അല്‍ഫ്രേദൊ ക്രെമൊണേസി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

മ്യന്‍മാറില്‍ പ്രേഷിതനായിരിക്കെ രക്തസാക്ഷിത്വം വരിച്ച വൈദികന്‍ അല്‍ഫ്രേദൊ ക്രെമൊണേസി ശനിയാഴ്ച (19/10/19) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

നവ വാഴ്ത്തപ്പെട്ട അല്‍ഫ്രേദൊ ക്രെമൊണേസി സുവിശേഷത്തിന്‍റെ തീക്ഷ്ണമതിയായ സാക്ഷിയായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. ലോക പ്രേഷിതദിനമായിരുന്ന ഞായറാഴ്ച (20/10/19) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹാന പ്രാര്‍ത്ഥനയുടെ അവസാനം, ആശീര്‍വാദം നല്കിയതിനു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത പാപ്പാ ശനിയാഴ്ച (19/10/19), ഉത്തര ഇറ്റലിയിലെ ക്രേമ എന്ന സ്ഥലത്ത്, അല്‍ഫ്രേദൊ ക്രെമൊണേസി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിലെ (PIME) പ്രേഷിത വൈദികനായിരുന്ന അല്‍ഫ്രേദൊ ക്രെമൊണേസി ബര്‍മ്മയില്‍, ഇന്നത്തെ മ്യന്മാറില്‍ വച്ച് 1953-ല്‍ വധിക്കപ്പെടുകയായിരുന്നു. സമാധാനത്തിന്‍റെ അക്ഷീണ അപ്പസ്തോലനായിരുന്ന അദ്ദേഹം സ്വന്തം രക്തം പോലും ചിന്തി സുവിശേഷത്തിന് സാക്ഷ്യമേകിയെന്ന് പാപ്പാ അനുസ്മരിച്ചു. സഹോദര്യപ്രവര്‍ത്തകരും എല്ലായിടങ്ങളിലും ധീരരായ പ്രേഷതരും ആയിത്തീരുന്നതിന് നവ വാഴ്ത്തപ്പെട്ട അല്‍ഫ്രേദൊ ക്രെമൊണേസി നമുക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിച്ച പാപ്പാ, ലോകത്തില്‍ സുവിശേഷത്തിന്‍റെ വിത്തു വിതയ്ക്കാന്‍ അദ്ധ്വാനിക്കുന്നവര്‍ക്കായി അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഉത്തര ഇറ്റലിയിലെ ക്രേമയിലെ കത്ത്രീഡ്രലില്‍ ശനിയാഴ്ച (19/10/19) ഉച്ച തിരിഞ്ഞായിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കര്‍മ്മം. ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികല്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1953 ഫെബ്രുവരി 7-ന് മ്യന്മാറിലെ ദൊണുക്കു ഗ്രാമത്തില്‍ വച്ചാണ് ഇറ്റലി സ്വദേശിയായ വൈദികന്‍ അല്‍ഫ്രേദൊ ക്രെമൊണേസി വിശ്വാസത്തെപ്രതി വധിക്കപ്പെട്ടത്. 1902 മെയ് 16-ന് ഉത്തര ഇറ്റലിയിലെ കുവെരീന എന്ന സ്ഥലത്താണ് നവ വാഴ്ത്തപ്പെട്ട അല്‍ഫ്രേദൊ ക്രെമൊണേസിയുടെ ജനനം. ശിശുവായിരിക്കുമ്പോള്‍ മാരകമായ ഒരു രോഗം പിടിപെടുകയും എന്നാല്‍ ഉണ്ണിയേശുവിന്‍റെ, വി. ത്രേസ്യായുടെ മാദ്ധ്യസ്ഥ്യത്താല്‍ അത്ഭുതകരമായി സൗഖ്യം പ്രാപിക്കുകയും ചെയ്ത ക്രെമൊണേസി പ്രായപൂര്‍ത്തിയായപ്പോള്‍ വൈദിക ജീവിതാന്തസ്സ് തിരഞ്ഞെടുക്കുകയായിരുന്നു. അക്രൈസ്തവര്‍ക്കിടയില്‍ പ്രേഷിതനായിത്തീരാന്‍ അഭിലഷിച്ച അദ്ദേഹം 1924 ഒക്ടോബര്‍ 12-ന് പൗരോഹിത്യം സ്വീകരിച്ചു.

ആദ്യവര്‍ഷം ജേനൊവയിലെ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്ന ക്രെമൊണെസി തുടര്‍ന്ന് ബര്‍മ്മയിലെ, ഇന്നത്തെ മ്യന്മാറിലെ തൗവുങ്ങുങ്ങില്‍ പ്രേഷിതനായി. 1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മ്യന്മാറില്‍, വര്‍ഷങ്ങള്‍ നീണ്ട സായുധവിപ്ലവം പൊട്ടിപ്പുറപ്പെടുകയും ആ പ്രക്ഷോഭത്തിനിടയില്‍ 1953-ല്‍ സര്‍ക്കാര്‍ സൈന്യം ക്രെമൊണെസിയെ ക്രൂരമായി വധിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ