ധ കുർബാന വഹിക്കുന്ന അരുളിക്ക. ഭക്തിനിർഭരമായ പ്രദക്ഷിണത്തോടൊപ്പം അല്പം നടന്നു.

പ്രദക്ഷിണം കടന്നുപോകുന്ന വഴിയിലുള്ള സെയിന്റ് ഇസിദോറിന്റെ ബസലിക്കയിൽ (Basílica de San Isidoro de León) 12 മണിക്ക് വിശുദ്ധ കുർബാനയുണ്ട്. സെവില്ലയിലെ മെത്രാപ്പാലീത്തയായിരുന്ന വി. ഇസിദോറിന്റെ കബറിടം ഈ പള്ളിയിലാണ്. ദേവാലയം സന്ദർശിച്ച് വിശുദ്ധ കുർബാനയിലും പങ്കുചേർന്നു പുറത്തിറങ്ങിയപ്പോഴാണ് അതിനോട് ചേർന്നുള്ള മ്യൂസിയം കണ്ണിൽപ്പെട്ടത്. മ്യൂസിയത്തിനുള്ളിലാണ് ലിയോണിലെ രാജാക്കന്മാരെ അടക്കം ചെയ്തിട്ടുള്ള റോയൽ പാന്തേയോൺ (Royan Panteon). അതിന്റെ മുകൾത്തട്ടിൽ വരച്ചിട്ടുള്ള മനോഹരമായ ചിത്രങ്ങൾ മൂലം “റോമനസ്സ്‍ക്ക്കാലത്തെ സിസ്റ്റൈൻ കപ്പേള” (Sistine chapel of Romanesque period) എന്നാണിതറിയപ്പെടുന്നത്.

ലിയോൺ പട്ടണത്തിൽ ചുറ്റിത്തിരിഞ്ഞു നടന്നിട്ട് തിരിച്ച്‌ വീണ്ടും കത്തീഡ്രലിനു മുന്നിലെത്തി. രാവിലെ കത്തീഡ്രലിനുള്ളിൽ വിശുദ്ധ കുർബാന ആയതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വീണ്ടും ഇവിടേയ്ക്ക് തിരിച്ചുവന്നത്. യാക്കോബിന്റെ വഴിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണത്, ഗോഥിക് ശില്പമാതൃകയിൽ പണിയപ്പെട്ട, പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ലിയോൺ കത്തീഡ്രൽ (Santa María de León Cathedral). പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ഏകദേശം മുന്നൂറു വർഷങ്ങളെടുത്തു അതിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ. മദ്ധ്യനൂറ്റാണ്ടുകൾ മുതൽ ആധുനിക കാലം വരെയുള്ള സമയങ്ങളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന കത്തീഡ്രലിലെ ഗ്ലാസ് ജാലകങ്ങൾ ആരുടേയും ശ്രദ്ധയാകർഷിക്കുന്നവ തന്നെയാണ്.

ഓഡിയോ ഗൈഡിലെ വിവരണങ്ങൾ കേട്ട് കത്തീഡ്രലിന്റെ എല്ലാ ഭാഗങ്ങളും കണ്ടുതീർത്തപ്പോൾ ഏകദേശം മൂന്നു മണി കഴിഞ്ഞു. എന്തു തന്നെയായാലും ഇന്ന് ഇവിടെ തങ്ങുന്ന പ്രശ്നമില്ല. അതിനായിരുന്നെങ്കിൽ ഈ അഞ്ചാറു മണിക്കൂർ നേരം ബാഗും തൂക്കി നടക്കില്ലായിരുന്നു. വേഗതയിൽ മുന്നോട്ടു നടന്നു. വഴിയരികിലെ മൈൽ കുറ്റിയിൽ സാന്തിയാഗോ 306 കിലോമീറ്റർ എന്നു കാണിക്കുന്നു. ഇനിയും അത്രയും ദൂരം കൂടി നടക്കാനുണ്ട് എന്റെ ലക്ഷ്യത്തിലേയ്ക്ക്.

ബെർൻസ്‌ക (Bernesga) നദി കടന്ന് മെയിൻ റോഡിനരികിലൂടെ നടന്നു. ഏകദേശം 11 കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോൾ കണ്ട വിർഗൻ ദെൽ കമിനോ (Virgen del Camino) എന്ന പട്ടണത്തിലെ മുനിസിപ്പൽ സത്രത്തിൽ ഇന്നത്തെ യാത്ര അവസാനിപ്പിച്ചു. കുളി കഴിഞ്ഞെത്തിയ ഉടനെ തന്നെ ആഹാരം കഴിച്ചേക്കാമെന്നു കരുതി പുറത്തേയ്ക്ക് നടന്നു. ഭോജനയാലയങ്ങൾ കയറിയിറങ്ങിയത് മിച്ചം. സ്പെയിനിൽ പലയിടത്തും അങ്ങനെയാണ് വൈകുന്നേരം 8 മണി കഴിയാതെ അത്താഴം കിട്ടുകയില്ല. ഭക്ഷണം കഴിക്കുവാൻ കൂടെ കൂട്ടിനു വന്ന ഡെന്മാർക്കുകാരൻ ഫിലിപ്പുമൊത്ത് അത്താഴം തയ്യാറാകും വരെ കുശലം പറഞ്ഞിരുന്നു.

ഒരു കഥ പൂർണ്ണമാകുന്നത് അതവതരിപ്പിക്കുന്ന ആൾ കേൾവിക്കാരനിലേയ്ക്ക് പൂർണ്ണമായും കഥയായി ഇറങ്ങിച്ചെല്ലുമ്പോഴാണ്. ഫിലിപ്പിന്റെ സംസാരം ഒരു കെട്ടുകഥയേക്കാൾ വശ്യവും മോഹിപ്പിക്കുന്നതുമായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ നേരിട്ടു പങ്കെടുത്ത പീറ്റർ ലാംബെർട്ടിന്റെ ഏക മകനായിരുന്നു ഫിലിപ്പ്. നാട്ടിലെ പട്ടാളക്കാരിൽ നിന്നും ഒട്ടും വിഭിന്നനല്ലാത്ത പീറ്റർ, ലാംബെർട്ടിന്റെ യുദ്ധഭൂമിയിലെ അനുഭവങ്ങൾ മകനിലൂടെ കേൾക്കുകയെന്നത് എന്നിലെ ജിജ്ഞാസുവിന്റെ ആന്തരീകവിശപ്പിനെ ഒടുക്കാൻ പോന്നതായിരുന്നു. നാസി അധിനിവേശത്തിലായിരുന്ന ഡെന്മാർക്കിനെ സ്വതന്ത്രമാക്കാൻ പീറ്റർ ലാംബെർട്ട് സഹിച്ച യാതനകൾ വിവരിക്കുമ്പോൾ ഫിലിപ്പിന്റെ വെളുത്തു തുടുത്ത മുഖം കൂടുതൽ കൂടുതൽ രക്തവർണ്ണമണിയുന്നതും നോക്കിയിരിക്കെ ആവി പാറുന്ന ഭക്ഷണപാത്രങ്ങളുമായി വെയിറ്റർ ഞങ്ങളുടെ മേശയിലേയ്ക്കു നടന്നടുത്തു …

ഫാ. തോമസ് കറുകയിൽ 

(തുടരും…)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.