ബൊക്കോ ഹറാം തീവ്രവാദികളുടെ ഭീഷണികള്‍ക്കിടയിലും നൈജീരിയായില്‍ വിശ്വാസം വളരുന്നു

നൈജീരിയായില്‍ ബൊക്കോ ഹറാം തീവ്രവാദികളുടെ ഭീഷണികള്‍ക്കിടയിലും നൈജീരിയായിലെ കത്തോലിക്കര്‍, തങ്ങളുടെ വിശ്വാസത്തില്‍ ആഴപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്.

ഞായറാഴ്ചകളില്‍ ദേവാലയങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്വം വര്‍ദ്ധിക്കുന്നു. പലര്‍ക്കും ദേവാലയത്തിലേക്ക് പോകുന്ന തങ്ങള്‍ തിരികെ ജീവനോടെ വീട്ടിലെത്തുമോ എന്നുപോലും അറിയില്ല. ആ അവസ്ഥയിലും തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുകയാണ് നൈജീരിയക്കാര്‍. ഫാ. കെന്നെത് ചുക്വുക ഇലോപ്പ്ച്ചി പറഞ്ഞു.

ആഫ്രിക്കയില്‍, പ്രത്യേകിച്ച് നൈജീരിയായില്‍ നാളുകളായി ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. ബൊക്കോ ഹറാം ഇതുവരെ പതിനായിരത്തിലധികം ആളുകളെ കൊലപ്പെടുത്തിക്കഴിഞ്ഞു. ക്രിസ്ത്യാനികളെയാണ് ഇവര്‍ ഉന്നംവയ്ക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പോലും പലതവണ ആക്രമണം ഉണ്ടായി. എന്നാല്‍, ഇതൊന്നും തങ്ങളുടെ വിശ്വാസത്തെ ബാധിക്കുകയില്ലെന്ന് തെളിയിക്കുകയാണ് ആഫ്രിക്കന്‍ കത്തോലിക്കര്‍.

കഴിഞ്ഞ ക്രിസ്തുമസ് കാലം പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിന് നേരെ നടന്ന ആക്രമണത്തില്‍ കുടുംബനാഥ ഒഴികെ എല്ലാവരും മരണമടഞ്ഞു. പക്ഷെ, തന്റെ പ്രിയപ്പെട്ടവരുടെ മൃതസംസ്‌കാര ചടങ്ങില്‍ അവര്‍ പ്രഖ്യാപിച്ചു. ‘മരണം വരെ ഞാന്‍ ഒരു കത്തോലിക്കാ വിശ്വാസിയായിരിക്കും. മരിക്കുന്നെങ്കില്‍ ആ വിശ്വാസത്തില്‍ മരിക്കട്ടെ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.