
ജനുവരി 14 -നാണ് ദൈവസഹായം പിള്ളയുടെ തിരുനാള്‍ ദിനമായി സഭ ആചരിക്കുന്നത്. രക്തസാക്ഷിയായ ദൈവസഹായം പിള്ള 2022 മെയ് 15 -ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. വത്തിക്കാനില്‍ വി. പത്രോസിന്റെ ബസലിക്കയില്‍ വച്ചുനടക്കുന്ന തിരുക്കർമ്മങ്ങളിലാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്.
രക്തസാക്ഷിയായ ദൈവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് പാപ്പാ മുന്‍പ് അംഗീകരിച്ചിരുന്നു. 1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി ലാസറിന്റെ അഥവാ ദൈവസഹായം പിള്ളയുടെ ജന്മസ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡ വര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.
തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് പ്രേഷിതനായിരുന്നു ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മെയ് 17 -ന് ജ്ഞാനസ്നാനം സ്വീകരിച്ച ദൈവസഹായം പിള്ള തുടര്‍ന്ന് തടങ്കലിലായി. 4 കൊല്ലത്തെ കാരാഗൃഹവാസത്തിനു ശേഷം അദ്ദേഹത്തെ 1752 ജനുവരി 14 -ന് രാജശാസനപ്രകാരം വെടിവച്ചു കൊല്ലുകയായിരുന്നു. 2012 ഡിസംബര്‍ രണ്ടിന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ ദൈവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.