വാഴ്ത്തപ്പെട്ട ഫാ. സ്റ്റാൻലി റോഥറും അഞ്ചു വസ്തുതകളും

വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥറിനെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. 2017 സെപ്റ്റംബറിൽ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ വ്യക്തിയാണ് അമേരിക്കയിലെ ഒക്കലഹോമ സ്വദേശിയായ വാഴ്ത്ത. ഫാ. സ്റ്റാൻലി റോഥർ. അദ്ദേഹം ഗ്വാട്ടിമാലയിലെ സാന്റിയാഗോ ആറ്റിറ്റ്‌ലാനിലെ ഇടവക വൈദികനും മിഷനറിയുമായിരുന്നു.

ഗ്വാട്ടിമാലൻ ആഭ്യന്തരയുദ്ധ സമയത്ത് അദ്ദേഹം അവിടുത്തെ പ്രാദേശിക ത്സുതുജിൽ ജനത്തെ സഹായിച്ചു. അങ്ങനെ അദ്ദേഹം ശത്രുക്കളുടെ നോട്ടപ്പുള്ളിയായി. ഒടുവിൽ 1981 ജൂലൈ 28 -ന് അദ്ദേഹം വധിക്കപ്പെട്ടു. 40 വർഷം മുമ്പ് മരണമടഞ്ഞ ഈ വിശുദ്ധന്റെ ജീവിതത്തെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങളിതാ…

1. വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥർ: അമേരിക്കയിൽ ജനിച്ച ആദ്യത്തെ രക്തസാക്ഷി

വടക്കേ അമേരിക്കയിലുള്ള രക്തസാക്ഷികളെ കൂടാതെ അമേരിക്കയിലെ ഒക്കലഹോമയിൽ ജനിച്ച ഒരേയൊരു രക്തസാക്ഷിയാണ് വാഴ്ത്ത. സ്റ്റാൻലി റോഥർ. എന്നാൽ, അദ്ദേഹം ഒരു മിഷനറിയായി ഗ്വാട്ടിമാലയിലാണ് സേവനമനുഷ്ഠിച്ചത്.

2. പുതിയനിയമം ത്സുതുജിൽ ഭാഷയിലേക്ക് വിവർത്തനം ചെയ്തു

സെമിനാരിയിൽ പഠിക്കുമ്പോൾ പ്രത്യേകിച്ച്, ലാറ്റിൻ ഭാഷ പഠിക്കുവാൻ സ്റ്റാൻലി വല്ലാതെ വിഷമിച്ചു. ഒടുവിൽ അദ്ദേഹത്തിന് സെമിനാരി മാറേണ്ടി വന്നു. എന്നാൽ, പരിശീലന കാലഘട്ടത്തിൽ തന്നെ ഗ്വാട്ടിമാലയിൽ ആയിരുന്നപ്പോൾ അദ്ദേഹം സ്പാനിഷ്, ത്സുതുജിൽ എന്നീ ഭാഷകൾ പഠിച്ചു. അവിടെ മിഷനറിയായി തുടരാനുള്ള ആഗ്രഹവും അവിടെയുള്ള ആളുകളോട് ബന്ധപ്പെടുവാനുമാണ് അദ്ദേഹം ഈ ഭാഷകൾ എളുപ്പത്തിൽ പഠിച്ചത്. പിന്നീട്, അവിടുത്തെ പ്രാദേശികഭാഷയായ ത്സുതുജിൽ ഭാഷയിലേക്ക് ബൈബിളിലെ പുതിയനിയമം വിവർത്തനം ചെയ്യുകയും ചെയ്തു.

3. വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന വൈദികൻ

അക്കാദമിക് മേഖലയിൽ മികച്ച വ്യക്തി ആയിരുന്നില്ലെങ്കിലും ഫാ. സ്റ്റാൻലി ഒരു ഇലക്ട്രീഷ്യൻ, പ്ലംബർ, കർഷകൻ എന്നീ മേഖലകളിൽ മികവ് പുലർത്തിയിരുന്നു. ഉപകരണങ്ങൾ നന്നാക്കുകയും അവരുടെ കൃഷി മെച്ചപ്പെടുത്തുന്നതിന് പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം സാധാരണ ജനങ്ങൾക്ക് വളരെ സഹായമായി മാറി. ഒരു സ്കൂൾ, ആശുപത്രി, കത്തോലിക്കാ റേഡിയോ സ്റ്റേഷൻ തുടങ്ങി നിരവധി കെട്ടിടങ്ങളും അദ്ദേഹം ആ സമൂഹത്തിനായി നിർമ്മിച്ചു.

4. ഗ്വാട്ടിമാലയിലെ പാവങ്ങൾക്കു വേണ്ടി ജീവിച്ച ഇടയൻ

വാഴ്ത്ത. സ്റ്റാൻലി റോഥർ, ഗ്വാട്ടിമാലയിലെ തന്റെ ശുശ്രൂഷയിലൂടെ സാധാരണ ജനങ്ങളുടെ ഒപ്പം നിന്നു. എന്നാൽ, അത് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കി. കാരണം അദ്ദേഹത്തിന്റെ പേര് ശത്രുക്കളുടെ ഹിറ്റ് ലിസ്റ്റിലായിരുന്നു. സുരക്ഷയ്ക്കായി അദ്ദേഹം പിന്നീട് ഒക്കലഹോമയിലേക്ക് മടങ്ങി. “ഒരു ഇടയന് തന്റെ ആട്ടിൻകൂട്ടത്തിൽ നിന്ന് ഓടാൻ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് അപകടമുണ്ടായിട്ടും ഇടവകക്കാരെ സേവിക്കുന്നതിനായി അദ്ദേഹം വിശുദ്ധവാരത്തിൽ ഗ്വാട്ടിമാലയിലേക്ക് തിരിച്ചു. തിരികെ വന്നു നാലു മാസം തികയും മുമ്പ് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

5. ഇടവകജനം ഹൃദയത്തിലേറ്റിയ വൈദികൻ

ഫാ. സ്റ്റാൻലി, തന്റെ ഇടവകയിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണ്. ഇന്നും അവർ അദ്ദേഹത്തെ വളരെ ഭക്തിപൂർവ്വം ഓർക്കുന്നു.

“ഈ ഇടവകയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്. അദ്ദേഹം കൊല്ലപ്പെട്ട മുറി ഒരു ചാപ്പലാക്കി മാറ്റി. പരോച്ചിയൽ സ്കൂളിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. വാഴ്ത്ത. സ്റ്റാൻലി റോഥർ ഈ നഗരത്തിലുടനീളം പ്രസിദ്ധമാണ്” – 2019 -ൽ ഗ്വാട്ടിമാല സന്ദർശിച്ചതിനെ തുടർന്ന് ഗാലപ്പ് രൂപതയിലെ ഫാ. ജോഷ് മേയർ പറയുന്നു.

അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷം മൃതദേഹം സംസ്കാരത്തിനായി ഒക്കലഹോമയിലേക്ക് കൊണ്ടുപോയി. എന്നാൽ, ഗ്വാട്ടിമാലൻ ഇടവകക്കാർ അവരുടെ പ്രിയപ്പെട്ട വൈദികന്റെ ഹൃദയം തിരുശേഷിപ്പായി ഇന്നും അവിടെ സൂക്ഷിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.