വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ക്രിസ്ത്യാനികളുടെ അവകാശത്തെ അനുകൂലിച്ച് ബ്രിട്ടീഷ് കോടതി 

തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുള്ള ക്രിസ്ത്യാനികളുടെ അവകാശത്തിന് പിന്തുണ നൽകി ബ്രിട്ടീഷ് കോടതി. ഫെലിക്സ് നെഗോലെ എന്ന ക്രിസ്ത്യൻ വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് കോടതി പിന്തുണ പ്രഖ്യാപിച്ചത്.

ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു ഫെലിക്സ്. സ്വവർഗ്ഗവിവാഹം തെറ്റാണെന്നും ക്രിസ്തീയമൂല്യങ്ങൾക്ക് അത് എതിരാണെന്നും ശക്തമായി വാദിച്ചു. ഇതിനെ തുടർന്ന് ഫെലിക്സ് നെഗോളെയ്ക്കെതിരെ പരാതി ലഭിക്കുകയും യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. ഈ സാഹചര്യത്തിൽ, ക്രിസ്തീയമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനുള്ള ക്രിസ്ത്യാനിയുടെ അവകാശം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഫെലിക്സ്, കോടതിയിൽ ഹർജി സമർപ്പിച്ചിരിന്നു. ഇതിലാണ് അനുകൂലനടപടി ഉണ്ടായിരിക്കുന്നത്.

പാപത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കുന്നത് ഒരിക്കലും ഒരു വിവേചനത്തിനുള്ള കാരണമാകുന്നില്ലായെന്നും അതിന്റെ പേരിൽ ആരെയും നീക്കിനിർത്തുവാൻ കഴിയില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ ക്രിസ്ത്യാനിക്കും അവരുടെ വിശ്വാസം പങ്കുവയ്ക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് ആർക്കും ഇല്ലാതാക്കുവാൻ കഴിയില്ല എന്ന് ക്രിസ്ത്യൻ ലീഗൽ സെന്റർ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.