കുട്ടികളുടെ തോഴനായ കുഞ്ഞച്ചന്‍ 

    വിശുദ്ധിയുടെ പര്യായപദമായിരുന്നു വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍. സമൂഹത്തിലെ എളിയവരില്‍ ദൈവത്തെ കണ്ടെത്തിയ അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ അവരുടെ ഉദ്ദാരണത്തിനായി മാറ്റി വെച്ചിരുന്നു. തന്റെ പക്കല്‍ എത്തിയ ഓരോ വ്യക്തിയെയും മക്കളെ എന്ന് വിളിച്ചിരുന്ന അദ്ദേഹത്തിനു വിശ്വാസികളുടെ ഇടയില്‍ ഒരു അപ്പന്റെ മുഖമായിരുന്നു. അദ്ദേഹത്തില്‍ നിലനിന്നിരുന്ന ആ ദൈവികമായ പൈതൃക സ്‌നേഹം കുട്ടികളുടെ കളിത്തോഴനാക്കി അദ്ദേഹത്തെ മാറ്റി.

    ചെറിയ കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ട വ്യക്തിയായിരുന്നു കുഞ്ഞച്ചന്‍. തങ്ങളുടെ ചെറിയ ചെറിയ സങ്കടങ്ങളും പേടികളും ഒക്കെ പങ്കു വയ്ക്കുവാന്‍ അവര്‍ ഓടി എത്തിയിരുന്നത് കുഞ്ഞച്ചന്റെ പക്കലായിരുന്നു. വാര്‍ദ്ധക്യത്തിന്റെ നേരങ്ങളിലും വിശ്രമ ജീവിതത്തിലും അദ്ദേഹത്തെ കാണുവാന്‍ ധാരാളം കുട്ടികള്‍ എത്തുമായിരുന്നു. തന്റെ അവശതകള്‍ മാറ്റി വെച്ചു കുട്ടികള്‍ക്കൊപ്പം ഉല്ലസിക്കുവാനും തമാശകള്‍ പങ്കുവയ്ക്കുവാനും അവരുടെ പ്രവര്‍ത്തികള്‍ ആസ്വദിക്കുവാനും ആ പുണ്യ പുരുഷന്‍ ശ്രമിച്ചിരുന്നു.

    കുഞ്ഞച്ചനെ കണ്ടു അനുഗ്രഹം വാങ്ങിയാല്‍ ബാക്കി എല്ലാം ദൈവം ശരിയാക്കി തരും എന്ന് കുട്ടികള്‍ വിശ്വസിച്ചിരുന്നു. കുഞ്ഞച്ചന്റെ പ്രാര്‍ത്ഥനയില്‍ കുട്ടികള്‍ക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു. പ്രത്യേകിച്ചു പരീക്ഷാ സമയങ്ങളില്‍ ധാരാളം കുട്ടികള്‍ അദ്ദേഹത്തിന്റെ പക്കല്‍ എത്തുമായിരുന്നു. പരീക്ഷാ സമയങ്ങളില്‍ അച്ചനെ കൊണ്ട്  വഞ്ചരിപ്പിച്ച പേന ഉപയോഗിക്കുന്നത്  കുട്ടികളുടെ ശീലമായി മാറിയിരുന്നു. കുഞ്ഞച്ചന്റെ പക്കല്‍ പാഠപുസ്തകവുമായി എത്തുന്ന കുട്ടികളും കുറവല്ലായിരുന്നു. അച്ചന്‍ ചൂണ്ടിക്കാണിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും പരീക്ഷയില്‍ ഉറപ്പായും വരുമെന്ന് കുട്ടികള്‍ വിശ്വസിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തിരുന്നു.

    തന്റെ പ്രിയപ്പെട്ട മക്കളുടെ വിവാഹവും മറ്റും ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അക്കാലത്ത് വിവാഹങ്ങളുടെ മോടി കൂട്ടുവാന്‍ പരിച മുട്ട് കളിയും മാര്‍ഗ്ഗം കളിയും ഒക്കെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ കുഞ്ഞച്ചന്റെ മുറിയുടെ മുന്നില്‍ എത്തുകയും ആവേശപൂര്‍വ്വം പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ശാന്ത സ്വഭാക്കാരനും സരസനും ആയ അദ്ദേഹം അതില്‍ പങ്കു ചേരുകയും കയ്യടിച്ചു അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും എളിമയുടെ ആള്‍രൂപമായ കുഞ്ഞച്ചനെ വിശ്വാസികള്‍ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയിരുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.