വിരമിച്ച ബ്രൂക്ലിൻ സഹായമെത്രാൻ ഇനി ഇടവക വികാരി

പൗരോഹിത്യ ശുശ്രൂഷയുടെ ഉദാത്തമാതൃകയായി മാറുകയാണ് വിരമിച്ച ബ്രൂക്ലിൻ രൂപതയുടെ സഹായമെത്രാൻ. സഹായമെത്രാനായിരുന്ന ബിഷപ്പ് ഒക്റ്റാവിയോ സിസ്‌നോറോ ആ പദവിയിൽ നിന്നും വിരമിച്ചശേഷം ഇടവക വൈദികനായി സേവനം ചെയ്യുമെന്ന് രൂപത അറിയിച്ചു. റിട്ടയർമെന്റ് പ്രായം ആയതിനെ തുടർന്ന് ബിഷപ്പ് ഒക്റ്റാവിയോ സിസ്‌നോറോ സമർപ്പിച്ച രാജി അപേക്ഷ പാപ്പാ അംഗീകരിച്ചതിനെ തുടർന്നാണ് ഇത്.

ഈ ജൂലൈ മാസം ആണ് അദ്ദേഹത്തിന് 75 വയസ് തികഞ്ഞത്. കാനോൻ നിയമപ്രകാരം രൂപതാ ബിഷപ്പുമാർ 75 വയസ്സ് തികയുമ്പോൾ മാർപാപ്പയ്ക്ക് രാജി സമർപ്പിക്കണം. അങ്ങനെ ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജി മാർപാപ്പാ വെള്ളിയാഴ്ച്ച അംഗീകരിച്ചിരുന്നു. ഇനി ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിലെ ഹോളി ചൈൽഡ് ജീസസ് ആന്റ് സെന്റ് ബെനഡിക്റ്റ് ജോസഫ് ലാബ്രെ ഇടവകയുടെ വികാരിയായി അദ്ദേഹം സേവനം ചെയ്യും.

“ബ്രൂക്ലിൻ രൂപതയിൽ കഴിഞ്ഞ 49 വർഷങ്ങളായി തുടർന്നുവന്ന പൗരോഹിത്യ ശുശ്രൂഷാജീവിതം ഇനിയും തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് അവസരം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു” – ബിഷപ്പ് ഒക്റ്റാവിയോ സിസ്‌നോറോ പറഞ്ഞു. 1971-ൽ ബ്രൂക്ലിൻ രൂപതയ്ക്കായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ജോൺപോൾ രണ്ടാമൻ മാർപാപ്പ 1988-ൽ സിസ്‌നോറോസിനെ ഒരു മഹാപുരോഹിതനായി തിരഞ്ഞെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.