50 നോമ്പ് ധ്യാനം 32: രക്തം

ആത്മഹത്യാമുനമ്പില്‍ കുറ്റബോധം കൊണ്ടു നീറിയ യൂദാസിന്റെ ആത്മഗതം ഇങ്ങനെയായിരുന്നു: ”നിഷ്‌കളങ്ക രക്തത്തെ ഞാന്‍ ഒറ്റിക്കൊടുത്തു” (മത്തായി 27:4). ക്രൂശിതന്‍ മരിച്ചോ എന്നറിയാന്‍ പാര്‍ശ്വം പിളര്‍ന്ന ഒറ്റക്കണ്ണനായ പടയാളി ലൊങ്കിനോസിന്റെ മിഴികളില്‍ കാഴ്ച തെളിയിച്ച അഞ്ജനമായി അവന്റെ രക്തം. ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനത്തില്‍ നാം വായിക്കുന്നതും ഈ സത്യം തന്നെയാണ്: ”നിത്യാത്മാവ് മൂലം കളങ്കമില്ലാതെ ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തകരണത്തെ നിര്‍ജ്ജീവപ്രവൃത്തികളില്‍ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല” (ഹെബ്രാ. 9:14).

മനുഷ്യപ്രീതിക്കും അതിജീവനത്തിനും വേണ്ടി ദൈവത്തെ കൈയ്യൊഴിയുന്നവര്‍ എല്ലാക്കാലത്തും പറയുന്ന ഡയലോഗ് ഒന്നാണ്: ”ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.” പീലാത്തോസ് നിഷ്‌ക്കളങ്കരക്തം പറ്റിയ തന്റെ കൈകള്‍ കഴുകാന്‍ ശ്രമിക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നത് ഭാര്യയായ ക്ലോഡിയക്കാണ്. പാപത്തിന്റെ പ്രാപഞ്ചികമാനം! ഭര്‍ത്താവിന്റെ നിസംഗത ഭാര്യയുടെ ആകുലതയാകുന്നു. ഭൂമിയുടെ ഒരു കോണിലെ ചിത്രശലഭത്തിന്റെ ചിറകടി പ്രപഞ്ചത്തിലെ മറ്റൊരു കോണില്‍ കൊടുങ്കാറ്റായി രൂപപ്പെടുന്നുവെന്ന് ആധുനികശാസ്ത്രം (Butterfly Effect). അമേരിക്കയിലെ ഉപഭോഗ ത്വരയും ആര്‍ത്തികളും സൊമാലിയയിലെ കുഞ്ഞിന്റെ മരണകാരണമാകുന്നു!

പീലാത്തോസ് ഓരു ഓര്‍മ്മപ്പെടുത്താലാണ്: നിന്റെ നിസ്സംഗതയും ഉപേക്ഷയും നിഷ്‌ക്കളങ്കരക്തങ്ങളെ കാല്‍വരി കയറ്റുന്നു എന്ന ഓര്‍മ്മ. നിഷ്‌ക്കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത യൂദാസിന് കിട്ടിയ 30 വെള്ളിക്കാശ് ദേവാലയ ഭണ്ഡാരത്തില്‍ ഇടാന്‍പോലും പ്രധാനപുരോഹിതന്‍ സമ്മതിക്കുന്നില്ല (മത്തായി 27:6). അവസാനം ആ പണം കൊണ്ട് വിദേശികളെ സംസ്കരിക്കാന്‍ കുശവന്റെ പറമ്പു വാങ്ങി എന്ന് ബൈബിള്‍.

വഞ്ചനയുടെ വഴികള്‍ അവസാനിക്കുന്നത് ആള്‍ത്താമസമില്ലാത്ത രക്തത്തിന്റെ പറമ്പുകളിലാണ്. അത്തരം അക്കല്‍ദാമകളില്‍ സ്വസ്ഥജീവിതത്തിന്റെ പൂക്കള്‍ വിരിയാറില്ലെന്ന് ചരിത്രവും സമകാലികജീവിതവും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നാബോത്തിന്റെ മുന്തിരിത്തോട്ടം തട്ടിപ്പറിച്ച ജെസബലിന്റെ രക്തം പെരുവഴിയില്‍ നായ്ക്കള്‍ നക്കിക്കുടിച്ചത് ദൈവനീതിയുടെ ഓര്‍മ്മപ്പെടുത്തലാണ്. ബന്ധങ്ങള്‍ക്ക് വെള്ളിക്കാശിന്റെ വിലപറഞ്ഞ് സ്വന്തമാക്കുന്ന അക്കല്‍ദാമകള്‍ ശാശ്വതമല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍! മനുഷ്യബന്ധങ്ങളെ കരുക്കള്‍പോലെ വെട്ടിനീക്കി മുന്നേറുന്ന ചതുരക്കളി ക്രൈസ്തവമല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍!

കൂടെയുള്ളവര്‍ ഉറങ്ങി വിശ്രമിക്കുമ്പോഴും രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്നവരാണ്, പ്രവര്‍ത്തിക്കുന്നവരാണ് ഒലിവുമലയില്‍ നിന്ന് ജെറുസലേമിലേക്കുള്ള പാലം പണിയുന്നത്. അവര്‍ ആദ്യം വെള്ളത്തെ വിഞ്ഞാക്കും. പിന്നെ വീഞ്ഞിനെ രക്തമാക്കും. കാനായിലെ സന്തോഷങ്ങളിലും സെഹിയോനിലെ ആത്മസംഘര്‍ഷങ്ങളിലും അവര്‍ സ്ഥിതപ്രജ്ഞരായി നിലകൊള്ളും. ജീവിതത്തിന്റെ തീച്ചൂളയിലൂടെ നടക്കുമ്പോഴും ജെറുസലേമിന്റെ പാതയോരങ്ങളില്‍ വിലപിക്കുന്ന ദുര്‍ബലരെ ആശ്വസിപ്പിക്കും. അനാഥരാക്കപ്പെടുന്ന മേരിമാര്‍ക്ക് സംരക്ഷകരായി യോഹന്നാന്മാരെ നല്‍കും. പരിഹസിച്ച കള്ളനെ ശപിക്കാതെ തന്നെ നല്ല കള്ളന് പറൂദീസ കൊടുക്കും. അവസാനം കുത്തി മുറിവേല്‍പ്പിക്കുന്ന ലൊങ്കിനോസുമാരുടെ കണ്ണുകളിലേക്ക് കാഴ്ചയുടെ ചോരപ്പുഴ ഒഴുക്കും. അവന്റെ രക്തം പ്രപഞ്ചത്തിലേക്ക് കിനിഞ്ഞിറങ്ങി അസ്ഥികളുടെ താഴ്‌വരയില്‍ ആബേലുമാരെ പുനര്‍ജീവിപ്പിക്കുമ്പോള്‍, ഈ രക്തദാനം കണ്ടുകൊണ്ടു നില്‍ക്കുന്ന വിജാതിയ ശതാധിപന്‍ ഉറക്കെ വിളിച്ചുപറയും, ”ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനായിരുന്നു.”

രക്തസാക്ഷിയുടെ രക്തമാണ് പള്ളിയുടെ ബീജം. കാട്ടാക്കട മുരുകന്‍ പാടിയതുപോലെ; ”തൂക്കുമരത്തിലെ സുപ്രഭാതങ്ങള്‍ നെഞ്ചിനൂക്കായ് പുണര്‍ന്ന…” രക്തസാക്ഷികളാണ് രക്തബന്ധത്തിനപ്പുറം കര്‍മ്മബന്ധത്തിന്റെ പുതിയ തലത്തിലേക്ക് ലോകത്തെ പറിച്ചുനട്ടത്. ഈ രക്തം സിരകളില്‍ ഓടിയതുകൊണ്ടാണ് ഒരു പരിചയമില്ലാത്ത ഫ്രാന്‍സീസിനു വേണ്ടി മരിക്കാന്‍ മാക്‌സി മില്യന്‍ കോള്‍ബെമാര്‍ ഇവിടെ ഉണ്ടായത്. ”നമ്മള്‍ കുഷ്ഠരോഗികള്‍” എന്ന ബഹുവചനസംജ്ഞ ഉപയോഗിച്ച് മരണത്തിന്റെ മൊളോക്കായിലേക്ക് ഫാദര്‍ ഡാമിയന്‍ നടന്നുപോയത് ഈ രക്തദാനത്തിന്റെ ചൈതന്യത്തിലാണ്. തന്റെ രക്തം കാസയിലെ തിരുരക്തവുമായി കലരുമ്പോഴും പാവങ്ങള്‍ക്കുവേണ്ടി പട്ടാളഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ ബിഷപ്പ് റൊമേരോയെ പ്രേരിപ്പിച്ചതും ഈ ചോരപ്പന്തലിന്റെ ചൈതന്യമാണ്.

ചോരപ്പുഴകളൊഴുക്കിയ സാമ്രാജ്യങ്ങള്‍ പലതും തകര്‍ന്നുപോയിട്ടും ഈ കൂട്ടായ്മ നിലനില്‍ക്കുന്നതും അനന്തരതലമുറയോട് പറയുന്നതും ഒരേ ഒരു കാര്യം.
”ചോരതുടിക്കും ചെറുകയ്യുകളേ… പേറുക വന്നീ പന്തങ്ങള്‍…”

ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍