എന്തുകൊണ്ട് ക്ഷമ എന്ന പുണ്യം അഭ്യസിക്കണം?

സഹോദരനോട് മനസിലുള്ള ശത്രുത ഒരു രഹസ്യ പാപമാണ്. ആരും അറിയാതെ ചെയ്യുന്നതും എന്നാല്‍ ദൈവമഹത്വത്തിന്റെ മുമ്പില്‍ വെളിപ്പെടുന്നതുമായ പാപം. എന്നാല്‍ ഈ പാപത്തെ മറികടക്കാന്‍ സഹായിക്കുന്ന പുണ്യമാണ് ക്ഷമ. ക്ഷമ ജീവിതത്തില്‍ അഭ്യസിക്കുകയും പ്രവര്‍ത്തികമാക്കുകയും ചെയ്താല്‍ അനേകം ഗുണങ്ങളും നന്മകളും നാം അറിയാതെ തന്നെ നമ്മുടെ ജീവിതത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കും. അത് ഏതൊക്കെയെന്ന് നോക്കാം…

അബദ്ധം സംഭവിച്ചായാലും മനപൂര്‍വമായാലും ഒരാള്‍ ചെയ്ത തെറ്റ് ക്ഷമിക്കാന്‍ നാം തയാറായാല്‍ നാം വലിയ മനസിന് ഉടമകളാവുന്നു എന്നാണര്‍ത്ഥം. കാരണം, തെറ്റ് മനുഷ്യസഹജവും ക്ഷമ മഹത്വ ലക്ഷണവുമാണെന്നാണല്ലോ പറയുന്നത്. ക്ഷമിക്കാന്‍ കഴിവുള്ളവരാണ് യഥാര്‍ത്ഥത്തില്‍ ശക്തന്മാര്‍.

അതുപോലെ തന്നെ, നമുക്ക് തെറ്റു പറ്റിയെന്ന് മനസിലായാല്‍ നമ്മള്‍മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അവരോട് ക്ഷമ പറയാനും തെറ്റു തിരുത്താനും വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. ഞാനെന്ന ഭാവം വെടിഞ്ഞാലേ ഇത് രണ്ടും നമുക്ക് സാധിക്കുകയുള്ളൂ.

ഇതിനെല്ലാം പുറമേ, ക്ഷമ വഴി നമ്മള്‍ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യമാണ് സംരക്ഷിക്കുന്നത്. കാരണം വെറുപ്പും ദേഷ്യവും നമ്മുടെ മനസിനെയും ശരീരത്തെയും അസ്വസ്ഥമാക്കുന്നു. ‘ദുര്‍ബലന് ഒരിക്കലും ക്ഷമിക്കാന്‍കഴിയില്ല; ക്ഷമ ശക്തന്റെ ആയുധമാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെയും മറക്കാതിരിക്കാം.