പാവപ്പെട്ടവർക്ക് ആശ്രയമായി വാഴ്ത്തപ്പെട്ട സവീനയുടെ സാധുജന സഹോദരിമാർ

സുനീഷ വി.എഫ്.

“എനിക്കൊരു വിശുദ്ധയാകണം; വലിയ വിശുദ്ധയാകണം” എന്ന ആഗ്രഹത്തോടെ ഇറ്റലിയിൽ ഒരു പെൺകുട്ടി ജീവിച്ചിരുന്നു. സവീന പെത്രീല്ലി എന്നായിരുന്നു അവളുടെ പേര്. സിയെന്നായിലെ വി. കാതറീന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടായിരുന്നു സവീന എന്ന ആ കൊച്ചുപെൺകുട്ടി വളർന്നുവന്നത്.

പത്തു വയസ്സ് പ്രായമുള്ളപ്പോൾ വിശുദ്ധയുടെ ജീവചരിത്രം വായിച്ചതായിരുന്നു സവീനയുടെ ആത്മീയ ഉണർവിന്റെ ആരംഭം. വിശുദ്ധിയുടെ പടികൾ കയറണമെങ്കിൽ പുണ്യങ്ങളുടെ കൊടുമുടികൾ തന്നെ കയറേണ്ടതുണ്ടെന്ന് അവൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ ബോധ്യപ്പെട്ടു. പാവപ്പെട്ടവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്ന ആശയത്തെ മുൻനിർത്തി 1873 -ൽ തന്റെ ഇരുപത്തിരണ്ടാം വയസിൽ സവീന, മൂന്നു കൂട്ടുകാരികളോടൊപ്പം ഒരു സന്യാസ സഭ സ്ഥാപിച്ചു. ‘സിയെന്നായിലെ വി. കാതറിന്റെ സാധുജന സഹോദരിമാർ’ എന്നതായിരുന്നു സവീന അന്ന് തന്റെ സന്യാസ സഭക്ക് നൽകിയ പേര്. ഒരുപക്ഷേ, വിവിധ സന്യാസ സഭകളുടെ ചരിത്രം പരിശോധിച്ചാൽ ഇത്രയും ചെറുപ്രായത്തിൽ ഒരു സമർപ്പിത സന്യാസ സഭ സ്ഥാപിച്ച മറ്റൊരു വിശുദ്ധജീവിതവും ഉണ്ടാകില്ല. സി. സവീന എന്ന് അറിയപ്പെട്ടിരുന്ന ആ പെൺകുട്ടി തന്റെ പുണ്യപൂർണ്ണമായ ജീവിതത്തിലൂടെ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു.

ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് ഈ സന്യാസ സമൂഹവും സഹോദരിമാരും എത്തിയിട്ട് 35 വർഷങ്ങൾ തികയുകയാണ്. വാഴ്ത്തപ്പെട്ട സവീനയുടെ നൂറ്റി എഴുപതാം ജന്മവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ സന്യാസ സഭയെയും അവരുടെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുകയാണ് എസ്.ഡി.പി. കോൺഗ്രിഗേഷന്റെ ഇന്ത്യൻ പ്രൊവിൻസിലെ പ്രൊവിൻഷ്യൾ സെക്രട്ടറി സി. മേഴ്‌സി കോയിക്കര എസ്.ഡി.പി.

മദർ സവീന എന്ന ദീർഘവീക്ഷണമുള്ള വിശുദ്ധ

സമർപ്പണജീവിതത്തിന്റെ ജീവൻ തുടിക്കുന്നത് പ്രേഷിതരംഗങ്ങളിലാണ്. ഇറ്റലിയിലെ സിയെന്നായിൽ ജനിച്ച സവീന പെത്രീല്ലി, ബാല്യകാലത്തിൽ തന്നെ സിയെന്നായിലെ വി. കാതറിന്റെ ജീവചരിത്രം വായിക്കുകയും അതിൽ ആകൃഷ്ടയാകുകയും ചെയ്തു. വി. കാതറിനുണ്ടായിരുന്ന ദിവ്യകാരുണ്യഭക്തി, പാവങ്ങളോടുള്ള അനുകമ്പ, സഭയോടുള്ള ആദരവ് എന്നിവ സ്വന്തം ജീവിതത്തിൽ പകർത്താൻ അവർ ആഗ്രഹിച്ചു. വേദനിക്കുന്ന മനുഷ്യർക്കു വേണ്ടി തന്റെ ഏറ്റവും നല്ല കഴിവുകളെ പങ്കുവയ്ക്കണം എന്ന ലക്ഷ്യത്തോടെയാണ് സവീന സമർപ്പിത സന്യാസ സഭ സ്ഥാപിച്ചത്. ‘സ്നേഹം പകർന്നു ശൂന്യരാകുക, സ്വയം മറന്നു ധന്യരാകുക’ എന്ന ആപ്തവാക്യമാണ് ഈ സന്യാസ സമൂഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം.

അഗതികൾക്കും ആലംബഹീനർക്കും കഷ്ടതകൾ അനുഭവിക്കുന്നവർക്കും ആശ്വാസവും അത്താണിയുമായി നിന്നുകൊണ്ട് അവരെ സ്നേഹിച്ചും ശുശ്രൂഷിച്ചും സവീനയുടെ മക്കൾ തങ്ങളുടെ ശുശ്രൂഷാമേഖലകളിൽ മുന്നേറുന്നു. ഇറ്റലിയിൽ നിന്ന് ബ്രസീൽ, അർജന്റീന, ഫിലിപൈൻസ്, പരാഗ്വേ, ഇക്വഡോർ, ഇന്ത്യ, ജർമ്മനി എന്നീ രാജ്യങ്ങളിലെല്ലാം സവീനയുടെ സാധുജന സഹോദരിമാർ സേവനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ പ്രേഷിതാവശ്യങ്ങൾ പഠനവിധേയമാക്കിയപ്പോൾ ഇവിടെ തങ്ങളുടെ സന്യാസ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് മദർ സുപ്പീരിയറിനു മനസ്സിലായി. അങ്ങനെ 1977 -ൽ നാല് സിസ്റ്റർമാരെ ഇവിടേക്ക് അയച്ചു.

1979 -ൽ എറണാകുളത്തെ ചേരിപ്രദേശങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങൾക്കായി സെന്റ് കാതറിൻ കോൺവെന്റ് എന്ന ഭവനം സ്ഥാപിതമായി. തുടർന്ന് കേരളത്തിലെ വിവിധ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ, സാമൂഹ്യപ്രവർത്തനങ്ങൾ, യുവജന രൂപീകരണ മേഖലകൾ, ജയിൽ മിനിസ്ട്രി, ഇടവക പ്രവർത്തനങ്ങൾ തുടങ്ങിയ ശുശ്രൂഷകൾ ചെയ്തുവരികയാണ് ഇപ്പോള്‍ ഈ സന്യാസ സമൂഹം.

“ജയിലിലെ തടവുകാർക്ക് ആവശ്യമായ ആത്മീയപിന്തുണ നൽകിവരുന്നുണ്ട്. അതോടൊപ്പം ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുന്നവരെ പലരെയും വീട്ടുകാർ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. അങ്ങനെയുള്ളവരെ സ്വയംതൊഴിൽ പഠിപ്പിച്ച്, സ്ഥിരവരുമാനം കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നു. അതുപോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തുണ്ട്” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

കെസിബിസി -യുടെ കീഴിൽ ടാക്സി ഡ്രൈവർമാരുടെ മൂല്യാധിഷ്ഠിതജീവിതവും ആത്മീയവളർച്ചയും ലക്ഷ്യംവച്ചു കൊണ്ട് ആരംഭിച്ച ‘സാരഥി’ എന്ന കർമ്മപദ്ധതിയിലും സവീനയുടെ മക്കൾ പ്രവർത്തിച്ചുവരുന്നു. കൊച്ചിയിലെ തമ്മനത്തുള്ള ‘സാരഥി’യുടെ കൂട്ടായ്‌മയിൽ മൂല്യങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചുമൊക്കെ തൊഴിലാളികളെ ബോധ്യപ്പെടുത്തുവാൻ സി. മേഴ്‌സിയും പ്രവർത്തിക്കുന്നുണ്ട്.

വിവിധ മിഷൻ മേഖലകളിൽ സ്ത്രീശാക്തീകരണത്തിലൂടെയും കലാസാംസ്‌കാരിക പരിശീലനത്തിലൂടെയും കൈത്തൊഴിലുകളിലൂടെയും ഉപജീവനമാർഗ്ഗം കണ്ടെത്താൻ നിരവധി യുവജനങ്ങളെയും വിധവകളെയും സ്ത്രീകളെയുമാണ് ഈ സഹോദരിമാർ പ്രാപ്തരാക്കിക്കൊണ്ടിരിക്കുന്നത്. എത്തിച്ചേരുന്ന ഇടങ്ങളിൽ ആത്മീയവും സാമൂഹികപരവുമായി ഏതു തരത്തിലുളള സേവനമാണോ ആവശ്യം അത് ചെയ്യുക എന്നതാണ് ഈ സന്യാസ സമൂഹത്തിന്റെ മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇവർ പ്രവർത്തിച്ചുവരുന്നു. ആത്മീയപരമായ ആവശ്യങ്ങൾ, വിദ്യാഭ്യാസം, അശരണരായ കുട്ടികളെ എല്ലാവിധ അടിസ്ഥാന ആവശ്യങ്ങളും നൽകി സംരക്ഷിക്കുക, രോഗികളായ അനാഥരെയും പ്രായമായവരെയും ഒരു കുടുംബത്തിലെ എന്ന പോലെ സംരക്ഷിക്കുക തുടങ്ങിയ എല്ലാ മേഖലകളിലും അവർ ദൈവമഹത്വത്തിനായി ശുശ്രൂഷ ചെയ്യുന്നു.

സ്ഥാപകയായ വാഴ്ത്തപ്പെട്ട സവീനയുടെ നൂറ്റിഎഴുപതാം ജന്മദിനം ആഘോഷിക്കുന്ന ഈ വർഷത്തിൽ, കോവിഡ് 19 -ന്റെ പരിമിതികൾ ഉണ്ടെങ്കിൽ പോലും, വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതിയിലാണ് ഈ സന്യാസിനിമാർ. സന്യാസം എന്നത് സാധുജന സേവനമാണെന്ന് തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുതരികയാണ് ഈ മിഷനറി സഹോദരിമാർ. സ്വയം ശൂന്യമാക്കിക്കൊണ്ട് നമുക്കോരോരുത്തർക്കും ജീവൻ നൽകിയ യേശുക്രിസ്തുവിന്റെ ജീവിതബലി തന്നെയാണ് ഈ സിസ്റ്റേഴ്സ് പങ്കുവയ്ക്കുന്നത്. ചെന്നെത്തുന്ന എല്ലാ ഇടങ്ങളിലും യേശുവിനെ കണ്ടെത്താനും ഓരോ പ്രവർത്തിയും അവിടുത്തെ മഹത്വത്തിനായി സമർപ്പിക്കുന്നതിലും അവർ ബന്ധശ്രദ്ധരാണ്.

‘സ്നേഹം പകർന്നു ശൂന്യരാകുക, സ്വയം മറന്നു ധന്യരാകുക’ എന്ന ആ മനോഹരമായ വാക്യം സന്യാസ സമൂഹത്തിലെ ഓരോ അംഗങ്ങളുടെയും ഹൃദയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 16 കമ്മ്യൂണിറ്റികളിലായി 130 സിസ്റ്റേഴ്സ് ഇന്ത്യയിലുടനീളം സേവനം ചെയ്യുന്നു. എല്ലാം ദൈവമഹത്വത്തിനായി സമർപ്പിച്ചുകൊണ്ട് സാധുജനങ്ങളെ സേവിക്കാൻ സ്വയം ശൂന്യരാകുന്ന ഈ സന്യാസിനിമാരുടെ എല്ലാ പ്രവർത്തനങ്ങൾക്കും ലൈഫ് ഡേയുടെ ആശംസകൾ…

സുനീഷ വി.എഫ്.

2 COMMENTS

  1. Blessed be God who has raised our Mother Foundress to the status of BLESSED. May she be soon honoured as Canonized.

    Well expressed in the above message!
    Congratulations 👏🎉👏

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.