രണ്ടാം ലോകമഹായുദ്ധകാലത്തെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്‌സ്മ: വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടാനുള്ള അത്ഭുതം സ്ഥിരീകരിച്ച് മാർപാപ്പ

1942 -ൽ ഡാചൗ തടങ്കൽപ്പാളയത്തിൽ വച്ച് രക്തസാക്ഷിത്വം വരിച്ച ഫാ. ടൈറ്റസ് ബ്രാൻഡ്‌സ്‌മയുടെ മദ്ധ്യസ്ഥതക്കു കാരണമായ അത്ഭുതം സ്ഥിരീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ അത്ഭുതം അംഗീകരിച്ചു കൊണ്ട് ഒരു ഡിക്രി പുറപ്പെടുവിക്കാൻ വത്തിക്കാൻ വിശുദ്ധരുടെ നാമകാരണങ്ങൾക്കായുള്ള സഭയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയെ മാർപ്പാപ്പ അധികാരപ്പെടുത്തി. ഡച്ച് കാർമലൈറ്റ് സന്യാസിയായിരുന്ന ഫാ. ടൈറ്റസ് ബ്രാൻഡ്‌സ്മ, വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനു കാരണമായി ഈ സ്ഥിരീകരണം.

പുരോഹിതനും പ്രൊഫസറും പത്രപ്രവർത്തകനുമായിരുന്നു ഫാ. ടൈറ്റസ് ബ്രാൻഡ്‌സ്മ. 1881 ഫെബ്രുവരി 23 -ന് ഫ്രൈസ്‌ലാൻഡ് പ്രവിശ്യയിലെ ഓഗെക്ലോസ്റ്ററിൽ ആണ് അദ്ദേഹം ജനിച്ചത്. 1905 -ൽ ടൈറ്റസ് വൈദികനായി അഭിഷിക്തനായി. 1940 -ൽ ജർമ്മനിയുടെ നെതർലാൻഡ്‌സ് അധിനിവേശത്തെ തുടർന്ന്, നാസി സമ്മർദ്ദങ്ങൾക്കെതിരെ അദ്ദേഹം സ്വരമുയർത്തി. കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെയും കത്തോലിക്കാ മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ടുള്ള നാസി ഇടപെടലിനെ തുടർന്നായിരുന്നു ഇത്. കത്തോലിക്കാ പത്രങ്ങളിലെ നിർബന്ധിത നാസിപ്രചാരണത്തെ ശക്തമായി എതിർത്തതിനെ തുടർന്ന് 1942 ജനുവരിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ആ വർഷം ജൂൺ 19 -ന് അദ്ദേഹത്തെ ‘ലോകത്തിലെ ഏറ്റവും വലിയ പുരോഹിത സെമിത്തേരി’ എന്ന് ഒരിക്കൽ വിശേഷിപ്പിച്ചിരുന്ന ഡാചൗവിലേക്കു മാറ്റി. തുടർന്ന് ജൂലൈ 26 -ന് അദ്ദേഹത്തെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി.

വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ അദ്ദേഹത്തെ 1985 നവംബർ മൂന്നിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

ക്യാൻസറിൽ നിന്ന് അത്ഭുതകരമായി രോഗശാന്തി ലഭിച്ചതാണ് വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്‌സ്‌മയുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.