ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗം ക്രിസ്ത്യാനികള്‍ എന്ന് ബ്രിട്ടീഷ് റിപ്പോർട്ട് 

ക്രിസ്തുമതം വ്യാപകമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി പുതിയ ബ്രിട്ടീഷ് റിപ്പോർട്ട്. ബ്രിട്ടീഷ് ഗവൺമെന്റിനായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേയ്ക്കുള്ള മത്സരാര്‍ത്ഥിയുമായ ജെറമി ഹണ്ടിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

“ക്രിസ്ത്യാനികള്‍ക്കുവേണ്ടി നിലകൊള്ളുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിച്ച വഴിതെറ്റിയ രാഷ്ട്രീയ തിരുത്തലുകള്‍ അവസാനിക്കണം. സ്വന്തം നാട്ടില്‍ നമ്മള്‍ മതസഹിഷ്ണുതയുടെ ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍, മതസഹിഷ്ണുതയുടെ മൂല്യങ്ങള്‍ വിദേശങ്ങളില്‍ പ്രചരിപ്പിക്കുവാനും നമ്മള്‍ ബാധ്യസ്ഥരാണ്” – ജെറമി വ്യക്തമാക്കി.

മധ്യപൂര്‍വ്വേഷ്യയിലെയും, വടക്കന്‍ ആഫ്രിക്കയിലെയും രാഷ്ട്രങ്ങളോട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ട്രൂറോയിലെ മെത്രാന്റെ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക വഴി ആഗോളതലത്തില്‍ മതപീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ നാലിനാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ നേരിടുന്ന പ്രശ്‍നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 144 രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ പല തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് 176 പേജുകളുള്ള റിപ്പോർട്ട് വെളിപ്പെടുത്തുന്നു.