മാമ്മോദീസ സ്വീകരിച്ചവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍

മാമ്മോദീസായിലൂടെ നമുക്ക് എന്താണ് ലഭിച്ചതെന്ന് നാം മനസ്സിലാക്കിക്കഴിയുമ്പോള്‍ ഇല്ലാത്തതിനെയോര്‍ത്ത് വിഷമിക്കുന്ന നമ്മിലെ സ്വഭാവം അകന്നു പോകും. കാരണം, മാമ്മോദീസായിലൂടെ എല്ലാ സ്വര്‍ഗ്ഗീയ കൃപകളും ആത്മീയവരങ്ങളും നമുക്ക് ലഭിച്ചു കഴിഞ്ഞു.

എഫേ. 1:13-ല്‍ ഇങ്ങനെയാണ് പറയുന്നത്: ‘രക്ഷയുടെ സദ്വാര്‍ത്തയായി വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു. ആത്മാവില്‍ മായാത്ത മുദ്രയാണ് മാമ്മോദീസായിലൂടെ നാം സ്വന്തമാക്കുന്നത്.’

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരിക്കലും ആ വ്യക്തിയുടെ ഉള്ളില്‍ നിന്ന് പോകുന്നില്ല. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ ഇങ്ങനെ പഠിപ്പിക്കുന്നു: മാമ്മോദീസാ സ്വീകരിച്ച ഒരു വ്യക്തി, എന്തു മഹാപാപം ചെയ്താലും മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ അയാള്‍ക്ക് ലഭിച്ച മുദ്ര മാഞ്ഞുപോകുകയില്ല. ആ മുദ്ര മായിക്കാന്‍ ഒരു പാപത്തിനും കഴിയില്ല.

എന്തുമാത്രം കുറവുകളും കുറ്റങ്ങളും ഉള്ളവരാണ് നാമെങ്കിലും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞവനില്‍ പോലും ഈ മുദ്ര മാഞ്ഞുപോകുകയില്ല. എന്റെ ഒരു പാപത്തിനും ആ മുദ്ര മായിച്ചു കളയാന്‍ ശക്തിയില്ല. യോഹ. 6:56-ല്‍ നാം ഇങ്ങനെ വായിക്കുന്നു: “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.” അതുകൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിക്കാം, മാമ്മോദീസായിലൂടെ ലഭിച്ച വരപ്രസാദങ്ങളില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് ജീവിക്കാന്‍ കൃപ നല്‍കണമേ എന്ന്.