നിസ്സാരതയില്‍ വിരിഞ്ഞ നിര്‍മ്മലസൂനമായ അല്‍ഫോന്‍സാമ്മ

നിസ്സാരതയെന്നാല്‍ കര്‍തൃത്വം ദൈവത്തിനു നല്‍കുകയും താന്‍ പ്രയോജന രഹിതനായ ദാസനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആത്മീയതയാണ്. ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ പ്രത്യാശയും അവിടുത്തോടുള്ള ആശ്രയബോധവുമാണ് ഇത് ഉളവാക്കുന്നത്. ഈശോയുടെ ജീവിതത്തില്‍ സദാ പ്രതിഫലിച്ച ഭാവമാണത്. പിറക്കാന്‍ പുല്‍ക്കൂട് തെരഞ്ഞെടുക്കുകയും തന്നെത്തന്നെ ശൂന്യനാക്കി കുരിശുമരണത്തോളം അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തുകയും ചെയ്ത (ഫിലി. 2.5-9) ക്രിസ്തു പുലര്‍ത്തിയ ജീവിതദര്‍ശനം അല്‍ഫോന്‍സാമ്മ സ്വീകരിച്ചു. നിസ്സാരതയില്‍ സന്തുഷ്ടയായ അല്‍ഫോന്‍സാമ്മയ്ക്ക് പൊയ്മുഖങ്ങളില്ലാതെ ലളിതസുന്ദരമായി ജീവിക്കാന്‍ സാധിച്ചു. ലോകനാഥനായ ഈശോയുടെ നേര്‍ക്ക് മനസ്സു തിരിച്ചു നിര്‍ത്തിയ അമ്മ നിത്യതയ്ക്ക് നിരക്കാത്തവയ്ക്കു പിന്നാലെ പാഞ്ഞില്ല. ലോകദൃഷ്ട്യാ മറഞ്ഞിരിക്കുവാനും തമ്പുരാന്റെ കണ്ണില്‍ മാത്രം ഗോചരമാകാനും അമ്മ ആഗ്രഹിച്ചു. ആത്മമണവാളന്റെ ദരിദ്രവും നിസ്സാരവുമായ ജീവിതത്തോട് തന്റെ ജീവിതവും അനുരൂപപ്പെടുത്തി. അതുകൊണ്ട് തന്നിലെ ബലഹീനതകളും കുറവുകളും ചൂണ്ടിക്കാണിച്ചവരോട് പരിഭവമില്ലാതെ പ്രതികരിക്കുവാന്‍ വിശുദ്ധയ്ക്ക് കഴിഞ്ഞു.

ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വലാളിത്യമായിരുന്നു അല്‍ഫോന്‍സാമ്മയുടെ പ്രത്യേകത. നിസ്സാരതയുടെ ഭാവം നിറഞ്ഞവരിലേക്ക് മറ്റുള്ളവര്‍ ഓടി അണയും. ചുരുങ്ങിയ കാലത്തെ അദ്ധ്യാപനം അമ്മയെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവളാക്കി. അല്‍ഫോന്‍സാമ്മ കുട്ടികളുടെ സ്‌നേഹിതയായി, അവരിലൊരാളായി. മാതൃസ്‌നേഹത്തിന്റെ രുചിയും ലാളിത്യവും വിശുദ്ധയിലൂടെ ഒഴുകി. രോഗക്കിടക്കയിലും അല്‍ഫോന്‍സാമ്മയെ തേടി കുരുന്നുകളെത്തി. തങ്ങളുടെ നിസ്സാരമായ വേദനകളും ആവലാതികളും അവര്‍ അല്‍ഫോന്‍സാമ്മയോട് പങ്കുവച്ചു. കുട്ടികള്‍ക്ക് തങ്ങളുടെ മനസ്സ് പങ്കുവയ്ക്കാവുന്നവളായി, അവരെപ്പോലെയായി മാറി. ശിശുക്കളുടെ നിഷ്‌കളങ്കതയോടെയും നിസ്സാരഭാവത്തോടെയും ഈശോയെയും സഹോദരരെയും സ്‌നേഹിച്ചപ്പോള്‍ അമ്മ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട അല്‍ഫോന്‍സാമ്മയായി തീര്‍ന്നു.

അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥനകളിലും വാക്കുകളിലും ഈ നിസ്സാരതാ മനോഭാവം തെളിഞ്ഞു കാണാം. ഫലം പുറപ്പെടുവിക്കുന്നതിന് ഗോതമ്പുമണി പോലെ അഴിയണമെന്നുള്ള ഈശോയുടെ മനോഭാവം അതേപടി അമ്മ ഏറ്റുവാങ്ങി. ചെടികള്‍ക്കു വളമാകുന്ന വട്ടയിലയും വെട്ടിയിലയും പോലെ ആകാന്‍ അല്‍ഫോന്‍സാമ്മ കൊതിച്ചു. എത്ര വലിയ നിസ്സാരത. നിസ്സാരയായിത്തീരുന്നത് വലിയ ഭാഗ്യമായി അമ്മ കരുതി. ”എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി. എളിമപ്പെടാന്‍ കിട്ടുന്ന ഏതവസരവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.” പ്രസ്തുത വാക്കുകള്‍ ഈ സത്യമല്ലേ വെളിപ്പെടുത്തുന്നത്. അല്‍ഫോന്‍സാമ്മ ഇപ്രകാരം നിസ്സാരയായത് സര്‍വ്വശക്തനായവനെക്കൊണ്ട് നിറയാനായിരുന്നു. ദൈവസ്‌നേഹത്തെയും സഹോദരസ്‌നേഹത്തെയും പ്രതി, സ്വയം ശൂന്യവല്‍ക്കരിച്ച ദിവ്യനാഥനെ അനുകരിച്ച് നിസ്സാരതയില്‍ വിരിഞ്ഞ ഈ നിര്‍മ്മല സൂനത്തെ ദൈവം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും മഹത്വപ്പെടുത്തി. ചെറുതാകുക, എളിമപ്പെടുക എന്നത് പരാജയമായി ലോകം വീക്ഷിക്കുമ്പോള്‍ അല്‍ഫോന്‍സാമ്മ അത് വിശുദ്ധിയുടെ മാര്‍ഗ്ഗമാണെന്ന് നമ്മെ പഠിപ്പിക്കുന്നു.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.