വാഴ്ത്തപ്പെട്ട ഹന്നാ ഷ്രാനോവ്‌സ്‌ക! നഴ്‌സുമാരുടെ മാതൃകയും മദ്ധ്യസ്ഥയും

നഴ്‌സുമാരുടെ മാതൃകയും പ്രചോദകയുമായെല്ലാം അറിയപ്പെടുന്നത് ഫ്‌ളോറന്‍സ് നൈറ്റിംഗേലാണ്. എന്നാല്‍ ആതുരസേവനരംഗത്ത് സുപ്രധാന ചുമതലകള്‍ വഹിക്കുന്ന നഴ്‌സുമാര്‍ക്ക് മാതൃകയും മദ്ധ്യസ്ഥയുമായി മറ്റൊരു വ്യക്തിത്വം കൂടിയുണ്ടെന്നത് പലര്‍ക്കും അറിയില്ല. ചരിത്രത്തിലാദ്യമായി വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട അത്മായ നഴ്‌സായ ഹന്നാ ഷ്രാനോവ്‌സ്‌കയാണത്. ആതുരസേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പോളിഷ് വനിത പോളണ്ടിലെ നിരവധി അഭയകേന്ദ്രങ്ങളുടെ മാതാവുമാണ്. ദരിദ്രരുടെയും നിരാലംബരുടെയും സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു കൊണ്ട് ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് സ്തുത്യര്‍ഹമാതൃകയുമായി അവര്‍.

പോളണ്ടിലെ വാഴ്‌സോവില്‍ 1902-ല്‍ ജനിച്ച ഹന്ന ക്രിസനോവ്‌സ്‌കാ ക്രാക്കോവിലെ ഉര്‍സുലിന്‍ കന്യാസ്ത്രീകളുടെ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട് 1922-ല്‍ ബിരുദപഠനത്തിനു ശേഷം വാഴ്‌സോവിലെ നേഴ്‌സിംഗ് സ്‌കൂളില്‍ ചേര്‍ന്ന ഹന്ന തുടര്‍ന്ന് വി. ബെനഡിക്ടിന്റെ പ്രബോധനമനുസരിച്ച് ജീവിക്കുന്ന ഉര്‍സുലിന്‍ കന്യാസ്ത്രീകളുടെ സമൂഹത്തില്‍ ആകൃഷ്ടയായി തന്റെ ജീവിതം സേവനത്തിനായി സമര്‍പ്പിച്ചു.

യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് നേഴ്‌സസില്‍ പരിശീലകയായി സേവനമനുഷ്ഠിച്ച 1926-1929 കാലയളവിലാണ് അവള്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്നത്. 1937-ല്‍ പോളണ്ടിലെ കത്തോലിക്കാ നേഴ്‌സുമാരുടെ അസോസിയേഷനില്‍ ചേര്‍ന്ന ഹന്ന 1939-ല്‍ രണ്ടാം ലോകമഹായുദ്ധം തീവ്രത പ്രാപിച്ചപ്പോള്‍ ക്രാക്കോവില്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മറ്റെര്‍ണിറ്റി ആന്‍ഡ് നേഴ്‌സിംഗ് എന്ന പരിശീലനകേന്ദ്രം സ്ഥാപിച്ചു. വിദ്യാര്‍ത്ഥികളെ നല്ല രീതിയില്‍ പരിശീലിപ്പിച്ചും പാവപ്പെട്ട രോഗികളെ വീടുകളില്‍ പോയി ശുശ്രൂഷിച്ചും യുദ്ധത്തില്‍ പരിക്കേറ്റവരെ പരിചരിച്ചും ഹന്ന ആതുരസേവനത്തിന് ഉത്തമ മാതൃകയായി.

1966-ല്‍ അര്‍ബുദ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹന്നയെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കിയെങ്കിലും രോഗം മൂര്‍ച്ഛിതോടെ 1973 ഏപ്രില്‍ 23-ന് ക്രാക്കൊവില്‍ വച്ച് അവള്‍ നിത്യഭാഗ്യം പൂകി. തുടര്‍ന്ന് 1997-ല്‍ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഹന്നയെ 2015 സെപ്റ്റംബര്‍ 30-ന് ഫ്രാന്‍സിസ് പാപ്പയാണ് ധന്യയായി പ്രഖ്യാപിച്ചത്. 2018 ഏപ്രില്‍ 28-നാണ് ഫാന്‍സിസ് പാപ്പാ തന്നെ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.