കറുത്ത നസ്രായന്‍ – മനിലയിലെ അത്ഭുത യേശു രൂപം

ഫിലിപ്പീന്‍സിലെ മനിലയില്‍ ക്വിയാപ്പോ ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന കുരിശേന്തിയ ക്രിസ്തുവിന്റെ തടി ശില്പമാണ് കറുത്ത നസ്രായന്‍ എന്ന് അറിയപ്പെടുന്നത്. ഒരു കാല്‍മുട്ട് നിലത്ത് കുത്തി അല്‍പം കുനിഞ്ഞ് നില്‍ക്കുന്ന ഈ ശില്‍പ്പം ക്രിസ്തുവിന്റെ പീഡാസഹനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കറുത്ത നിറമായതിനാലാണ് ഈ ശില്‍പ്പത്തെ കറുത്ത നസ്രായന്‍ എന്ന് വിളിക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി നിലകൊള്ളുന്ന ഈ ശില്‍പത്തിന് ശക്തമായ അത്ഭുതപ്രവര്‍ത്തനശക്തിയുള്ളതായി ഫിലിപ്പീനിയന്‍ ജനത വിശ്വസിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിലാണ് ഈ ശില്‍പ്പം മനിലയിലെത്തുന്നത്, മനില അതിരൂപതയില്‍ ക്വിയാപ്പോ ദേവാലയത്തിലാണ് ഈ ക്രിസ്തു ശില്‍പം സ്ഥിതി ചെയ്യുന്നു. രണ്ടുതവണ അതിഭയങ്കരമായ തീപ്പിടുത്തത്തെയും ഭൂകമ്പത്തെയും അതിജീവിച്ചതാണ് കറുത്ത നസ്രായോന്‍ എന്ന ഈ ശില്‍പ്പം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് അനവധി തവണ ബോംബാക്രമണങ്ങള്‍ക്കും തകര്‍ക്കലിനും ഈ ശില്‍പ്പവും ദേവാലയവും സാക്ഷിയിട്ടുണ്ട്. ഈ ആഘാതങ്ങളെയെല്ലാം അതിജീവിച്ച് നിലകൊള്ളുന്നതിനാല്‍ വിശ്വാസ സമൂഹത്തിന് ഈ ക്രിസ്തു ശില്‍പ്പം എന്നും അത്ഭുതത്തിന്റെ ഉറവിടമാണ്. അതുപോലെതന്നെ ജനത്തിന് ഈ രൂപം പ്രത്യാശയും പ്രദാനം ചെയ്യുന്നു.

അനേകം ഭക്തര്‍ക്ക് രോഗശാന്തിയുടെ ഉറവിടം കൂടിയാകുന്നു ഈ ദേവാലയം. രാവിലെ മുതല്‍ ആരംഭിക്കുന്ന വിശ്വാസികളുടെ തിരക്ക് വൈകുന്നരമാണ് അവസാനിക്കുന്നത്. ഇടവിട്ടുള്ള വിശുദ്ധ കുര്‍ബാനയും രോഗശാന്തി പ്രാര്‍ത്ഥനകളും ഇവിടെ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നു. രാത്രിയില്‍ ഭവന രഹിതരായവര്‍ക്ക് തല ചായ്ക്കാനുള്ള ഇടം കൂടി ഈ ദേവാലയം നല്‍കുന്നുണ്ട്. പിറ്റേന്ന് രാവിലെ ദേവാലയം തുറന്ന് വൃത്തിയാക്കിയതിന് ശേഷം തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കും.

ഫിലിപ്പീന്‍സിലെ ക്രൈസ്തവ വിശ്വാസികളുടെ ഉറപ്പുള്ള ഭക്തിയുടെ അടിസ്ഥാനം ഈ ദേവാലയവും അവിടുത്തെ ‘കറുത്ത നസ്രായന്‍’ എന്ന ക്രിസ്തു ശില്‍പ്പവുമാണെന്ന് ഇന്നസെന്റ് പത്താമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. അനവധി അത്ഭുതങ്ങള്‍ നടന്നിട്ടുളള ദേവാലയമാണ് മനിലയിലെ ക്വിയാപ്പോ ദോവാലയം. ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും ഊട്ടിയുറപ്പിക്കാന്‍ ഈ ക്രിസ്തു ശില്‍പ്പത്തിന് സാധിച്ചിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍  രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ ദേവാലയത്തെ മെനര്‍ ബസലിക്കയാക്കി ഉയര്‍ത്തിയത്.

കറുത്ത നസ്രായന്റെ ചരിത്രം

1606-ല്‍ മെക്‌സിക്കോയില്‍ നിന്നും ഒരുകൂട്ടം അഗസ്റ്റീനിയന്‍ മിഷണറിമാര്‍ മനിലയിലെത്തി. ഒരു കാല്‍മുട്ട് നിലത്ത് കുത്തി, ഭാരമേറിയ കുരിശും വഹിച്ച് നില്‍ക്കുന്ന ക്രിസ്തുവിന്റെ ഒരു കറുത്ത ശില്‍പ്പം അവരുടെ കയ്യിലുണ്ടായിരുന്നു. ഈ ശില്‍പ്പം ആദ്യം പ്രതിഷ്ഠിച്ചത് ലുണേറ്റായിലെ വിശുദ്ധ യോഹന്നാന്റെ നാമത്തിലുള്ള ദേവാലയത്തിലായിരുന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തൊട്ടടുത്തുള്ള ഒരു വലിയ ദേവാലയത്തിലേക്ക് മാറ്റി. ഒരു നൂറ്റാണ്ടിന് ശേഷം 1707-ല്‍ ക്വിയാപ്പോ ദേവാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. 2006 -ലാണ് ഈ കറുത്ത ക്രിസ്തു ശില്‍പ്പം മനിലയിലെത്തിയതിന്റെ 400-ാം വാര്‍ഷികം ആഘോഷിച്ചത്.

ഈ ക്രിസ്തു ശില്‍പ്പത്തെ ആത്മീയ മൂലധനമായിട്ടാണ് മനിലയിലെ ക്രൈസ്തവ വിശ്വാസികള്‍ കാണുന്നത്. ദിവസേനയുളള ദിവ്യബലി കൂടാതെ വെളളിയാഴ്ചകളില്‍ പ്രത്യേക ബലിയര്‍പ്പണവും ഇവിടെ നടത്തി വരുന്നു. യാതൊരു അസഹിഷ്ണുതയുമില്ലാതെ ഏഴ് മണിക്കൂര്‍ വരെ വരിയില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ നസ്രായന്റെ അടുത്തെത്തി അനുഗ്രഹത്തോടെ മടങ്ങുന്നത്.

മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ് ഫിലിപ്പീന്‍ വിശ്വാസ ജനത എന്ന് മോണ്‍സിഞ്ഞോര്‍ ഇഗ്നേസിയോ പറയുന്നു. ജനുവരി 9-നാണ് ക്വിയാപ്പോ ദേവാലയം കറുത്ത ക്രിസ്തുവിന്റ ഓര്‍മ്മത്തിരുനാള്‍ ആഘോഷിക്കുന്നത്. ഇതേ ദിവസം നടക്കുന്ന പ്രദക്ഷിണത്തില്‍ കറുത്ത നസ്രായന്‍ എന്ന ക്രിസ്തുരൂപം എഴുന്നള്ളിക്കുന്നു. പതിനെട്ട് മില്യണ്‍ ജനങ്ങള്‍ ഈ വര്‍ഷം പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് കരുതപ്പെടുന്നു. പ്രദക്ഷിണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഇതില്‍ പങ്കെടുക്കുന്നവരെല്ലാം നഗ്നപാദരായിരിക്കും എന്നാണ്.

ക്രിസ്തുവിന്റെ കാല്‍വരി യാത്രയാണ് ഈ പ്രദക്ഷിണത്തില്‍ അനുസ്മരിക്കപ്പെടുന്നത്. ലുണേറ്റയില്‍ നിന്ന് ക്വിയാപ്പോ ദേവാലയത്തിലേക്ക് ശില്‍പ്പം മാറ്റിയ ദിവസത്തെയാണ് തിരുനാള്‍ ദിനമായി ആചരിക്കുന്നത്. നാല് മൈല്‍ ദൂരത്തോളം പ്രദക്ഷിണം സഞ്ചരിക്കുന്നു. ഏഴു മണിക്കൂര്‍ നേരത്തെ ആത്മീയ അനുഭവത്തിന് ശേഷമാണ് വിശ്വാസികള്‍ തിരികെ ദേവാലയത്തിലെത്തുന്നത്. ക്രിസ്തു രൂപത്തെ സ്പര്‍ശിക്കാന്‍ ഇരമ്പുന്ന ജനക്കൂട്ടത്തെയാണ് അവിടെ കാണാന്‍ സാധിക്കുക. ചിലര്‍തങ്ങളുടെ വസ്ത്രം രൂപത്തിന് നേര്‍ക്ക് എറിയും. അതിന് ശേഷം അത് തിരികെയെടുക്കും. ഈ ദേവാലയം നല്‍കുന്ന ആത്മീയ സൗഖ്യം തേടി ദിനംപ്രതി എത്തുന്ന വിശ്വാസികള്‍ സന്തോഷത്തോടെയാണ് മടങ്ങുന്നതെന്ന് മോണ്‍സിഞ്ഞോര്‍ ഇഗ്നേസിയോ പറയുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ എത്തുന്ന തീര്‍ത്ഥാടകരുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.