യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി

“വേദനിക്കുന്ന മനുഷ്യന്‍റെ വദനത്തില്‍ ക്രിസ്തുവിനെ ദര്‍ശിച്ച അജപാലകനായിരുന്നു വാഴ്ത്തപ്പെട്ട ഡോണ്‍ കാര്‍ലോ ഞോക്കി” എന്ന് ഫ്രാൻസിസ് പാപ്പാ. ഞോക്കി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകരെ വത്തിക്കാനിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ദൈവത്തെ പതറാതെ അന്വേഷിച്ച പ്രേഷിതന്‍, പാവപ്പെട്ട മനുഷ്യരെ ധീരതയോടെ സ്നേഹിച്ച മനുഷ്യസ്നേഹി എന്നിങ്ങനെ വാഴ്ത്തപ്പെട്ട ഡോണ്‍ കാര്‍ളോ ഞോക്കിയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പ്രസ്താവിച്ചു. ഇറ്റലിയിലെ മിലാന്‍ അതിരൂപതാംഗമായ ഈ വിശുദ്ധ വൈദികന്‍ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പാവങ്ങളുടെ മധ്യേ പ്രവര്‍ത്തിച്ച ധീരനായ അജപാലകനായിരുന്നു. അദ്ദേഹത്തിന്റെ പ്രേഷിതചൈതന്യം നിലനിര്‍ത്തുന്നതിനായി തുടക്കമിട്ട പ്രസ്ഥാനമാണ് ഡോണ്‍ ഞോക്കി ഫൗണ്ടേഷന്‍.

പാവപ്പെട്ട കുട്ടികളുടെയും യുവജനങ്ങളുടെയും, വേദനിക്കുന്ന മനുഷ്യരുടെയും മധ്യേ ക്രിസ്തുവിന്‍റെ സ്നേഹം പ്രേഷിതശുശ്രൂഷയായി പ്രകടമാക്കിയ നല്ലിടയനായിരുന്നു വാഴ്ത്തപ്പെട്ട ഡോണ്‍ ഞോക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം ഇറ്റലിയുടെ മിലിട്ടറി ചാപ്ലിനായി സേവനം ചെയ്തിട്ടുണ്ട്. അങ്ങനെ ക്രിസ്തുവിന്‍റെ അജപാലന സ്നേഹവുമായി മനുഷ്യയാതനകളുടെ മധ്യത്തിലേയ്ക്ക് സധൈര്യം ഇറങ്ങിപ്പുറപ്പെട്ട കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സേവനപാരമ്പര്യങ്ങള്‍ കാലികമായി സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനും സൂക്ഷിക്കുവാനും തുടക്കമിട്ട ഞോക്കി ഫൗണ്ടേഷനെ പാപ്പാ അഭിനന്ദിച്ചു.

യുദ്ധാനന്തരം ഇറ്റലിയില്‍ തിരിച്ചെത്തിയപ്പോഴും ഒരു സാമൂഹ്യപ്രവര്‍ത്തനമായിട്ടല്ല പകരം, ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും സമൂഹത്തില്‍ അനുഭവവേദ്യമാക്കാനുള്ള കൂട്ടായ്മയുടെയും അജപാലന സമര്‍പ്പണത്തിന്‍റെയും തീവ്രമായ ചൈതന്യത്തിലാണ് അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങളെ സംവിധാനം ചെയ്തത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കാലവിയോഗത്തിനു ശേഷവും വാഴ്ത്തപ്പെട്ട ഞോക്കിയുടെ അജപാലനസ്നേഹം ക്രിസ്തുസ്നേഹമായി ഇന്നും സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ മിലാനിലെ ഈ പ്രസ്ഥാനത്തിനു സാധിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. അതിനായി സമര്‍പ്പിതരായിരിക്കുന്ന ഞോക്കി ഫൗണ്ടേഷന്‍റെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരെയും, സംഘാടകരെയും, ഡോക്ടര്‍മാരെയും, അവരുടെ സഹായികളെയും, സന്നദ്ധസേവകരെയും, മറ്റു പ്രവര്‍ത്തകരെയും പാപ്പാ അനുമോദിച്ചു.

രോഗങ്ങളാലും, അംഗവൈകല്യങ്ങളാലും ക്ലേശിക്കുന്നവരെ തുണയ്ക്കുന്ന ഞോക്കി ഫൗണ്ടേഷന്‍റെ സവിശേഷമായ സമര്‍പ്പണത്തില്‍ തളരരുതെന്നും, ഉന്നത വൈദ്യസഹായം രോഗികള്‍ക്കു നല്കുമ്പോഴും അവരുടെ മനസ്സുകളെ ശക്തിപ്പെടുത്തുകയും, ദൈവത്തിന്‍റെ കരുണയും സാന്ത്വനവും അവര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുക്കുകയും ചെയ്യുന്ന ആത്മീയശുശ്രൂഷയില്‍ എന്നും ശ്രദ്ധ പതിക്കണമെന്നും പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. ഡോണ്‍ ഞോക്കിയുടെ പ്രേഷിതചൈതന്യം സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ (യുവജനപ്രേഷിതത്വം, ആതുരശുശ്രൂഷ, രോഗീപരിചരണം, വികലാംഗര്‍ക്കായുള്ള സഹായം…) കൂടുതല്‍ ലഭ്യമാക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു കൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയുമാണ് ഫ്രാന്‍സിസ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.