മുൻപ് മാർപാപ്പയെ കാണാൻ കരഞ്ഞുകൊണ്ട് ഓടിവന്ന കുട്ടി; ഇന്ന് അദ്ദേഹം വൈദികാർത്ഥി  

ഒമ്പതു വർഷങ്ങൾക്കു മുമ്പ് ബ്രസീലിലെ റിയോയിൽ ലോക യുവജനസമ്മേളനം നടക്കുന്ന ദിനങ്ങൾ. അന്ന് അവിടെ സന്നിഹിതനായിരുന്ന ഫ്രാൻസിസ് മാർപാപ്പയെ കെട്ടിപ്പിടിക്കാൻ ജനക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറിയ ഒരു ആൺകുട്ടി. സോഷ്യൽ മീഡിയയിൽ വൈറലായ നഥാൻ ഡി ബ്രിട്ടോ എന്ന ഒൻപതു വയസുകാരൻ ബാലൻ ഇന്ന് വൈദികാർത്ഥി.

2022 ജനുവരി മൂന്നിന് ബ്രസീലിലെ ലോറേന ബിഷപ്പ്, ജോക്വിം വ്ലാഡിമിർ ലോപ്സ് ഡയസ് ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇന്ന് വൈദികാർത്ഥിയായ നഥാന്റെ ചിത്രത്തോടൊപ്പം, അന്ന് ഒമ്പതു വയസുണ്ടായിരുന്ന നഥാൻ ഡി ബ്രിട്ടോയെ മാർപാപ്പ കെട്ടിപ്പിടിക്കുന്ന ഫോട്ടോയും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചാണ് ബിഷപ്പ് തന്റെ സന്തോഷം അറിയിച്ചത്. റോണ്ടോനോപോളിസിലെ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിന്റെ പോസ്റ്റുലന്റ് ആയി പഠനം തുടരുകയാണ് നഥാൻ ഇപ്പോൾ.

2013 -ലെ റിയോയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ലോക യുവജനദിനം (WYD) അന്താരാഷ്ട്രതലത്തിൽ കത്തോലിക്കർ ഏറ്റവുമധികം ഓർമ്മിക്കുന്ന ഒരു സംഭവമാണ്. അന്ന് ഫ്രാൻസിസ് മാർപാപ്പ സമ്മേളനത്തിനു ശേഷം തിരിച്ചുപോകാൻ പോപ്പ് മൊബൈലിൽ കയറുന്നതിനിടെയാണ് ഒൻപതു വയസുണ്ടായിരുന്ന നഥാൻ മാർപാപ്പയെ പലതവണ കെട്ടിപ്പിടിക്കുന്നതും അവിടെ നിന്നും പോകരുതെന്ന് കണ്ണീരോടെ ആവശ്യപ്പെടുകയും ചെയ്തത്. മാർപാപ്പ അവന് അനുഗ്രഹം നൽകിയ ശേഷം, സെക്യൂരിറ്റിക്കാരിൽ ഒരാൾ കുട്ടിയെ വാഹനത്തിൽ നിന്ന് കുടുംബാംഗങ്ങളുടെ അടുത്തേക്ക്  കൊണ്ടുപോകുമ്പോൾ ആശ്വസിപ്പിക്കുന്നതും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. യാത്രയ്ക്കിടെ, ആ കുട്ടി മുഖം പൊത്തി കരയുന്നതും കാണാമായിരുന്നു.

തന്റെ ആഗ്രഹം ഒരു വൈദികനാകുക എന്നതാണെന്നും ആദ്യ കുർബാന അർപ്പണത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുക എന്നത് തന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണെന്നും നഥാൻ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.