അപ്പം = ദൈവം

ഇന്ന് പെസഹാവ്യാഴം. അപ്പമെടുത്ത് “ഇതെന്റെ ശരീരമകുന്നു”വെന്ന് ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മ! മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം!

ദൈവസ്നേഹത്തിന്റെ പാരമ്യതയില്‍നിന്നാണ് ഈ ദൈവിക ഇടപെടല്‍ ഉയിരെടുത്തത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്. ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ ആത്മാവിഷ്കരമായിട്ടാണ് ഈശോ സെഹിയോന്‍ മാളികയില്‍ അപ്പമാകുന്നത്.

ഇവിടെ അപ്പമെന്ന യഥാര്‍ഥ്യത്തിന്‍റെ ഘടനക്കുള്ളിലാണ്‌ ഈ മഹാത്ഭുതം സംഭവിക്കുന്നത്‌. അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാധിയാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികവും ജൈവികവുമായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു.

അപ്പം അതിന്റെ വ്യത്യസ്ഥരൂപങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെടുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുന്നുവെന്നതു ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ്. ലോകത്തിന്റെ ജീവനുവേണ്ടി ക്രിസ്തു നല്‍കുന്ന അപ്പം അവിടുത്തെ ശരീരമാകുന്നു (യോഹ:6,51). മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു. അപ്പസത്തയില്‍നിന്നു ദൈവസത്തയിലേക്കുള്ള ഈ പരിണാമം മനസ്സിലാക്കുവാന്‍ ദുഷ്കരമാണെങ്കിലും, ക്രൈസ്തവന്റെ കുര്‍ബാനാനുഭാവത്താല്‍ സ്പുടം ചെയ്യപ്പെട്ട വിശ്വാസം ഈ വലിയ യാഥാര്‍ഥ്യത്തിന്റെ ലാവണ്യം അനുഭവിക്കാന്‍ അവളെ/അവനെ പ്രാപ്തനാക്കുന്നുണ്ട്.

ഈ അനുഭവമാണ് പെസഹവ്യാഴത്തെ ഇന്നും പ്രസക്തമാക്കുന്നത്‌. നോമ്പിന്റെ ചൈതന്യത്തില്‍ നാം പെസഹവ്യാഴത്തിനായി ഒരുങ്ങുന്നതും അതുകൊണ്ടാണ്. ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ ഈ ദിവ്യമുഹൂര്‍ത്തത്തിനു വേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും ഈ മുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടി മാത്രമായായിരുന്നു. പെസഹവ്യാഴത്തിന്റെ ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

പെസഹവ്യാഴത്തിന്റെ ദൈവശാസ്ത്രം പലതലത്തില്‍ മനസ്സിലാക്കാനും പഠിക്കാനും നമുക്ക് സാധിക്കും. ഗ്രീക്കുചിന്തയുടെ പിന്‍ബലത്തിലാണ് ഈ മഹാസംഭവം താത്വികമായി വ്യഖ്യാനിക്കപെട്ടതെങ്കിലും ഭാരത ചിന്തയ്ക്കും ഇത് – അപ്പം=ദൈവം, ദൈവം=അപ്പം – അന്യമല്ലെന്ന് നാം ഭാരതക്രൈസ്തവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അന്യമല്ലെന്ന് മാത്രമല്ല, അപ്പം ദൈവമാണെന്ന സങ്കല്‍പം വളരെ ശക്തമായിത്തന്നെ ഭാരതീയ ചിന്തയിലുണ്ട്.

“അന്നം ബ്ബ്രഹ്മ”മെന്ന ഉപനിഷത്തിലെ ചിന്ത ഭാരത സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. തൈത്തീരിയോപനിഷത്തില്‍ തത്വചിന്തയുടെ മറുപുറമായിട്ടാണ് “അന്നം ബ്ബ്രഹ്മ”മെന്ന ചിന്തയെ അവതരിപ്പിക്കുന്നത്‌. “അന്നം ബ്രഹ്മേതി വ്യജനാത്…” (അന്നത്തെ ബ്രഹ്മമെന്നറിഞ്ഞു) “അന്നം ബ്ബ്രഹ്മ”മാണ്; അന്നത്തില്‍നിന്നാണ് സര്‍വ ഭൂതങ്ങളും ഉണ്ടാകുന്നത്. ഭഗവത്ഗീതയും ഈ ദര്‍ശനം പങ്കുവയ്ക്കുന്നുണ്ട്‌. “അന്നാദ്ഭവന്തി ഭൂതാനി”. (അന്നത്തില്‍ നിന്ന് ഭൂതങ്ങളെല്ലാം ഉണ്ടാകുന്നു). അപ്പമാണ് ജീവന്‍ നല്‍കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതും. അപ്പമില്ലാത്ത അവസ്ഥ ജീവനില്ലാത്ത അവസ്ഥയാണ്.

അപ്പം ബ്രഹ്മമാണെന്ന ഭാരതസങ്കല്‍പം സാധാരണ മനുഷ്യരിലും ഉണ്ടായിരുന്നു. മകന്‍ അമ്മയോട് ചോദിക്കുകയാണ്. “ആരാണമ്മേ, രാജാവ്?” അമ്മ പറഞ്ഞു, “രാജാ പ്രത്യക്ഷ ദൈവം മകനെ.” വീണ്ടും മകന്‍ ചോദിച്ചു, “ആരാണമ്മേ, ദൈവം?” അമ്മ പറഞ്ഞു, “അന്നദാതാവായ പൊന്നുതമ്പുരാന്‍ മകനെ.” അന്നം ദൈവത്തില്‍നിന്നും വരുന്നതും ജീവന്‍ നല്കുന്നതുമാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ എന്നേയ്ക്കും ജീവിക്കും.” (യോഹ:6,51)    

ദൈവം അന്നദാതാവ് മാത്രമല്ല, ദൈവം അപ്പമായിത്തീരുന്നവനാണ്, അന്നം തന്നെയാണ്. അന്നത്തിലൂടെയാണ്, ദൈവത്തിലൂടെയാണ് ജീവന്‍ ഉണ്ടാകുന്നത്; അന്നം ഭക്ഷിക്കുന്നതിലൂടെയാണ്, പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവന്‍ നിലനില്‍ക്കുന്നത്. “ഉതാശിതമുപഗച്ചന്തി മൃത്യുവ:” (കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ മരണങ്ങള്‍ പ്രാപിക്കുന്നു ഋഗ്വേദം 8-6-22) തനിയേ ഭക്ഷിക്കുന്നവന്‍ പാപത്തെ ഭുജിക്കുന്നുവെന്നാണ് മഹാഭാരതം പറയുന്നത്.  

ദൈവം അപ്പമാകുന്ന വലിയ സംഭവത്തിന്റെ പുണ്യസ്മരണയിലൂടെ കടന്നുപോകുന്ന ക്രൈസ്തവരുടെ പെസഹാവ്യാഴ ദൈവശാസ്ത്രത്തെ മനസ്സിലാക്കുവാന്‍ ഭാരതമനസ്സിനു വളരെ എളുപ്പത്തില്‍ കഴിയുമെന്നത് ഈ ദിനത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ദൈവം അപ്പമാകുന്ന വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും, വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയാണെന്നും പറയുമ്പോള്‍ അത് ഭാരതസംസ്കാരത്തോട് ചേര്‍ന്ന്‍ പോകുന്നതുതന്നെയാണ്. പ്രസിദ്ധ കവി മധുസൂദനന്‍ നായരുടെ ‘എച്ചില്‍’ എന്ന കവിതയില്‍ അദ്ദേഹം പറയുന്നത്: “അന്നം ബ്രഹ്മമെന്നറിഞ്ഞിട്ടും ബ്രഹ്മജ്ഞനത് വേണ്ടയോ? യജ്ഞമെങ്ങന്നമില്ലാതെ? അന്നത്താല്‍ യജ്ഞവര്‍ധനം.” ദൈവം അപ്പമാകുന്നതു ക്രൈസ്തവനു വലിയൊരു വെളിപാടും അപ്പമായ ദൈവം, വിശുദ്ധ കുര്‍ബാന ക്രൈസ്തവനു ജീവഔഷധവുമാണ്.

ദൈവം അപ്പമായിതീരുന്നുവെന്ന അറിവ് വ്യാഖ്യാനങ്ങളുടെ വൈവിധ്യംകൊണ്ട് സങ്കീര്‍ണമാകുന്നുണ്ടെങ്കിലും, അനുഭവങ്ങളുടെ ഊഷ്മളതകൊണ്ട് നമുക്കേറ്റവും ഹൃദ്യമാകുന്നത് അത് ദൈവസ്നേഹത്തിന്റെ ആഘോഷമാകുന്നതുകൊണ്ടാണ്; മനുഷ്യാസ്തി ത്വവുമായി ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ്.  

പെസഹാവ്യാഴാഴ്ച ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്ന് നാം വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍ പെസഹാവ്യാഴം ധ്യാനാത്മകമാകണം. ഇന്‍ട്രിയപ്പത്തിന്റെ വിശുദ്ധിയിലും പാലിന്റെ മാധുര്യത്തിലും ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ കുടുംബാoഗങ്ങളെല്ലാവരും ഒരുമിച്ചിരുന്നുള്ള പെസഹാഭക്ഷണം ദൈവകൃപയുടെ അമൃതാകും.

സാജു 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.