ഹൈഡ്രോസെഫാലസുമായി ജനിച്ച കുഞ്ഞു ഗബ്രിയേലിന്റെ വൈറലായ ‘കൊച്ചു ബലിയർപ്പണം’

നാലുവയസ്സുകാരൻ ഗബ്രിയേൽ തന്റെ കുർബാന കുപ്പായവുമണിഞ്ഞ് കാസയും പീലാസയുമായി വിശുദ്ധ ബലിഅർപ്പണം നടത്തുകയാണ്. വളരെ ഗൗരവത്തോടെ കുർബാനയിലെ ഓരോ ഭാഗങ്ങളും പരികർമ്മം ചെയ്യുമ്പോൾ കാഴ്ചക്കാർക്ക് അത്ഭുതം തോന്നിപ്പോകും. കാരണം കുഞ്ഞു ഗബ്രിയേലിനു ഇത് വെറുമൊരു കളിയോ സമയം കളയാനുള്ള മാർഗ്ഗങ്ങളോ അല്ല. മറിച്ച് വളരെ ഗൗരവത്തോടെ ചെയ്യേണ്ടുന്ന ഒരു കർമ്മമാണ്‌. നാലുവയസ്സുകാരൻ ഗബ്രിയേൽ തന്റെ രണ്ടു വയസ്സു മുതൽ ഇന്നു വരെയും ഒരു ദിവസം പോലും ബലിയർപ്പണം മുടക്കിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന കുഞ്ഞു ഗബ്രിയേലിന്റെ ഈ കൊച്ചു ബലി അർപ്പണത്തിനു പിന്നിൽ ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ ഒരു കഥ കൂടിയുണ്ട്. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ തന്നെ ഹൈഡ്രോസെഫാലസ് (തലച്ചോറിൽ വെള്ളം കെട്ടുന്ന അവസ്ഥ) ബാധിച്ച ഒരു കുഞ്ഞു മാലാഖയുടെ അത്ഭുത ജീവിതം. ദൈവത്തിന്റെ പക്കൽ നിന്ന് പ്രാർത്ഥനകൊണ്ട് ജീവിതം വാങ്ങിയെടുത്ത ആ കുഞ്ഞു കരങ്ങൾ വിശുദ്ധ ബലിയല്ലാതെ മറ്റെന്താണ് തന്റെ കളിയിലും കാര്യത്തിലും നടത്തേണ്ടത്!

“നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്നോ?” എന്ന ഡോക്ടറിന്റെ ചോദ്യത്തിന് ഗബ്രിയേൽ ഡേ സിൽവേയ്‌റ എന്ന നാലുവയസ്സുകാരന്റെ അമ്മയായ പമീല റേയെല്ലേയ്ക്ക് മറ്റൊന്നും പറയുവാനില്ലായിരുന്നു. കാരണം തന്റെ മടിയിലിരിക്കുന്ന മകനല്ലാതെ മറ്റൊരു അത്ഭുതവും അപ്പോൾ ആ അമ്മയ്ക്ക് തന്റെ മുൻപിലില്ലായിരുന്നു. പമീല- ഹ്യൂഗോ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഗബ്രിയേലിനു അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ തന്നെ ഹൈഡ്രോ സെഫാലസ് ആണെന്നും വൈകല്യത്തോടുകൂടിയ ഒരു ജനനമായിരിക്കും അവന്റേതുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ ആ ദമ്പതികൾക്ക് അവനെ നശിപ്പിക്കുവാൻ തെല്ലും മനസ്സ് വന്നില്ല. ഓരോ തവണയും സ്കാൻ ചെയ്യുമ്പോഴും അവർക്ക് പ്രതീക്ഷയ്ക്ക് വകയൊന്നുമില്ലായിരുന്നു. എങ്കിലും ലോകം മുഴുവനും ആ കുഞ്ഞിനായി പ്രാർത്ഥിച്ചു.

എക്വിപ്സ് ഡി നൊസ്സ സെൻഹോര എന്ന കത്തോലിക്കാ സംഘടനയുടെ പ്രാർത്ഥന മുഴുവനും ഈ കുഞ്ഞിനുവേണ്ടിയുള്ളതായിരുന്നു. ലോകം മുഴുവനും പരിശുദ്ധ അമ്മയോട് മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് പ്രാർത്ഥിച്ചു. “അവിടുത്തെ ഹിതം എന്തുതന്നെയായാലും അത് നിറവേറട്ടെ, പക്ഷെ എന്റെ കുഞ്ഞിനെ ഒരിക്കലും എന്റെ ഉദരത്തിൽ വെച്ച് കൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു അന്ന് പമീല പറഞ്ഞത്. തലച്ചോർ മുഴുവനും വെള്ളം കൊണ്ട് നിറഞ്ഞ കുഞ്ഞിനെ പ്രസവിക്കുന്നത് പോലും വലിയ റിസ്ക് തന്നെയാണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും പമീലയും ഹ്യൂഗോയും പതറാതെ ദൈവത്തിൽ വിശ്വസിച്ചു. ജനിച്ച ഉടനെയുള്ള പരിശോധനകളിൽ കുഞ്ഞിന്റെ സ്ഥിതിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർ ഭാവിയിൽ ഓപ്പറേഷൻ വേണ്ടിവന്നേക്കാമെന്നു പറഞ്ഞു. എങ്കിലും രണ്ടാമത്തെ വയസ്സിൽ പരിശോധനയ്ക്കായി ചെന്നപ്പോഴാണ് ആ അത്ഭുതം നടന്നത്. കുഞ്ഞു ഗബ്രിയേലിന്റെ തലച്ചോർ സാധാരണ ഗതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു! ഇനിയൊരു ഓപ്പറേഷനുള്ള ആവശ്യമേ ഉണ്ടാകില്ല എന്ന്…!

തങ്ങളുടെ മടിയിലുള്ള കുഞ്ഞ് ഒരു അത്ഭുതം തന്നെയാണെന്ന കാര്യത്തിൽ ഈ മാതാപിതാക്കൾക്ക് സംശയമില്ല. ദൈവാലയത്തിൽ വിശുദ്ധ ബലിയിൽ പങ്കു ചേരുവാൻ പോകുമ്പോൾ  ഏറ്റവും മുൻ നിരയിൽ തന്നെ നിലകൊള്ളും പമീലയും ഹ്യൂഗോയും കുഞ്ഞുങ്ങളും. നിരന്തരം അത് കണ്ടും ഉൾക്കൊണ്ടുമാണ് കുഞ്ഞു ഗബ്രിയേലിനു വിശുദ്ധ കുർബാനയർപ്പണത്തോട് ഇത്രയധികം താല്പര്യം ജനിച്ചത്. ബിസ്കറ്റുകൾ ഓസ്തിയായി കരുതിക്കൊണ്ടാണ് ഗബ്രിയേൽ കുർബാനയർപ്പണം നടത്തുന്നത്. രണ്ടുവർഷമായി അനുദിനം തുടരുന്ന ഈ ‘ബലിഅർപ്പണം’ കുഞ്ഞു ഗബ്രിയേലിനു കളിയല്ല; കാര്യമാണ്; ജീവിതമാണ്!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.