ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബ്രസീലിയൻ ബിഷപ്പുമാർ

ബ്രസീലിൽ നിന്നുള്ള 152 ബിഷപ്പുമാരുടെ ഒരു സംഘം അയച്ച കത്തിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് എതിരെ രൂക്ഷവിമർശനം. ബ്രസീലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിലെ മൊത്തം അംഗങ്ങളിൽ മൂന്നിലൊന്ന് അംഗങ്ങളുടെ അഭിപ്രായമാണിത്. കോവിഡ് രോഗത്തെ ബ്രസീൽ നേരിട്ട രീതി മാത്രമല്ല, സർക്കാരിന്റെ രാഷ്ട്രീയ ദിശാബോധത്തിനെതിരെയും കത്തിൽ വിമർശനമുണ്ട്.

“ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.  ഈ വേദനാജനകമായ അവസ്ഥയ്ക്ക് കാരണം ആരോഗ്യ മേഖലയിലെ പ്രതിസന്ധിയാണ്. അത് സാമ്പത്തിക വ്യവസ്ഥിതിയെയും തകിടം മറിച്ചു. ഇത് കടുത്ത രാഷ്ട്രീയ, ഭരണ പ്രതിസന്ധിക്ക് കാരണമായി.” – ബിഷപ്പുമാർ കത്തിൽ പറയുന്നു.

ഞങ്ങൾക്ക് പ്രത്യേക രാഷ്ട്രീയ പാർട്ടിയോ സാമ്പത്തികമോ പ്രത്യയശാസ്ത്രപരമോ ആയ മറ്റ് താൽപ്പര്യങ്ങളോ ഇല്ല. ഒരേയൊരു താൽപ്പര്യം. അത്  ദൈവരാജ്യം മാത്രമാണ്. നീതിയും സാഹോദര്യവും സ്നേഹവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നമ്മുടെ രാജ്യം കടന്നു പോകുന്ന അപകടകരമായ ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും പ്രസംഗങ്ങളേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ്. നിലവിലെ സർക്കാർ സമ്പ്രദായം മനുഷ്യന്റെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മറിച്ച്, ആക്രമണത്തിലും കൊലപാതകത്തിലുമാണ് ശ്രദ്ധ. അതിനെതിരെയാണ് ഞങ്ങൾ വാദിക്കുന്നത്.” – കത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.