ബോണ്‍ കമീനോ: ഒരു തീര്‍ത്ഥാടകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (20)

തുടരുന്ന യാത്രകൾ …

ഫാ. തോമസ് കറുകയില്‍

ഒരിക്കൽ ഒരു ബാലൻ ഒരു സ്വപ്നം കണ്ടു. പച്ചപുതച്ച മൈതാനങ്ങളുള്ള ഒരു മൊട്ടക്കുന്ന്, കുന്നിനു മുകളിലായി ഒരു കുഞ്ഞുദേവാലയം. ദേവാലയത്തിലേയ്ക്ക് നടന്നുകയറുന്ന ഭക്തജനങ്ങൾക്കിടയിൽ വിശേഷവിധിയായ വസ്ത്രം ധരിച്ച വളരെ പരിചിതനായ, എന്നാൽ ഒട്ടും വ്യക്തമാകാത്ത മുഖവുമായി ഒരാൾ ദേവാലയത്തിന്റെ വിശുദ്ധ സ്ഥലത്തേയ്ക്ക് നടന്നുകയറുന്നു. പരിചിത മുഖക്കാരൻ നേതൃത്വം നൽകുന്ന പ്രാർത്ഥനയിൽ ഒട്ടും പരിചയമില്ലാത്ത ഭാഷയിൽ അത് ഏറ്റുചൊല്ലുന്ന ജനക്കൂട്ടം. പുൽത്തകിടിയുടെ വിളുമ്പിലേയ്ക്ക് ഇറ്റുവീഴുന്ന ഹിമകണങ്ങളിലൊന്ന് ആ ബാലന്റെ മുഖത്തേയ്ക്കു തെറിച്ചുവീണു. തൽക്ഷണം അവൻ നിദ്ര വിട്ടുണർന്നു. ഉണർന്നിട്ടും ആ സ്വപ്നം അവനെ മദിച്ചുകൊണ്ടേയിരുന്നു. അപ്പച്ചൻ ഒന്നാം കുർബാന കഴിഞ്ഞെത്തിയതും ബാലൻ അടുത്തുകൂടി. പുലർച്ചെ കണ്ട സ്വപ്നം വിവരിച്ചു. അൽപനേരം മൗനിയായിരുന്ന അപ്പച്ചൻ ബാലന്റെ നെറുകയിൽ തലോടി. നീയിനിയും സഞ്ചരിച്ചു തീർക്കേണ്ട വഴികളില്‍ എവിടെയെങ്കിലും നിനക്കീ കാഴ്ച അനുഭവവേദ്യമാകുമെന്നും അപ്പോൾ നീ ഇതിനെപ്പറ്റി ഓർക്കുമെന്നും പറഞ്ഞ് പ്രാതലിനായി മേശയ്ക്കരികിലേയ്ക്കു നടന്നു.

ചുവപ്പും മഞ്ഞയും ഇലകൾ പൊഴിക്കുന്ന കുന്നിൻമുകളിലുള്ള പള്ളിയില്‍ എന്നെങ്കിലുമൊരിക്കൽ താന്‍ എത്തിച്ചേരുമെന്ന് തന്നെ അവൻ ഉറച്ചുവിശ്വസിച്ചു. കാരണം, എല്ലാത്തിനും ഒരു കാലമുണ്ട്. നടാനും, പറിക്കാനും, വിളവ് കൊയ്യാനും, മെതിക്കാനും, ഭക്ഷിക്കാനും ഉണ്ടാകുമൊരു ശുഭസമയം. അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞ് തുടരാനിരുന്ന എന്റെ നടപ്പുകഥ ഒന്നര മാസക്കാലത്തോളം മുടങ്ങിപ്പോയതിന് നിങ്ങളോട് എനിക്കൊരു ന്യായീകരണവും പറയുവാൻ കഴിയുന്നില്ല. നാട്ടിൽ അവധിക്കു പോയിവന്നതിന്റെ തിരക്കുകൾ എന്ന് ചെറിയ ഒരു ഒഴികഴിവ് പറയാമെങ്കിലും…

പത്ത് വർഷം മുമ്പ് ജർമ്മനിയിലേയ്ക്ക് അജപാലന ശുശ്രൂഷയ്ക്കായി എത്തിച്ചേർന്നപ്പോൾ ഏറ്റവുമധികം ഗൃഹാതുരത്വമുണർത്തിയതും ഇതേ തിരക്കുകൾ തന്നെയായിരുന്നു. രണ്ടായിരത്തിനടുത്ത് കുടുംബങ്ങളുള്ള അതിരമ്പുഴ പോലെ വലിയ ഒരു ഇടവകയിലെ, പള്ളി നിറഞ്ഞുകവിഞ്ഞു നിൽക്കുന്ന ആരാധനാ സമൂഹത്തോടൊപ്പമുള്ള ദിവ്യബലികളും സൺഡേ സ്കൂളും സംഘടനാ മീറ്റിങ്ങുകളും കുടുംബ കൂട്ടായ്മകളും ഒക്കെയുള്ള തിരക്കുകളിൽ നിന്നും എണ്ണത്തിൽ വളരെക്കുറച്ചു മാത്രം ആളുകളുള്ള ജർമ്മനിയിലെ പള്ളിയിലേയ്ക്കുള്ള പറിച്ചുനടീൽ ആദ്യം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല.

പുരോഹിതൻ എപ്പോഴും ജനങ്ങൾക്ക് സംലഭ്യനാകണമെന്നതും എപ്പോഴും അവരോടൊപ്പം ആയിരിക്കണമെന്നുമാണ് നാട്ടിലെ വിശ്വാസികളുടെ ആഗ്രഹമെങ്കിൽ, ഒരു വ്യക്തി എന്ന നിലയിൽ പുരോഹിതന് തന്റേതായ ഒഴിവുസമയം അനുവദിച്ചു കൊടുക്കണം എന്നുള്ള പക്ഷക്കാരാണ് ജർമ്മനിയിലെ വിശ്വാസികൾ. അതുകൊണ്ടു തന്നെ ആഴ്ചയില്‍ ഒരു ദിവസം, മിക്കവാറും തന്നെ ഏറെ തിരക്കുകളുള്ള ഞായറാഴ്ച കഴിഞ്ഞുവരുന്ന തിങ്കളാഴ്ച, വൈദികർക്ക് വിശ്രമിക്കുവാനുള്ള ദിവസമാണ് ഇവിടെ. തീർത്തും ലളിതമായ ഈയൊരു കാര്യം തുടങ്ങി ഒരുപാട് ഒരുപാട് വ്യത്യസ്തതകളുള്ള ഈ രണ്ട് അജപാലനമേഖലകളെ താരതമ്യപ്പെടുത്തുക അത്ര എളുപ്പമല്ല.

അവധിക്കാലത്ത് നാട്ടിൽ ചെല്ലുമ്പോൾ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ‘അച്ചന് ഇവിടെയാണോ ജർമ്മനിയാണോ കൂടുതൽ ഇഷ്ടം?’ എന്ന്. ഓരോ സ്ഥലത്തിനും ഇഷ്ടപ്പെടുവാനും ഇഷ്ടപ്പെടാതിരിക്കാനും അതിന്റേതായ പ്രത്യേകതകളുണ്ട്.

ജർമ്മന്‍ ജീവിതാനുഭവങ്ങളിൽ ഏറ്റവും സന്തോഷം നൽകുന്ന ദിനങ്ങൾ പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസമാണ്. അന്ന് നടത്തപ്പെടുന്ന ആഘോഷമായ പ്രദക്ഷിണങ്ങൾ ഓർത്തുവയ്ക്കാൻ പറ്റുന്ന മനോഹരമായ ഒരു അനുഭവമാണ്. തങ്ങളുടെ ആകർഷകമായ വസ്ത്രങ്ങളണിഞ്ഞ ആദ്യകുർബാന കുട്ടികളും, യൂണിഫോം ധരിച്ച അഗ്നിശമന സേനാംഗങ്ങളും, മറ്റ് സംഘടനകളും, കൊടികളും, തോരണങ്ങളും, പൂക്കളങ്ങളുമൊക്കെ ചേർന്ന ഈ പ്രദക്ഷിണം മനസ്സിലേയ്ക്ക് കൊണ്ടുവരിക അമ്മവീട്ടിനരികെയുള്ള സുപ്രസിദ്ധ വിശുദ്ധവാര തീർത്ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലെ ദുഃഖവെള്ളിയാഴ്ചകളിലെ നഗരി കാണിക്കൽ പ്രദക്ഷിണമാണ്.

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ സന്നദ്ധസേവകരുടെ ചുമലിലേന്തി തെന്നിനീങ്ങുന്ന കർത്താവിന്റെ അത്ഭുത തിരുസ്വരൂപവും അതിലേയ്ക്ക് എറിയപ്പെടുന്ന ചെത്തിപ്പൂക്കളും വെറ്റിലകളും നൂറുകണക്കിന് മരമണികളുടെ കാതടപ്പിക്കുന്ന ശബ്ദവും വിശ്വാസികളെയെല്ലാം ഭക്തിയുടെ വേറെ ഏതോ തലത്തിലേയ്ക്ക് ഉയർത്തുമ്പോഴും, കുട്ടികൾ എന്ന നിലയിൽ ഞങ്ങൾക്ക് കൗതുകം തിരുസ്വരൂപത്തിലേയ്ക്ക് എറിയപ്പെടുന്ന വെറ്റിലകളിൽ ഉരുളുനേർച്ചക്കാർ വന്ന് ഉരുണ്ടും ആളുകൾ ചവിട്ടിയും പള്ളിമുറ്റത്തെ പഞ്ചാരമണൽ പറ്റിപ്പിടിക്കും മുമ്പ് അവ പെറുക്കിയെടുത്ത് സൂക്ഷിക്കുക എന്നതായിരുന്നു.

എന്റെ യാത്രാ ഇന്ന് പതിനാറാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. 2018-ലെ മെയ് 31-ാം തീയതിയായ ഇന്ന്, വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ആണ്. ഞാന്‍ ഇന്ന് താമസിക്കുന്ന പട്ടണമായ കാരിയോണിൽ ഈ പെരുനാൾ വലിയ ആഘോഷമാണ്. പക്ഷേ, സ്പെയിനിൽ ആകമാനം ഈ തിരുനാൾ വ്യാഴാഴ്ച അല്ല മറിച്ച്, അതിനടുത്തു വരുന്ന ഞായറാഴ്ചയാണ് ആഘോഷിക്കുക. രാവിലെ കാപ്പി കുടിക്കാനായി കയറിയ കടയിലെ ഭിത്തികളിൽ മുഴുവൻ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ഞായറാഴ്ച നടക്കുവാൻ പോകുന്ന പ്രദക്ഷിണത്തിന്റെ ഒരു ഏകദേശരൂപം ഞാൻ ഊഹിച്ചു.

യാത്രാസഹായിയിൽ ഇന്നത്തെ ലക്ഷ്യം 26 കിലോമീറ്റർ അപ്പുറത്തുള്ള ടെറാഡിയ്യോസ് ഡി ലോസ് ടെംപ്ലാരിയോസ് (Terradillos de los Templarios) ആണ്. അടുത്ത ദിവസത്തേത് ടെറാഡിയ്യോസിൽ നിന്നും വെറും 13 കിലോമീറ്റർ മാത്രം മാറിയുള്ള സഹഗുനും (Sahagun). രണ്ടും കൂടി ഒരുമിച്ചു നടക്കാൻ പറ്റിയാൽ ഒരു ദിവസം ലാഭിക്കാം. അതുകൊണ്ടു തന്നെ 39 കിലോമീറ്റർ ലക്ഷ്യം വച്ചുള്ള നടപ്പ് ആരംഭിച്ചു. കാരിയോൺ നദിക്ക് കുറുകെയുള്ള പാലം കടന്ന് 1161-ല്‍ സ്ഥാപിതമായ സാൻ സോയിലോ (San Zoilo) എന്ന ഫ്രാൻസിസ്കൻ ആശ്രമത്തിനു മുന്നിലെത്തി. കാരിയോണിൽ നിന്ന് പുറപ്പെട്ടാൽ ഏകദേശം 17 കിലോമീറ്റർ വയലേലകൾക്ക് നടുവിലൂടെയുള്ള ഒറ്റവഴിയാണ്. റോമാക്കാരുടെ പുരാതനമായ വഴികളിലൊന്നായ Via Aquitania-യുടെ ഭാഗമാണിത്. തണൽമരങ്ങളില്ലാത്ത വളവുകളും തിരിവുകളുമില്ലാതെ ഋജുരേഖയിൽ കിടക്കുന്ന ഈ ദൂരം വെയിൽ തുടങ്ങും മുൻപു നടന്നുതീർക്കണം എന്ന ആഗ്രഹത്തോടെ അതിവേഗം മുന്നോട്ടുനടന്നു.

വഴിയിൽ വച്ച് വീണ്ടും സാൻസോളിൽ സത്രത്തിൽ പരിചയപ്പെട്ട അറുപത് കഴിഞ്ഞ ജർമ്മൻകാരൻ മാൻഫ്രെഡിനെ വഴിയിൽ കണ്ടുമുട്ടി. പതിവുപോലെ ഞാൻ “ബോൺ കമിനോ” ആശംസിച്ചു. തിരികെയും അതെ ആശംസ പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാൻഫ്രെഡ് മറ്റൊരു ആശംസ പറഞ്ഞു: “ഉൾത്രേയ” (Ultreïa). ആദ്യമായിട്ടാണ് ഞാൻ അത്തരമൊരു വാക്ക് കേൾക്കുന്നതു തന്നെ. എന്താണ് അതിന്റെ അർത്ഥമെന്ന് മാൻഫ്രെഡിനോടു തന്നെ തിരക്കി. ഇന്നലെ രാത്രി അദ്ദേഹം  തങ്ങിയത് സിസ്റ്റേഴ്സ് നടത്തുന്ന എസ്പിരിത്തു സാന്തോ (Espíritu Santo) എന്ന സത്രത്തിലായിരുന്നെത്രെ. വൈകുന്നേരം അവരുടെ പ്രാർത്ഥനാ സമ്മേളനത്തിൽ സിസ്റ്റേഴ്സ് ആലപിച്ച ഒരു ഗാനത്തിൽ നിന്നാണ് ഈ പുതിയ ആശംസ ലഭിച്ചത്. യാക്കോബിന്റെ വഴിയിലെ അതിപുരാതനമായ ആശംസകകളിൽ ഒന്നാണിത്. Ultreia, et Suseia, Deus, adjuva nos! (“മുന്നോട്ട്, ഉന്നതങ്ങളിലേയ്ക്ക്, ദൈവം നമ്മെ നയിക്കട്ടെ”) എന്നാണ് ലത്തീൻ ഭാഷയിലുള്ള ഈ ആശംസയുടെ പൂർണ്ണരൂപം.

1989-ൽ Jean-Claude Benazet രചിച്ച ഒരു ഫ്രഞ്ച് തീർത്ഥാടന ഗീതത്തിന്റെ ആദ്യ വരികളും ഇതു തന്നെയാണ്. ഈ ഗാനത്തിന്റെ ഭാഷാഭേദങ്ങളിലൊന്നാണ് സിസ്റ്റേഴ്സ് ഇന്നലെ ആലപിച്ചത്. കുറച്ചുനേരം എന്നോട് കുശലം പറഞ്ഞതിനു ശേഷം മാൻഫ്രെഡ് തന്റെ സ്വതസിദ്ധമായ വേഗത വീണ്ടെടുത്ത് എന്നെ കടന്നുപോയി. തണൽമരങ്ങളില്ലാത്ത വഴിയിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതാണ്. വെയിൽ അത്ര കഠിനമല്ല എന്നുള്ളതു മാത്രമാണ് ഒരൽപം ആശ്വാസം. ഏകദേശം 11 മണിയോടെ 17 കിലോമീറ്റർ താണ്ടി കാൽസഡിയ്യാ ദേ ലാ ക്യൂസയിൽ (Calzadilla de la Cueza) എത്തി. യാക്കോബിന്റെ വഴിയിലെ ഏതാണ്ട് പകുതി ദൂരം, ഇവിടെ എത്തിയതോടെ ഞാൻ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയും ഏകദേശം ഇത്രയും ദൂരം തന്നെ നടന്നുതീർക്കേണ്ടതുണ്ട്. പതിനാറ് ദിനങ്ങൾ കൊണ്ട് ഞാൻ പകുതി ദൂരം നടന്നിരിക്കുന്നു. ഇങ്ങനെ പോയാൽ കൈയ്യിലുള്ള അവധി ദിവസങ്ങൾ കൊണ്ട് എനിക്ക് എന്റെ ലക്‌ഷ്യം പൂർത്തിയാക്കാനാവും. ആദ്യ ദിനങ്ങളിലെ കുറവുകളെ എനിക്ക് പരിഹരിക്കാൻ പറ്റിയിരിക്കുന്നു. അത് എന്നിലെ ആത്മവിശ്വാസം ഒട്ടൊന്നു വർദ്ധിപ്പിച്ചു.

അല്പസമയത്തെ വിശ്രമത്തിനുശേഷം മുന്നോട്ടുള്ള നടത്തം ലേഡീഗോസും (Ledigos) കടന്ന് ടെറാഡിയ്യോസ് ഡി ലോസ് ടെംപ്ലാരിയോസിലെത്തി (Terradillos de los Templarios). പേര് സൂചിപ്പിക്കും പോലെ തന്നെ കുരിശുയുദ്ധ യോദ്ധാക്കളുടെ സമൂഹത്തിന്റെ (Knights Templar) അധീനതയിലായിരുന്നു ഈ ഗ്രാമം. തീർത്ഥാടകരെ, അവരുടെ യാത്രകളില്‍ സഹായിക്കുന്നതും ഈ സമൂഹത്തിന്റെ ചുമതലകളിലൊന്നായിരുന്നു. വേണമെങ്കിൽ ഇന്നിവിടെ തങ്ങാം. പക്ഷെ, മുൻ തീരുമാനം 13 കിലോമീറ്റർ കൂടി നടക്കുവാനായിരുന്നതിനാൽ മുന്നോട്ടുനടന്നു. എന്നാൽ, യാത്ര ആറ് കിലോമീറ്റർ കഴിഞ്ഞപ്പോൾ സാൻ നിക്കോളാസ് ഡെൽ റിയൽ കാമിനോയിലെ (San Nicolás del Real Camino) ഒരു സത്രത്തിൽ അവസാനിച്ചു.

അവിടെ വച്ചാണ് പ്യൂർട്ടോ റിക്കോയിൽ നിന്നുള്ള ആഗ്നെലിനെ പരിചയപ്പെടുന്നത്. തന്റെ പേര് ഇംഗ്ലീഷിൽ എയ്ഞ്ചൽ എന്നാണെന്നും അതുകൊണ്ട് ഞാൻ ഒരു മാലാഖയാണെന്നും പറഞ്ഞാണ് നാല്പതുകളുടെ മധ്യത്തിലുള്ള ആഗ്നെൽ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. പ്യൂർട്ടോറിക്കോക്കാരൻ ആണെന്നറിഞ്ഞപ്പോൾ, അവിടെ ചിത്രീകരിച്ച ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ despacito എന്ന ഗാനത്തെക്കുറിച്ചായി സംസാരം. ഗാനചിത്രീകരണ രംഗത്തിലെ പ്യൂർട്ടോറിക്കൻ കാഴ്ചകൾ അതിമനോഹരമാണെന്നു പറഞ്ഞപ്പോൾ അതിനേക്കാൾ മനോഹരമായ കാഴ്ചകൾ തന്റെ ക്യാമറയിൽ ഉണ്ടെന്നുപറഞ്ഞ് അയാൾ തന്റെ ക്യാമറയുമായി എത്തി. പ്യൂർട്ടോറിക്കൻ ഭൂപ്രകൃതിയുടെ നയനാനന്ദകരമായ ദൃശ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഭീതി ജനിപ്പിക്കുന്നതും അതേസമയം കാണാൻ രസകരവും വർണ്ണശബളമായ മുഖംമൂടിയണിഞ്ഞ ആഗ്നെലിന്റെ ചിത്രങ്ങൾ കണ്ണിൽ പതിഞ്ഞത്. പിന്നെ അതേക്കുറിച്ചായി സംസാരം.

വെഹിഗാത്തെ (Vejigante) എന്നാണീ മുഖംമൂടിയുടെ പേര്. വി. യാക്കോബുമായും ഈ മുഖംമൂടികൾക്ക് ഒരു ബന്ധമുണ്ട്. വി. യാക്കോബിന്റെ അനുഗ്രഹത്താൽ സ്പാനിഷ് രാജാക്കന്മാർ പരാജയപ്പെടുത്തിയ മുസ്ലിം അധിനിവേശക്കാരെയാണത്രെ (Moors) ഈ മുഖംമൂടികൾ പ്രതിനിധീകരിക്കുക. പ്യൂർട്ടോറിക്കയിലെ സ്പാനിഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ് ഈ മുഖംമൂടികൾ. പിന്നീട് ഇവയിൽ ആഫ്രിക്കൻ സംസ്കാരത്തിന്റെയും കരീബിയൻ റ്റയിനോ (Taíno) സംസ്കാരത്തിന്റെയും സ്വാധീനങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ആഭിചാര വിദ്യകളുടെ (Black Magic) ദ്വീപ് എന്നാണ് പ്യുർട്ടോറിക്കോ അറിയപ്പെടുന്നതു തന്നെ.

ആഗ്നെൽ പറഞ്ഞ ഞെട്ടിക്കുന്ന ഒരു കഥ ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ എപ്പോഴോ ഞാനും കേട്ടിട്ടുള്ള പേടിപ്പെടുത്തുന്ന ചില കാര്യങ്ങളുമായി സാമ്യമുള്ള ഒന്നായി എനിക്കു തോന്നി, അവയുമായി അടുത്ത അദ്ധ്യായത്തിലെത്താം…

ഫാ. തോമസ് കറുകയില്‍

(തുടരും …)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.