ദിവ്യകാരുണ്യ സ്വീകരണം നല്‍കുന്ന അനുഗ്രഹങ്ങള്‍

യേശുക്രിസ്തു തന്റെ ശരീര-രക്തങ്ങള്‍, തന്നെത്തന്നെ നമുക്കു നല്കുന്ന കൂദാശയാണ് വിശുദ്ധ കുര്‍ബാന അഥവാ ദിവ്യകാരുണ്യം. നാം നമ്മെത്തന്നെ സ്‌നേഹത്തില്‍ അവിടുത്തേക്ക് നല്കുവാനും വിശുദ്ധ കുര്‍ബാന സ്വീകരണം വഴി അവിടുത്തോട് ഐക്യപ്പെടുവാനും വേണ്ടിയാണ് അവിടുന്ന് ദിവ്യകാരുണ്യമായത്. ദിവ്യകാരുണ്യത്തിന്റെ അത്ഭുതകരമായ ഏതാനും ഫലങ്ങള്‍ നമുക്ക്  മനസ്സിലാക്കാം.

1. ക്രിസ്തുവുമായി ഐക്യപ്പെടുത്തുന്നു

ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവുമായി നമ്മുടെ അസ്തിത്വത്തെ യോജിപ്പിക്കുന്നു. ഉരുകിയ മെഴുക് മറ്റു മെഴുകുമായി ഒന്നാകുന്നതുപോലെ എന്നാണ് അലക്‌സാണ്ട്രിയായിലെ വി. സിറിള്‍ ഇതിനെ വിശേഷിപ്പിക്കുക. മറ്റൊരു രീതിയില്‍ വി. തോമസ് അക്വീനാസ് പറയുന്നതുപോലെ, വിശുദ്ധ കുര്‍ബാന മനുഷ്യനെ ദൈവത്തിലേയ്ക്ക് പരിവര്‍ത്തിതനാകുന്നു.

2. ലഘുപാപങ്ങള്‍ നശിക്കുന്നു

ദിവ്യകാരുണ്യം ലഘുപാപങ്ങളെ നശിപ്പിക്കുന്നു. ലഘുപാപങ്ങള്‍ വഴി സ്‌നേഹത്തിന്റെ സൗരഭ്യം പലപ്പോഴും നമ്മില്‍ നഷ്ടമാകുന്നു. എന്നാല്‍, ദിവ്യകാരുണ്യ സ്വീകരണം വഴി സ്‌നേഹം തന്നെയായ ക്രിസ്തുവുമായി നമ്മള്‍ ഒന്നാവുകയും നമ്മിലെ ലഘുപാപങ്ങളെ മായിച്ചുകളയുകയും ചെയ്യുന്നു.

3. മാരകപാപങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു

നമ്മള്‍ മാരകമായ പാപവസ്ഥയില്‍ ആണങ്കില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാതെ മാറിനില്‍ക്കണം. മാരകപാപങ്ങളില്‍ നിന്നു സംരക്ഷണം നേടുന്നതിനായി സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. മാരകപാപങ്ങളില്‍ നിന്നു നമ്മളെ സംരക്ഷിക്കുന്ന രക്ഷാകവചമാണ് വിശുദ്ധ കുര്‍ബാന.

4. യേശുവുമായുള്ള വ്യക്തിബന്ധം സാധ്യമാകുന്നു

യേശുവുമായി അഭേദ്യമായ ബന്ധത്തില്‍ വളരാന്‍ ഏറ്റവും നല്ല ഉപാധിയാണ് അനുദിനമുള്ള ദിവ്യകാരുണ്യ സ്വീകരണം. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, സ്‌നേഹത്തിന്റെ കൂദാശ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഇക്കാര്യം ഊന്നിപ്പറയുന്നു: “യേശുക്രിസ്തുവിനെ യഥാര്‍ത്ഥ വ്യക്തിയായി വീണ്ടും കണ്ടെത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍, സഭയുടെ ജീവന്റെയും ദൗത്യത്തിന്റെയും ഉറവിടവും ഉച്ചകോടിയുമായ ദിവ്യകാരുണ്യത്തെ നമ്മുടെ ആത്മീയതയിലേയ്ക്കും ജീവിതശൈലിയിലേയ്ക്കും പരിശുദ്ധാത്മാവിന്റെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച്‌ ഇറക്കിക്കൊണ്ടു വരണം.”