‘ഓരോ കുഞ്ഞും ഈ പ്രപഞ്ചത്തിൽ മൂല്യമുള്ളത്’ – എട്ട് മക്കളുള്ള ബ്രസീലിയൻ ദമ്പതികൾ

മരിയാന – കാർലോസ് അരസാക്കി എന്നീ യുവദമ്പതികൾക്ക് എട്ട് മക്കളാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ള ഈ വലിയ കുടുംബം കൂടുതൽ മക്കളെ പ്രതീക്ഷയോടെ കാത്തിരുന്നവരാണ്. എട്ട് മക്കളുള്ള ഈ ബ്രസീലിയൻ ദമ്പതികൾക്ക് 2022 മാർച്ചിൽ ഇരട്ടമക്കളും കൂടി ജനിക്കും. അവർക്കായുള്ള കാത്തിരിപ്പിലാണ് ഈ മാതാപിതാക്കളും എട്ട് കുഞ്ഞുസഹോദരങ്ങളും. ഇവരുടെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ വലിയ കുടുംബത്തിന്റെ സന്തോഷകരമായ ജീവിതം വായിച്ചറിയാം…

ഒന്നും രണ്ടും മക്കളുള്ള ആധുനിക തലമുറക്കു മുൻപിൽ ഈ സന്തുഷ്ടകുടുംബം മാതൃകയാവുകയാണ്. 36 വയസുള്ള അമ്മ മരിയാന, പത്തു മക്കളുടെ അമ്മയാകാൻ പോകുമ്പോൾ അവർ പൂർണ്ണ ആരോഗ്യവതിയും സന്തോഷവതിയുമാണ്. ചിലർക്ക് ഒന്നോ, രണ്ടോ കുട്ടികളുണ്ടാകാനുള്ള വിളിയേ ദൈവത്തിൽ നിന്നും ലഭിച്ചിട്ടുള്ളൂ. എന്നാൽ, മറ്റു ചിലർക്ക് പത്തോ, പന്ത്രണ്ടോ കുട്ടികളുണ്ടാകാനുള്ള വിളി ദൈവം നൽകിയിട്ടുണ്ട്. കൂടാതെ, മറ്റു ചില ദമ്പതികൾ കുട്ടികളെ ദത്തെടുക്കാനുള്ള സാധ്യതയുമുണ്ട്. ഇത് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം.

മാർച്ചിൽ ജനിക്കാനിരിക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ പേര് ജോവോ പിയോ, ജോസ്മരിയ എന്നിങ്ങനെയാണ്. മറ്റ് എട്ടു പേരിൽ ആറ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു. മറ്റുള്ളവർ മരിയ ഫിലോമിന (9), മാർട്ടിൻ (8), മരിയ ക്ലാര (7), മരിയ സോഫിയ (6), ബെർണാഡോ (4), മാർഗരിത്ത മരിയ (3), മരിയ മഗ്‌ദലേന (2), സ്റ്റെല്ല മരിയ (10 മാസം) എന്നിവരാണ്.

“ഞാൻ എന്റെ ഡോക്ടറെ പോയി കണ്ടു. ഒരു കുഞ്ഞ് മാത്രമല്ല, രണ്ട് കുട്ടികളുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ തുള്ളിച്ചാടി. രണ്ട് കുഞ്ഞുങ്ങളെ അൾട്രാസൗണ്ടിൽ കാണുന്നത് ശരിക്കും വളരെ ആവേശകരമായിരുന്നു! കാർലോസ് വളരെ നല്ലൊരു പിതാവാണ്” – മരിയാന ഇൻസ്റ്റാഗ്രാമിൽ എഴുതി.

“ദമ്പതികളുടെ ഐക്യത്തിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. സ്‌നേഹത്തിൽ, കുട്ടികളെ വളർത്താനുള്ള സന്നദ്ധതയിൽ, ആവശ്യമുള്ളപ്പോഴെല്ലാം ധാരാളം സ്‌നേഹവും വാത്സല്യവും ദൃഢതയും നൽകി വളർത്തുന്നതിൽ, ദൈവമില്ലാതെ നമ്മൾ ഒന്നുമല്ലെന്ന് പഠിപ്പിക്കുന്നു. നമുക്കെല്ലാവർക്കും ബുദ്ധിമുട്ടുള്ള ദിവസങ്ങളുണ്ട്, ഇത് കടന്നുപോകും. ജീവിതം ഒരു ശ്വാസമാണ്, ദൈവം നൽകിയിരിക്കുന്ന സമ്മാനം പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു” – ഈ മാതാപിതാക്കൾ പറയുന്നു.

മക്കളുടെ ഈ അമ്മ കുട്ടികളെ വളർത്തുന്നത് എങ്ങനെയെന്നും പറയുന്നുണ്ട്. കൃത്യമായി ദിനചര്യയുള്ള കുട്ടികൾ വളരെ സന്തോഷമുള്ളവരാണ്. ടൈംടേബിൾ പ്രകാരമുള്ള ചിട്ടയായ ജീവിതം അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. അവരുടെ എനർജി വർദ്ധിപ്പിക്കാനും അറിവും ഗുണങ്ങളും ക്ഷമ, ധൈര്യം, സ്ഥിരോത്സാഹം എന്നിവ പഠിക്കാനും സ്വായത്തമാക്കാനും അവരെ അനുവദിക്കുന്ന പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുക. ഭക്ഷണം കഴിക്കാനും കളിക്കാനും സ്കൂളിൽ പോകാനും ഗൃഹപാഠം ചെയ്യാനും പാഠ്യേതര പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സമയം ക്രമീകരിക്കുക.

പത്ത് മക്കൾ ഉണ്ടായ ശേഷം കൂടുതൽ മക്കളെ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഈ മാതാപിതാക്കളുടെ മറുപടി ഇപ്രകാരമാണ്: “ദൈവം ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും.”

കുടുംബത്തിന്റെ സമ്പത്ത് ദൈവം സമ്മാനമായി നൽകുന്ന മക്കളിലാണെന്ന് ഈ ദമ്പതികൾ ലോകത്തെ ബോധ്യപ്പെടുത്തുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.