കൃപയുടെ മണിക്കൂര്‍ ആചരിക്കാം അനുഗ്രഹം ചോദിച്ച് വാങ്ങാം

മാതാവിന്റെ അമലോത്ഭവത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ച ദിനമാണ് ഡിസംബര്‍ എട്ട്. അതോടൊപ്പം ഇന്നേ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൃപയുടെ മണിക്കൂറുള്ള ദിനമാണത്.

1946-ല്‍ ഇറ്റലിയില്‍ Sister Pierrina ക്കു റോസ മിസ്റ്റിക്ക മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊടുത്ത സന്ദേശമാണ് കൃപയുടെ മണിക്കൂറായി ആചരിക്കാനുളള പ്രചോദനമായിരിക്കുന്നത്. മാതാവ് പറഞ്ഞതനുസരിച്ച് അമലോത്ഭവ തിരുനാള്‍ ദിനം ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ ഒരു മണി വരെ കൃപയുടെ മണിക്കൂറായി ആചരിക്കണം. ഈ സമയം നാം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കണം.

ദൈവകരുണ ഒഴുകുന്ന മണിക്കൂറുകളാണ് ഇവയെന്നാണ് മാതാവ് പറഞ്ഞിരിക്കുന്നത്. ഈ മണിക്കൂറില്‍ നാം എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും എന്തെല്ലാമാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും മാതാവ് പറഞ്ഞുതന്നിട്ടുണ്ട്.

പ്രാര്‍ത്ഥനയോടും പ്രായശ്ചിത്ത പ്രവൃത്തികളോടും കൂടി 51 ാം സങ്കീര്‍ത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലിയും ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയില്‍ പ്രാര്‍ത്ഥിച്ചും ദൈവത്തെ സ്തുതിച്ചുമായിരിക്കണം കൃപയുടെ മണിക്കൂര്‍ ചെലവഴിക്കേണ്ടത്.

പ്രാര്‍ത്ഥനയില്‍ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാന്‍ സാധ്യത ഉള്ള എല്ലാത്തില്‍ നിന്നും എല്ലാ തിരക്കുകളില്‍ നിന്നും അകന്നു ദൈവവുമായി ഐക്യത്തില്‍ ആയിരിക്കാനും നാം ശ്രദ്ധിക്കണം. ഈ മണിക്കൂറില്‍ നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടുമെന്നും വാഗ്ദാനമുണ്ട്. .