കര്‍ദ്ദിനാള്‍ കോര്‍ണേലിയൂസ് സിമ്മിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പാപ്പായുടെ സന്ദേശം

തെക്കു കിഴക്കന്‍ ഏഷ്യയിലെ ബോര്‍ണിലോ ദ്വീപിന്റെ ഭാഗമായ ബ്രൂണെയ് സ്റ്റേറ്റിലെ കര്‍ദ്ദിനാള്‍ കോര്‍ണേലിയൂസ് സിമ്മിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു. ബ്രൂണെയ്യിലെ ആദ്യ വൈദികനും ബിഷപ്പും കര്‍ദ്ദിനാളുമായി സേവനം ചെയ്ത വ്യക്തി കൂടിയായിരുന്നു കര്‍ദ്ദിനാള്‍ കോര്‍ണേലിയൂസ് സിം. ആറു മാസം മുമ്പ് 2020 നവംബര്‍ 28-നാണ് പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. മേയ് 29 ശനിയാഴ്ച തായ്‌വാനില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ ബ്രൂണെയിലെ എല്ലാ വിശ്വാസികള്‍ക്കുമായി പാപ്പാ അനുശോചന സന്ദേശം അയച്ചു. “സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിനും സഭയ്ക്കുവേണ്ടി ചെയ്ത ഉദാരസേവനങ്ങള്‍ക്കും നന്ദി പറയുകയും അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ ഓരോരുത്തരുടേയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

കാന്‍സറിന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് ഇക്കഴിഞ്ഞ മേയ് എട്ടിന് അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരിയ പുരോഗമനം ചികിത്സയ്ക്കിടെ ഉണ്ടായെങ്കിലും രണ്ടു ദിവസമായി ആരോഗ്യനില വഷളായിരുന്നു. അറുപത്തിയൊന്‍പതുകാരനായ അദ്ദേഹം ശനിയാഴ്ച രാവിലെയാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. എന്‍ജിനീയറിംഗില്‍ ഡിഗ്രി നേടിയ ശേഷം വൈദികനായ വ്യക്തി കൂടിയാണ് കര്‍ദ്ദിനാള്‍ സിം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.