ഡോ. സി. മേരി മാര്‍സലസ്സ് – ആയിരം ഇതളുകളുള്ള പൂവ്

ഡോ. സി. മേരി മാര്‍സലസിനെക്കുറിച്ച് എഴുതപ്പെട്ട ഡോക്ടറമ്മ എന്ന പുസ്തകം എഡിറ്റ്‌ ചെയ്ത ഡോ. ജി. കടൂപ്പാറയില്‍ MCBS എഴുതുന്നു.

സ്വന്തം ജീവിതം കൊണ്ട് ക്രിസ്തുവിന്റെ ഭൂമിയിലെ സാന്നിധ്യത്തെയും താന്‍ അംഗമായ സന്യാസ സമൂഹത്തെയും ശുശ്രൂഷ ചെയ്ത സ്ഥാപനത്തെയും ലോകത്തിനു മുമ്പില്‍ അടയാളപ്പെടുത്തിയ ആളായിരുന്നു സി. മേരി മാര്‍സലസ്സ്. മാര്‍സലസ്സമ്മയെ ഞാന്‍ ജീവിതത്തില്‍ രണ്ടു തവണയേ കണ്ടിട്ടുള്ളൂ. 2016-ല്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ എന്റെ അമ്മ രോഗിയായി അഡ്മിറ്റായ സമയം. സഹായത്തിന് അമ്മയുടെ കൂടെ ഞാനായിരുന്നു. ഒരു ദിവസം രാവിലെ എട്ടുമണി കഴിഞ്ഞ സമയത്ത് പെട്ടെന്ന് വാതില്‍ തുറന്ന് ഒരു സിസ്റ്റര്‍. ‘അച്ചനല്ലേ’ എന്ന് എന്നോട് ചോദിച്ചു. ‘അതെ’ എന്ന് എന്റെ മറുപടി. ഉടന്‍തന്നെ ആ സിസ്റ്റര്‍ അ മ്മയുടെ അടുത്ത് ചെന്ന് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചിട്ട് പറഞ്ഞു: ‘വേഗം സുഖം പ്രാപിക്കും. അമ്മ സമാധാനമായി വിശ്രമിക്ക്.’ എന്നിട്ട് തിരക്കാണെന്നു പറഞ്ഞ് വന്നതുപോലെ വേഗത്തില്‍ പോയി.

വന്ന് പ്രാര്‍ത്ഥിച്ചു പോയ ആ സിസ്റ്റര്‍ ആരാണെന്ന് അമ്മ എന്നോടു ചോദിച്ചു. ഞാന്‍ കൈമലര്‍ത്തി. മിന്നല്‍പ്പിണര്‍ പോലെ വന്നുപോയ ആ സിസ്റ്റര്‍ ആരാണെന്ന് ഞാനും ആലോചിച്ചു. വാതില്‍ തുറന്ന് അവിടെ കണ്ട ഒരു ന ഴ്‌സിനോട് ചോദിച്ചു, ഇപ്പോള്‍ ഇതിലെ പോയ സിസ്റ്റര്‍ ആരാണെന്ന്. ആ നഴ്‌സ് മറുപടി നല്‍കി. ‘അതാണ് മാര്‍സലസ്സമ്മ.’ അപ്പോള്‍ അതാണ് മാര്‍സലസ്സമ്മ! ഗൈനക്കോളജിയില്‍ വിഖ്യാതയായ ഒരു സിസ്റ്റര്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ ഉണ്ടെന്ന് എനിക്കും അമ്മയ്ക്കും അറിയാമായിരുന്നു. മാത്രമല്ല മാര്‍സലസ്സമ്മ, ആരാധനസഭക്കാരുടെ എടത്വാ, പച്ചയിലുള്ള പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ 42 ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് പോയപ്പോള്‍ അവിടെ പ്രാര്‍ത്ഥിക്കാന്‍ ചെന്നിരുന്ന എന്റെ സഹോദരി സി. ജെസി കടൂപ്പാറ DST യുമായി പരിചയപ്പെട്ടിരുന്നു. പിന്നെ അവര്‍ സൗഹൃദത്തിലായി. മാത്രവുമല്ല എന്റെ മറ്റൊരു സഹോദരി ഡെയ്‌സി (ഡെയ്‌സി മാത്യു കയ്യാണി) സിസ്റ്ററിന്റെ ചികിത്സയിലൂടെ സുഖപ്പെട്ട സംഭവവും എനിക്കറിയാമായിരുന്നു. ഓപ്പറേഷന്‍ വേണമെന്ന് മറ്റൊരു ആശുപത്രിയില്‍ നിന്ന് പറഞ്ഞ സാഹചര്യത്തിലാണ് അന്ന് മാര്‍സലസ്സമ്മയുടെ അടുത്തെത്തിയത്. ഓപ്പറേഷന്‍ കൂടാതെ പ്രശ്‌നം പരിഹരിക്കാം എന്ന് മാര്‍സലസ്സമ്മ ഉറപ്പിച്ചു പറഞ്ഞു; പരിഹരിക്കുകയും ചെയ്തു. ഇന്ന് ആരോഗ്യത്തോടെ ജീവിക്കുന്നതിന് കാരണം ആ സിസ്റ്ററാണെന്ന് എന്റെ സഹോദരി പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലേക്ക് വന്നു.

രണ്ടാമത് കണ്ടത് ആദ്യം കണ്ടതിന്റെ രണ്ടുനാള്‍ കഴിഞ്ഞാണ്. ഞാന്‍ ഒരു വൈദികനായതു കൊണ്ട് ആശുപത്രിയോട് ചേര്‍ന്നുള്ള മഠത്തില്‍ ഏതോ ആഘോഷത്തിന് എന്നെ വിളിച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ മാര്‍സലസ്സമ്മ അടുത്തെത്തി ചേദിച്ചു: ‘അച്ചനാണ് ഈ വര്‍ഷം ഞങ്ങളുടെ സിസ്റ്റേഴ്‌സിനെ ധ്യാനിപ്പിച്ചത് അല്ലേ?’ അതെ എന്നു ഞാന്‍ മുഴുമിപ്പിക്കും മുമ്പ് മാര്‍സലസ്സമ്മ പറഞ്ഞു: ‘ഇവിടെ ഞങ്ങള്‍ക്ക് കുറച്ചുകാലത്തേയ്ക്ക് മാസധ്യാനം നല്‍കാന്‍ വരണം.’ അടുത്ത് നിന്നിരുന്ന മറ്റ് സിസ്റ്റേഴ്‌സിനോടും അതേകാര്യം പറഞ്ഞ് സിസ്റ്റര്‍ നടന്നു നീങ്ങി.

ഞാന്‍ ആദ്യം കണ്ടപ്പോഴോ, രണ്ടാമത് സംസാരിച്ചപ്പോഴോ എന്റെ വീടോ നാടോ ശുശ്രൂഷാമേഖലയോ ഒന്നുമല്ല ചോദിച്ചത്. ആദ്യം കണ്ടതേ മാര്‍സലസ്സമ്മ എന്റെ അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. രണ്ടാമത് കണ്ടപ്പോള്‍ എന്നെ ആത്മീയശുശ്രൂഷയ്ക്ക് ക്ഷണിച്ചു. പ്രാര്‍ത്ഥനയിലൂടെ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ആളാണല്ലോ ഈ സിസ്റ്റര്‍ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു. പിന്നീട് കാണുന്നത് 2017 നവംബര്‍ 17-ന് സിസ്റ്ററിന്റെ മരണശേഷം പൊതുദര്‍ശനത്തിന്റെ സമയത്താണ്. അത് കണ്ണ് നനയിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു. ശവമഞ്ചത്തി ല്‍ നിശബ്ദയായി പ്രൗഢഗംഭീരയായ മാര്‍സലസ്സമ്മ. പൂ ക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുരിശുരൂപം. വശങ്ങളില്‍ കത്തി നില്‍ക്കുന്ന മെഴുകുതിരികള്‍. ചന്ദനത്തിരികളുടെ നറുമണം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

തുടര്‍ച്ചയായി ചൊല്ലുന്ന ഒപ്പീസ് പ്രാര്‍ത്ഥനകള്‍. ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ നിരയായി കാത്തുനില്‍ക്കുന്ന വൈദികര്‍. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് ഒരുവശത്ത്. നിശബ്ദമായി നിറകണ്ണുകളോടെ മാര്‍സലസ്സ് അമ്മയ്ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കടന്നുപോകുന്ന ജനസമുദ്രം മറുവശത്ത്. ചിലരുടെ തേങ്ങലുക ള്‍ ഉയര്‍ന്നു കേള്‍ക്കാം. തൊട്ടു മുമ്പിലുള്ള റോഡില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര. കടന്നുപോകുന്ന വാഹനങ്ങളൊക്കെ നിശബ്ദമായി കടന്നുപോകുന്നതായി എനിക്കു തോന്നി. ഏതോ ദൈവികമായ ഭാവം അന്നവിടെ മുഴുവന്‍ നിറഞ്ഞുനിന്നിരുന്നു.

തിരികെ വരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഫാ. ജോണി മഠത്തില്‍പറമ്പില്‍ MCBS-ഉും ഞാനും പരസ്പരം പറഞ്ഞു: ‘ഇതൊരു അസാമാന്യ സിസ്റ്ററാണ്. എത്രയധികം മനുഷ്യരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിസ്റ്ററിനെ കാണാന്‍ വരുന്നത്? അങ്ങനെയെങ്കില്‍ എന്തുമാത്രം ആളുകള്‍ ഈ സിസ്റ്ററിലൂടെ നന്മ സ്വീകരിച്ചിട്ടുണ്ടാകും? മിക്കവാറും ഈ സിസ്റ്റര്‍ ഒരു വിശുദ്ധയാകും.’

ഇപ്പോള്‍ മാര്‍സലസ്സമ്മയെ കുറിച്ചുള്ള പുസ്തകം എഡിറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വം ഒരു ദൈവനിയോഗം പോലെ എന്നെ തേടിയെത്തി. ഇതിലെ ലേഖനങ്ങള്‍ വായിച്ച് നിയതമായ രൂപം നല്‍കുമ്പോള്‍ മനസ്സ് പറയുന്നു – എത്ര മനോഹരമായ ജീവിതമായിരുന്നു ഇതെന്ന്! ഒരു സന്യാസിനിക്ക് ഭൂമിയില്‍ വച്ച് ഇതില്‍ കൂടുതല്‍ സത്ക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

ഒരു കത്തോലിക്കാ സന്യാസിനിക്ക് എത്രമാത്രം വളരാനും നന്മ ചെയ്യാനും സാധിക്കും എന്നതിന്റെ ഉദാഹരണമാണ് സി. ഡോ. മേരി മാര്‍സലസ്സ്. കുലീനത്വമുള്ള ഒരു സന്യാസിനീ സമൂഹത്തിലെ പ്രാര്‍ത്ഥിക്കുന്ന സന്യാസിനി, ഡോക്ടറായ സിസ്റ്റര്‍, അമ്പതിനായിരത്തിലധികം കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജന്മമെടുക്കാന്‍ ദൈവം ഉപകരണമാക്കിയ സാമൂഹ്യപ്രവര്‍ത്തക, വൈദികര്‍ക്ക് വേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചിരുന്നവള്‍, പാവങ്ങളോട് കരുണയുള്ളവള്‍, യുവജന പ്രവര്‍ത്തക, പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യം, ബിരുദങ്ങള്‍ ഒട്ടനവധിയുള്ള അക്കാദമിക് വ്യക്തിത്വം, ആയിരിക്കുന്ന സന്യാസസമൂഹത്തിന്റെ ചൈതന്യം ചെന്ന ഇടങ്ങളിലൊക്കെ പ്രസരിപ്പിച്ചവള്‍, അനേകര്‍ക്ക് അമ്മയായ മഹതി, സ്വന്തം സമൂഹത്തിലെ ഇളമുറക്കാരെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ച ജേഷ്ഠസഹോദരി, ജനിച്ച കുടുംബത്തിന്റെ അഭിമാനം, അനേകര്‍ക്ക് ആശ്വാസമായ നന്മയുടെ ഉറവിടം – എല്ലാറ്റിനുമുപരി പരിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയ പരിശുദ്ധ അമ്മയുടെ മകള്‍. ഈ ചിത്രങ്ങളെല്ലാം ഈ പുസ്തകത്തിന്റെ പേജുകളിലൂടെ ഇതള്‍ വിരിയുന്നു.

വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ ഒരു സഹോദരി പറയുകയുണ്ടായി: ‘മാര്‍സലസ്സമ്മ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയാണ്. എത്രമാത്രം പറഞ്ഞാലും തീരാത്ത നന്മയുടെ കഥകള്‍ അമ്മയെക്കുറിച്ചുണ്ട്. എത്ര എഴുതിയാലും പൂര്‍ത്തിയാക്കപ്പെടാനാവാത്ത വിധം വിശാലമാണ് ആ ജീ വിതം’ എന്ന്. സത്യമാണത്. എത്ര എഴുതിയാലും പറഞ്ഞാലും ഈ ജീവിതം പൂര്‍ണ്ണമാവില്ല. മാര്‍സലസ്സമ്മ ആയിരം ഇതളുകളുള്ള പുഷ്പമാണെങ്കില്‍ അതിലെ ഒരിതള്‍ മാത്ര മേ ഈ പുസ്തകത്തിലൂടെ വിരിയുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

ഒക്‌ടോബര്‍ 30-നാണ് മാര്‍സലസ്സമ്മയുടെ പേരിന് കാരണമായ വിശുദ്ധ മാര്‍സലസ്സിന്റെ തിരുനാള്‍. ആ വിശുദ്ധനും സിസ്റ്ററിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടായിരുന്നു. ആ ജീവിതം പോലെ സ്വന്തം ജീവിതം ആയിത്തീരാനും ആഗ്രഹിച്ചിരുന്നു. ഇന്ന് കിടങ്ങൂരിലെ മാര്‍സലസ്സമ്മയുടെ കബറിടത്തിങ്കലേയ്ക്ക് ദൈവത്തിന് നന്ദിയര്‍പ്പിക്കാനും ദൈവത്തോട് അനുഗ്രഹം ചോദിക്കാനും എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. രണ്ട് ബുക്കുകള്‍ അവിടെ വച്ചിട്ടുണ്ട്- ഒന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതും, അടുത്തത് വേണ്ട അനുഗ്രഹങ്ങള്‍ക്കായുള്ള യാചന എഴുതുന്നതിനും. രണ്ടും നിറഞ്ഞു കൊണ്ടിരിക്കുന്നു.

മാര്‍സലസ്സമ്മ സ്വന്തം ജീവിതത്തെ കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം ഉള്ളില്‍ നിന്ന് മന്ത്രിക്കുന്നതായി തോന്നി; ‘ലോകത്തിലുള്ള യൂണിവേഴ്‌സിറ്റികളെല്ലാം എന്റേതല്ലേ? നിനക്ക് എത്ര ഡിഗ്രി വേണം? ഞാന്‍ നല്‍കാം.’ അയര്‍ലണ്ടിലെ പഠനത്തിനൊടുവില്‍ റിസള്‍ട്ടിനായി കാത്തിരുന്നപ്പോള്‍ മനസ്സില്‍ ഒരു മന്ത്രണം; ‘നിനക്ക് ഫസ്റ്റ് റാങ്ക് തരാന്‍ എനിക്ക് സാധ്യമല്ലേ?’ രണ്ടും അതേപടി സംഭവിച്ചു. മാര്‍സലസ്സമ്മയെ കുറിച്ച്  കൂടുതല്‍ അറിയുകയും പഠിക്കുകയും വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സിലും ഒരു മന്ത്രണം ഉയരും – കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തില്‍ നിന്ന് ദൈവം വിശുദ്ധയായി ഉയര്‍ത്തുന്ന ആദ്യ സന്യാസിനി മാര്‍സലസ്സ് അമ്മയാകില്ലേ എന്ന്.

മാര്‍സലസ്സമ്മയെ കുറിച്ചുള്ള ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ നിറമിഴികളോടെ ചിലര്‍ പറഞ്ഞേക്കാം – ഇതിനെക്കാള്‍ കൂടുതല്‍ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് മാര്‍സലസ്സമ്മയെക്കുറിച്ച് ഉണ്ട് എന്ന്. അതായിരിക്കും ഈ പുസ്തകത്തിന്റെ വിജയവും.

ആദരവോടെ,

ഡോ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.