ഫാത്തിമായിൽ പ്രഥമ ദിവ്യബലി അർപ്പിച്ച് അന്ധവൈദികൻ

ഒരു അസുഖത്തെ തുടര്‍ന്ന് പതിനാറാമത്തെ വയസ് മുതൽ അന്ധനായിരുന്ന ഫാ. തിയാഗോ വരാന്ത എന്ന പോർച്ചുഗീസ് സ്വദേശിയായ വൈദികൻ തന്റെ പ്രഥമദിവ്യബലി അർപ്പിച്ചത് ഫാത്തിമ മാതാവിന്റെ പേരിലുള്ള പോർച്ചുഗലിലെ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ.

ഇതോടെ രാജ്യത്തെ ആദ്യ അന്ധവൈദികനായിരിക്കുകയാണ് ഇദ്ദേഹം. വൈദികനായതിനു ശേഷം കാഴ്ച നഷ്ടപ്പെട്ട അനേകരുണ്ടെങ്കിലും അന്ധനായിരിക്കെ ഒരാൾ വൈദികപദവിയിലെത്തുന്നത് ഇതാദ്യമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളിലെല്ലാം താൻ ഫാത്തിമ മാതാവിന്റെ അടുക്കൽ എത്താറുണ്ടായിരുന്നെന്നും അതുകൊണ്ടാണ് പ്രഥമ ബലിയർപ്പണവും ഇവിടെ ആക്കിയതെന്നും പരിശുദ്ധ അമ്മ തനിക്കെന്നും സംരക്ഷകയും സഹായകയുമാണെന്നും ഫാ. തിയാഗോ പറഞ്ഞു.

ഇപ്പോൾ ശബ്ദത്തിലൂടെയാണ് താൻ ദൈവത്തെ അറിയുന്നതെന്നും ഇല്ലാത്തതിനെയോർത്ത് വിലപിക്കാതെ ഉള്ളതിനെയോർത്ത് ദൈവത്തിന് നന്ദി പറയുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വൈദികനെ സംബന്ധിച്ച് പ്രധാനദൗത്യം മറ്റുള്ളവരെ കേൾക്കുക എന്നതായതിനാൽ തനിക്ക് ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ഫാ. തിയാഗോ പറഞ്ഞു. വൈദികന് ഭാവുകങ്ങളും പ്രാർത്ഥനകളും നേരാൻ അനേകരാണ് ദേവാലയത്തിൽ എത്തിച്ചേർന്നത്.