അൾത്താര വണക്കത്തിന് യോഗ്യരായ ഈ കറുത്തവർഗ്ഗക്കാരായ വിശുദ്ധരെ അറിയാം

ആഫ്രിക്കയിൽ നിന്നുള്ള ആളുകൾ സഭയിൽ എന്നും ബഹുമാനം നേടിയവരാണ്. വിശുദ്ധിയിലേയ്ക്കുള്ള പ്രയാണത്തിൽ നിറമോ സംസ്ക്കാരമോ ദേശീയതയോ ഒരു അളവുകോലല്ല എന്ന സന്ദേശമാണ് ആഫിക്കയിൽ നിന്നുള്ള വിശുദ്ധ ജീവിതങ്ങൾ ലോകത്തിനു പകരുന്നത്. വിശുദ്ധമായ ജീവിതം കൊണ്ടും അതിലേറെ പ്രതിസന്ധികളെ തരണം ചെയ്ത ആഴമായ ദൈവവിശ്വാസം കൊണ്ടും ലോകത്തിനു മുന്നിൽ മാതൃകയായി മാറിയ ആഫ്രിക്കൻ വംശജരായ വിശുദ്ധരെ നമുക്ക് പരിചയപ്പെടാം.

1. വി. മാർട്ടിൻ ഡി പോറസ്

കൈയ്യിൽ ഒരു ചൂലുമായി നിൽക്കുന്ന വി. മാർട്ടിന്റെ ചിത്രം വളരെ പ്രസിദ്ധമാണ്. ദൈവസന്നിധിയിൽ നിസ്വാർത്ഥമായി നൽകിയ എളിയസേവനത്തിന്റെ പ്രതീകമായിട്ടാണ് വിശുദ്ധന്റെ ഈ ചിത്രം കണക്കാക്കപ്പെടുന്നത്. ബാർബർമാരുടെയും പൊതു ആരോഗ്യപ്രവർത്തകരുടെയും വീട്ടുജോലിക്കാരുടെയും വർഗ്ഗീയസമത്വത്തിനായി പോരാടുന്നവരുടെയും പ്രത്യേക മദ്ധ്യസ്ഥനാണ്‌ വി. മാർട്ടിൻ.

1579 ഡിസംബർ 9, പെറുവിലെ ലിമയിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലം മുതൽ രോഗികളുടെയും പാവങ്ങളുടെയും സാധാരണക്കാരുടെയും കഷ്ടതകളെക്കുറിച്ച് അങ്ങേയറ്റം ആശങ്കാകുലനായിരുന്നു. മുടിവെട്ടൽ തൊഴിലായി സ്വീകരിച്ച ഇദ്ദേഹം പിന്നീട് വൈദ്യശാസ്ത്രത്തിൽ അറിവ് നേടുകയും പതിനഞ്ചാമത്തെ വയസ്സിൽ ലിമ നഗരത്തിലെ ഒരു ഡൊമിനിക്കൻ സന്യാസഭവനത്തിൽ നേഴ്സ് ആയി ജോലി ആരംഭിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ചികിത്സിക്കുന്ന എല്ലാവർക്കും രോഗശാന്തി ലഭിക്കുകയും അതിനുവേണ്ടി അദ്ദേഹം ദൈവസന്നിധിയിൽ വളരെ താഴ്മയോടെ പ്രാർത്ഥിക്കുകയും ചെയ്തുപോന്നു.

1639-ൽ അന്തരിച്ച അദ്ദേഹത്തെ 1962-ൽ വിശുദ്ധപദവിയിലേയ്ക്കുയർത്തി. ‘സാമൂഹ്യനീതിയുടെ രക്ഷാധികാരി’, ‘സമാധാനത്തിന്റെ സാർവ്വത്രിക രക്ഷാധികാരി’ എന്നീ നിലകളിൽ നാമകരണം ചെയ്യപ്പെട്ട വിശുദ്ധന്റെ തിരുനാൾ നവംബർ 3-നാണ്.

2. വി. ജോസഫൈൻ ബക്കീത്ത

“എന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അടിമക്കച്ചവടക്കാരെ ഞാൻ വീണ്ടും കണ്ടുമുട്ടിയാൽ അവരുടെ കൈകളിൽ ചുംബിക്കുവാൻ ഞാൻ മുട്ടുകുത്തും. കാരണം ഇത് ഞാൻ ചെയ്തില്ലെങ്കിൽ ഇപ്പോൾ ഞാൻ ക്രിസ്ത്യാനിയും മതവിശ്വാസിയും ആയിരിക്കില്ല” – അടിമത്വത്തിൽ അകപ്പെട്ട ആഫ്രിക്കൻ ജനതയുടെ ഐക്കൺ എന്ന് വിശേഷിപ്പിക്കുന്ന വി. ജോസഫൈൻ ബക്കീത്തയുടെ വാക്കുകളാണിത്.

സുഡാനിൽ ജനിച്ച വിശുദ്ധ ഒരു കാട്ടിൽ വച്ച് അടിമയായി പിടിക്കപ്പെട്ടു. അതിക്രൂരമായ പീഡനങ്ങൾ ഏറ്റുകൊണ്ട് അഞ്ചു യജമാനന്മാരുടെ കീഴിൽ അടിമവേല ചെയ്ത ബഖിതയ്ക്ക്, തന്റെ നാലാമത്തെ ഉടമയിൽ നിന്നും അസഹനീയമായ അപമാനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടിവന്നു. പിന്നീട് തന്റെ അഞ്ചാമത്തെ ഉടമയുടെ മകളുടെ ഒപ്പം തന്നെ വെനീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭയിൽ സന്യാസാർത്ഥിനി ആയി ചേർന്ന വിശുദ്ധ അവിടെ വച്ചാണ് തന്റെ അടിമത്വം സഹിക്കുവാൻ തന്നെ പ്രാപ്തയാക്കിയ ദൈവത്തെ കണ്ടുമുട്ടുന്നതും തിരിച്ചറിയുന്നതും. 1890 ജനുവരി 9-ന് ജ്ഞാനസ്നാനവും വിശുദ്ധ കുർബാനയും സ്വീകരിച്ചു. അതിനുശേഷം ജോസെഫിന മാർഗരീറ്റ അഫോർട്യൂണാണ്ട എന്ന പേര് സ്വീകരിച്ചു. അങ്ങനെ തന്റെ 38-ാം വയസ്സിൽ ,1893 ഡിസംബർ 7-ന് സന്യാസ സഭയിലെ അംഗമായി മാറി.

1947-ൽ ഇറ്റലിയിലെ ഷിയോയിൽ വച്ച് മരണപ്പെട്ട ഇവരെ 1992-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഫെബ്രുവരി 8-ന് ആണ് ബക്കീത്തയുടെ തിരുനാൾ ആഘോഷിക്കുന്നത്. 2000-ത്തിലാണ് ബാക്കീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

3. പലെർമോയിലെ വി. ബെനഡിക്ട്

ഉണ്ണിയേശുവിനെയും കൈകളിലേന്തി നിൽക്കുന്ന പലെർമോയിലെ വി. ബെനെഡിക്റ്റിനെ ആഫ്രിക്കൻ വിശ്വാസികൾ മാത്രമല്ല, അമേരിക്കയിലെ ന്യൂയോർക്ക് മുതൽ ലോകമെമ്പാടും വണങ്ങുന്നുണ്ട്.

ആഫ്രോ-അമേരിക്കൻ വംശജരുടെ പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങപ്പെടുന്ന വിശുദ്ധൻ സിസിലിയിലെ മെസ്സിനയിലാണ് ജനിച്ചത്. അടിമകളായിരുന്ന മാതാപിതാക്കളുടെ വിശ്വസ്തസേവനത്തിനു ബഹുമതിയായി അദ്ദേഹത്തിന്റെ ജനനത്തിനു മുൻപേ തന്നെ അവർ മോചിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഏതൊരു കറുത്തവർഗ്ഗക്കാരനായ അടിമയെയും പോലെ ബെനെഡിക്റ്റിനും പ്രാഥമിക വിദ്യാഭ്യാസം പോലും നേടുവാൻ സാധിച്ചില്ല. നിറത്തിന്റെ പ്രത്യേകത കൊണ്ട് ‘മൂർ’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ വംശം അറിയപ്പെട്ടിരുന്നത്.

വളർന്നതിനുശേഷം തന്റെ നിറത്തിന്റെ പേരിൽ പരസ്യമായി അപമാനിക്കപ്പെട്ട വി. ബെനഡിക്ട് , 21-ാം വയസ്സിൽ വി. ഫ്രാൻസിസ് അസീസ്സിയുടെ പാത പിന്തുടർന്ന് സന്യാസ സഭയിൽ അംഗമായെങ്കിലും വിദ്യാഭ്യാസം കുറവായതിനാൽ അവിടുത്തെ പാചകക്കാരനായും പിന്നീട് തുടക്കക്കാരായ വൈദികവിദ്യാർത്ഥികളുടെ തലവനുമായി മാറി. എങ്കിലും ജന്മനാ ലഭിച്ച കഴിവ് കൊണ്ട് ദൈവശാസ്ത്രത്തിലും മറ്റ് ആത്മീയകാര്യങ്ങളിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു.

പ്രാർത്ഥിച്ചുകൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തുവാനുള്ള ഇദ്ദേഹത്തിന്റെ പ്രത്യേകമായ കഴിവ് കേട്ടറിഞ്ഞ ധാരാളം ആളുകൾ അദ്ദേഹത്തെ സന്ദർശിക്കുവാൻ എത്തിച്ചേർന്നു. എങ്കിലും ലാളിത്യത്തെ അങ്ങേയറ്റം സ്നേഹിച്ച അദ്ദേഹം തന്റെ പാചകജോലിയിലേയ്ക്കു തന്നെ തിരികെ പ്രവേശിക്കുകയും ഭക്ഷണമില്ലാതെ വിഷമിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനായുള്ള കർമ്മപദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

1589-ലാണ് അദ്ദേഹം മരണപ്പെട്ടത്. 1807 മെയ് 24-ന് പിയൂസ് ആറാമൻ പാപ്പായാണ് അദ്ദേഹത്തെ വിശുദ്ധപദവിയിലേയ്‌ക്കുയർത്തിയത്. ഏപ്രിൽ നാലിനാണ് വിശുദ്ധന്റെ തിരുനാൾ.

4. വി. ചാൾസ് ലവാങ്കയും ഉഗാണ്ടയിലെ സഹ രക്തസാക്ഷികളും

“ദൈവത്തിനുവേണ്ടി ജീവൻ നൽകുന്ന ഒരു ക്രിസ്ത്യാനി മരിക്കുന്നതിന് ഭയപ്പെടുന്നില്ല” – 1885 നവംബർ 15-ന് മുവാങ്ക രാജാവിന്റെ നിയമവിചാരണ കോടതിയിലെ പരിചാരകനായി ജോലി ചെയ്തിരുന്ന 25-കാരനായ ജോസ് മകാസ, തന്റെ രക്തസാക്ഷിത്വത്തിനു മുൻപേ ധീരതയോടെ പറഞ്ഞ വാക്കുകളാണിത്.

200-ഓളം വിശ്വാസികളുടെ നേതാക്കളായ ലവാങ്കയും ജോസ് മകാസയും ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്തത്. തീയിൽ ചുട്ടെരിക്കപ്പെട്ടാണ് ജോസ് മകാസ മരണപ്പെട്ടത്. പിന്നീട് അതിനടുത്ത വർഷം തന്നെ ലവാങ്കയെ രാജാവിന്റെ ഭടൻമാർ ബന്ധനസ്ഥനാക്കുകയും ക്രിസ്തീയവിശ്വാസം ഉപേക്ഷിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ‘മരണമേ വിട’ എന്ന് പറഞ്ഞുകൊണ്ട് സധൈര്യം അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്. 1883 ജൂൺ മൂന്നാം തീയതി അവരുടെ സമൂഹത്തിലെ 12 പേരെ ജീവനോടെ ചുട്ടുകൊല്ലുകയും പത്തു പേരെ ശിരച്ഛേദം ചെയ്യുകയും ചെയ്തു. 1964 ഒക്ടോബർ 18-ന് 22 രക്തസാക്ഷികളെയും പോൾ ആറാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു.

5. വാഴ്ത്തപ്പെട്ട സിപ്രിയൻ മൈക്കിൾ ഇവാൻ താൻസ

1903-ൽ തെക്കൻ നൈജീരിയയിലെ ഇഗ്‌ബോസുനുവിലാണ് സിപ്രിയൻ മൈക്കിൾ ഇവാൻ താൻസി ജനിച്ചത്. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് 1925-ൽ ഇഗ്‌ബെറിയൻ സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം 1956-ൽ പുരോഹിതനായി. ജനങ്ങളോട് വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു സിപ്രിയൻ. വിവാഹബന്ധത്തിന്റെ പവിത്രതയെയും കുടുംബബന്ധങ്ങളിലെ വിശുദ്ധിയെയുമാണ് തന്റെ മിഷൻപ്രവർത്തനമായി അദ്ദേഹം ഏറ്റെടുത്തത്. യുവതികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പ്രത്യേകം ശ്രദ്ധ പതിപ്പിച്ച അദ്ദേഹം 1964-ൽ ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്നാണ് മരണമടഞ്ഞത്. 1992 മാർച്ച് 22-ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

6. ഷിമാൻഗഡ്സൊ സാമുവൽ ബെനഡിക്ട് ദസ്വാ

1946 ജൂൺ 16-ന് ത്സാനീൻ രൂപതയിലെ ലെംബാ ഗോത്രത്തിൽ ജനിച്ച ഷിമാൻഗഡ്സൊ, 1961 ഏപ്രിൽ 21-ന് 16 വയസ്സുള്ളപ്പോൾ ബെനഡിക്ട് എന്ന പേരിൽ മാമ്മോദീസാ സ്വീകരിക്കപ്പെട്ടു. ന്വേലി ഗ്രാമത്തിലെ ഒരു എലിമെന്ററി സ്കൂളിലെ മേധാവി ആയിരുന്ന അദ്ദേഹം മികച്ച കാത്തോലിക്ക വിശ്വാസിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്തു. ഗ്രാമത്തിലെ ഒരു കൊടുങ്കാറ്റിനു കാരണം തേടി മന്ത്രവാദിനിയുടെ സഹായം തേടുവാനായി പണം ചോദിച്ച ഗ്രാമ മൂപ്പന്മാർക്ക് സഹായം നിഷേധിച്ചതിന്റെ പേരിൽ 1990 ഫെബ്രുവരി രണ്ടാം തീയതി അക്രമികൾ ഇദ്ദേഹത്തെ അപായപ്പടുത്തുവാൻ ശ്രമിച്ചു. തന്റെ മുൻപിൽ അഭയം തേടിയ ഒരു സ്ത്രീയെ രക്ഷിക്കുന്നതിനായി ഇദ്ദേഹം സ്വന്തം ജീവൻ വെടിയുകയാണുണ്ടായത്.

2015 സെപ്റ്റംബർ 13-ന് ഫ്രാൻസിസ് പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആദ്യത്തെ വാഴ്ത്തപ്പെട്ടവനാണ് ഷിമാൻഗഡ്സൊ സാമുവൽ ബെനഡിക്ട് ദസ്വാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.