നന്ദി പ്രകടിപ്പിക്കുന്നവരായാല്‍ ഗുണങ്ങളേറെയുണ്ട് 

നന്ദി പറയുക അഥവാ കൃതജ്ഞത രേഖപ്പെടുത്തുക എന്നത് ഒരു ഉത്കൃഷ്ട ഗുണവും ഒരു സവിശേഷ വികാരവുമാണ്. നല്‍കപ്പെട്ട കാര്യത്തിനോടുള്ള സംതൃപ്തിയാണ് ഒരാള്‍ അതിലൂടെ പ്രകടിപ്പിക്കുന്നത്. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള സംസാരം എന്നും അതിനെ പറയാം. ദാതാവിന്റെ ഉദാരമനസിനോടുള്ള നന്ദിപ്രകാശനമാണത്. അത് ദൈവത്തോടാകുമ്പോള്‍ അതിന്റെ മഹത്വം പതിന്മടങ്ങ് വര്‍ദ്ധിക്കും.

പക്ഷെ, എന്തുകൊണ്ടാണ് നന്ദി രേഖപ്പെടുത്തുക എന്നത് ഇത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയത്? ഒരുപാടു പേര്‍ അതിനെ വളരെ ബുദ്ധിമുട്ടോടെയാണ് കാണുന്നത്. എന്തുകൊണ്ട്?. നന്ദി പറയുന്നത് ഒരു കുറച്ചിലായിട്ടാണ് ചില ആളുകള്‍ കണക്കാക്കുന്നത്. ‘ഞാനെന്തിനാണ് നന്ദി പറയേണ്ടത്?’ അല്ലെങ്കില്‍ ‘അതിന്റെ ആവശ്യമുണ്ടോ?’ എന്ന് ചിന്തിക്കും.

കുടുംബക്കാരുടെയിടയിലാണ് ഈ ചിന്ത കൂടുതലായും വരിക. അത് അവരുടെ കടമയാണ്, അവര്‍ അത് ചെയ്യേണ്ടതാണ് എന്ന ചിന്ത, ചെയ്തുതരുന്ന നന്മകളെ പരിഗണിക്കാതിരിക്കാന്‍ കാരണമാവുന്നു. എന്നാല്‍ ചിന്തിക്കേണ്ടത് മറ്റൊന്നാണ്. ആരെങ്കിലും നിങ്ങള്‍ക്കൊരു സഹായം ചെയ്യുകയും, അതില്‍ നിങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അക്കാര്യത്തെക്കുറിച്ച് ഒരു വേള ചിന്തിക്കുക. അത്തരത്തില്‍ ഒരു സഹായഹസ്തം നീട്ടുന്നതിനായി അദ്ദേഹം എന്തൊക്കെ കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവുമെന്നും തന്റെ വ്യക്തിപരമായ എന്തൊക്കെ കാര്യങ്ങള്‍ അദ്ദേഹം മാറ്റിവെച്ചിട്ടുണ്ടാകുമെന്നും എന്നതിനെക്കുറിച്ചൊക്കെ ചിന്തിച്ചു നോക്കുക. അപ്പോള്‍ നന്ദി പറയണമെന്ന് തോന്നുകയും നാം അത് ചെയ്യുകയും അതുവഴി അപരനെ സന്തോഷിപ്പിക്കുകയും ചെയ്യാനാവും.

കൂടാതെ, നന്ദി പ്രകാശിപ്പിക്കുന്നതില്‍ തന്നെ ഒരുപാട് ഗുണങ്ങളുണ്ട്. അത് കൊടുക്കുന്ന ആളിലും സ്വീകരിക്കുന്ന വ്യക്തിയിലും സന്തോഷം നിറയ്ക്കുന്നു. മനസ്സിനെ കൂടുതല്‍ ശാന്തമാക്കുന്നു. മനഃശാസ്ത്രജ്ഞന്‍ന്മാരുടെ അഭിപ്രായപ്രകാരം, കൃതജ്ഞതാ ബോധവും നന്ദി പ്രകാശിപ്പിക്കലും ഒരാളെ കൂടുതല്‍ ഹൃദയാലുവും സന്തോഷവാനുമാക്കി മാറ്റും. അതുകൊണ്ട് നന്ദി പറയേണ്ട ആവശ്യമില്ല എന്ന് ഏതെങ്കിലും അവസരത്തില്‍ തോന്നിയാല്‍ മനസിലാക്കുക, അത് പിശാചില്‍ നിന്നുള്ള ചിന്തയാണ്. അതുകൊണ്ട് ബോധപൂര്‍വ്വം ശ്രമിക്കുക തന്നെ ചെയ്യാം, നന്ദിയുള്ളവരാകാനും അത് പ്രകടിപ്പിക്കുന്നവരാകാനും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.