ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്ന് 84 വർഷം തികയുന്നു

ഈ ചെറുപുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം പൂർത്തിയാകുന്നു. കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയാകുന്ന വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്തോലിക്കാ വൈദികൻ ആയതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസൻ.

1936 ആഗസ്റ്റ് മാസം പതിനെട്ടാം തീയതി തന്നെ വെടിവെച്ചു കൊല്ലുന്നതിന് രണ്ടു നിമിഷങ്ങൾക്കു മുമ്പ് ഒരു കത്തോലിക്കാ വൈദികന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണിത്; നിത്യതയുടെ മുന്നാസ്വാദനം കണ്ട പുഞ്ചിരി. മരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു മനുഷ്യൻ സ്വർഗ്ഗം കണ്ട് പുഞ്ചിരിക്കുന്നു. മാർട്ടിനെ വധിക്കുന്നതിന് തൊട്ടുമുമ്പ് ഹാൻസ് ഗൂട്ടമാൻ (Hans Guttman) എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ പകർത്തിയത്. നിത്യതയുടെ മുന്നാസ്വാദനം കണ്ട മാർട്ടിന്റെ കണ്ണുകളുടെ തെളിച്ചവും വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിർവൃതിയും ഗൂട്ടമാൻ ഈ ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു.

ഒരു സ്പാനിഷ് മരപ്പണിക്കാരന്റെ മകനായി 1910 നവംബർ 11 -ന് ജനിച്ച മാർട്ടിൻ, ഭക്തിയുള്ള ഒരു കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. Colegio San José de Murcia സെമിനാരിയിൽ ലത്തീൻ അധ്യാപകനാകുന്നതിനു മുമ്പ് സ്പെയിനിലെ ജോലി ചെയ്യുന്ന വൈദികർ (worker priest movement) എന്ന വൈദികസംഘത്തിൽ സജീവ അംഗമായിരുന്നു.

സ്പെയിനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോൾ കലാപകാരികൾ കത്തോലിക്കാ സഭക്കെതിരെ തിരിഞ്ഞു. ഒരു ദിവസം ദൈവാലയം ആക്രമിച്ചപ്പോൾ മാർട്ടിൻ സക്രാരിയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബാനയുമായി ധാന്യപ്പുരകളിലും ഗുഹകളിലും വൈക്കോൽപ്പന്തലിലും കലാപകാരികളുടെ കണ്ണിൽപെടാതെ കുറേ ദിവസങ്ങൾ ഒളിവിൽ താമസിച്ചു. പിന്നീട് മാർട്ടിൻ പടയാളികളുടെ തടവിലായി. അവിടെയും തന്റെ പുരോഹിതകടമകൾ അദ്ദേഹം തുടർന്നു. സഹതടവുകാരുടെ കുമ്പസാരം കേൾക്കുകയും തന്റെ കൈവശമുണ്ടായിരുന്ന വിശുദ്ധ കുർബാന നൽകി അവർക്ക് ധൈര്യം പകരുകയും ചെയ്തു.

1936 ആഗസ്റ്റ് 18 -ന് മാർട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോൾ അദ്ദേഹത്തോട് ചോദിച്ചു: “തോക്കിൻ കുഴൽ ഭയപ്പെടുന്നുവോ?” “ഇല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചുകൊണ്ട് മാർട്ടിൻ പ്രാർത്ഥിച്ചു: “ഞാൻ നിങ്ങൾക്ക് എന്റെ അനുഗ്രഹം നൽകുന്നു. നിങ്ങൾ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ.” മാർട്ടിൻ പിന്നീട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “VIVA CRISTO REY!” (Long live Christ the King) “ക്രിസ്തുരാജൻ ജയിക്കട്ടെ”.

സ്പെയിനിൽ 1936 മുതൽ 1939 (17 ജൂലൈ 1936 – 1 ഏപ്രിൽ 1939) വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽ 6,832 വൈദികരും സന്യസ്തരും ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി. ഇതിൽ 13 മെത്രാന്മാരും 4,172 രൂപതാ വൈദികരും സെമിനാരി വിദ്യാർത്ഥികളും 2,364 സന്യാസ വൈദികരും സഹോദരങ്ങളും 283 സന്യാസിനികളും ഉൾപ്പെടുന്നു. ഇവരിൽ ആയിരത്തോളം പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയിർത്തിയിട്ടുണ്ട്.

വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ 1995 ഒക്ടോബർ 1 -ന് മാർട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.